- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവൾ എന്നെ അവഗണിച്ചു, ഒരു പശ്ചാത്താപവുമില്ല'; ഡൽഹി അരുംകൊലയിൽ പ്രതിയുടെ കുറ്റസമ്മത മൊഴി; 22 തവണ പെൺകുട്ടിയെ കുത്തിയ പ്രതി തലയിൽ കല്ലുകൊണ്ടിടിച്ച് മരണം ഉറപ്പാക്കി; സാഹിൽ സാക്ഷി ദീക്ഷിതിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി
ന്യൂഡൽഹി: ഡൽഹി രോഹിണിയിൽ പതിനാറുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു പശ്ചാത്താപവും ഇല്ലെന്ന് പ്രതി സാഹിൽ. പെൺകുട്ടി അവഗണിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി ചോദ്യം ചെയ്യലിൽ പൊലീസിനോട് വ്യക്തമാക്കിയത്. അവൾ എന്നെ അവഗണിച്ചു, ഒരു പശ്ചാത്താപവുമില്ല. സാഹിൽ പറഞ്ഞു. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ നിന്നാണ് 20 കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകീട്ടാണ് ഡൽഹിയെ നടുക്കിയ അരുംകൊല നടന്നത്. ഡൽഹി രോഹിണിയിലെ വഴിയിൽ വെച്ച് സുഹൃത്തിന്റെ മകന്റെ പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാൻ പോയ സാക്ഷി ദീക്ഷിത് എന്ന പെൺകുട്ടിയെയാണ് സാഹിൽ കുത്തിക്കൊലപ്പെടുത്തിയത്. 22 തവണയാണ് പ്രതി പെൺകുട്ടിയെ കുത്തിയത്. നിലത്തു വീണ പെൺകുട്ടിയുടെ തലയിൽ കല്ലുകൊണ്ടിടിച്ച് മരണം ഉറപ്പാക്കി.
ആളുകൾ നോക്കിനിൽക്കെയായിരുന്നു ക്രൂരകൊലപാതകം നടന്നത്. എസി റിപ്പയറിങ്ങ് ജോലി ചെയ്തുവരികയായിരുന്നു പ്രതി സാഹിൽ. പെൺകുട്ടിയുമായി പ്രതി മൂന്നുവർഷമായി അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും, ബന്ധം അവസാനിപ്പിക്കാമെന്ന് പെൺകുട്ടി അറിയിക്കുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
ബന്ധം പിരിയാമെന്ന പെൺകുട്ടിയുടെ തീരുമാനം സാഹിലിന് അംഗീകരിക്കാനായില്ല. വീണ്ടും അടുത്തെത്തിയ സാഹിലിനെ കളിത്തോക്ക് ചൂണ്ടി പെൺകുട്ടി വിരട്ടിയോടിച്ചു. പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു. നിരന്തരം തന്നെ അവഗണിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നും സാഹിൽ പൊലീസിനോട് വ്യക്തമാക്കി.
കൊലപാതകത്തിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ബുലന്ദ്ശഹറിലെ ബന്ധുവിട്ടിലേക്ക് മുങ്ങുകയായിരുന്നു. ബസിലാണ് പോയത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി വഴിയിൽ ഉപേക്ഷിച്ചതായും സാഹിൽ പൊലീസിനെ അറിയിച്ചു. പാറക്കല്ലുകൊണ്ടുള്ള ഇടിയെത്തുടർന്ന് പെൺകുട്ടിയുടെ ശിരസ് പൂർണമായി തകർന്നുപോയിരുന്നു. ക്രൂരമായ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.




