- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രദ്ധയുടെ മൃതദേഹം 35 കഷ്ണമായി മുറിച്ചുമാറ്റാൻ ഗൂഗിളിൽ ശരീര ശാസ്ത്രവും രക്തക്കറ നീക്കലും ഗവേഷണം; ഷെഫായി ജോലി ചെയ്ത പരിചയത്തിൽ ഇറച്ചി മുറിക്കാനും വിദഗ്ധൻ; കൊലപാതകത്തിന് ശേഷവും അഫ്തബ് ഉറങ്ങിയത് അതേമുറിയിൽ; ഡൽഹിയിലെ അരുംകൊലയുടെ കൂടുതൽ വിവരങ്ങൾ
ന്യൂഡൽഹി: ലിവ് ഇൻ ടുഗതെർ പങ്കാളിയെ കൊന്നു 35 കഷ്ണമാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച യുവാവിന്റെ ക്രൂരത തലസ്ഥാനത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. അഞ്ചുമാസം മുമ്പ് നടന്ന കൊലപാതകം ഇപ്പോഴാണ് പൊന്തി വന്നത്. വിവാഹത്തിന് നിർബന്ധിച്ച പങ്കാളിയായ ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ അഫ്തബ് അമീൻ പൂണെവാല, അതിന് ശേഷം എങ്ങനെ രക്തം വൃത്തിയാക്കാം, കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാം എന്ന ഗവേഷണത്തിലായിരുന്നു. ഇതിന് വേണ്ടി മനുഷ്യശരീരത്തെ കുറിച്ചും, രക്തം വൃത്തിയാക്കുന്നത് എങ്ങനെ എന്നുമെല്ലാം ഇയാൾ ഗൂഗിളിൽ പഠിച്ചു.
മെയ് 18 ന് ശ്രദ്ധയെ വകവരുത്തിയ ശേഷം ശരീരം എങ്ങനെ മറവുചെയ്യാമെന്ന് ആലോചിച്ചു. ശരീരം മുറിച്ചുനീക്കുന്നതിന് വേണ്ടിയാണ് താൻ ശരീര ശാസ്ത്രം പഠിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇയാളുടെ മൊബൈൽ അടക്കം ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ എല്ലാം അന്വേഷണ സംഘം പിടിച്ചെടുത്തു.
ഇരുവരും ഒരു ഡേറ്റിങ് സൈറ്റ് വഴിയാണ് പരിചയപ്പെട്ടത്. ഛത്തർപൂരിലെ വാടക അപ്പാർട്ട്‌മെന്റിലായിരുന്നു താമസം. നവംബർ 10 നാണ് ശ്രദ്ധയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഗൂഗിളിൽ തിരഞ്ഞ ശേഷം അഫ്തബ്, രക്തം തളം കെട്ടി കിടന്ന തറ ചില രാസ വസ്തുക്കൾ ഉപയോഗിച്ച് വൃത്തിയാക്കി. രക്തം പുരണ്ട വസ്ത്രങ്ങൾ സുരക്ഷിതമായി ഉപേക്ഷിച്ചു. മൃതദേഹം ബാത്‌റൂമിലേക്ക് മാറ്റിയ ശേഷം സമീപത്തെ കടയിൽ നിന്ന് 300 ലിറ്ററിന്റെ ഫ്രിഡ്ജ് വാങ്ങി. പിന്നീട് മൃതദേഹം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു.
മുംബൈയിലെ ഒരു കോൾ സെന്ററിൽ വച്ചാണ് 27 കാരിയായ ശ്രദ്ധ വാൽക്കറെ അഫ്തബ് നേരിൽ കാണുന്നത്. ഒരു ഡേറ്റിങ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. മൂന്നുവർഷത്തോളം ലിവ് ഇൻ റിലേഷൻഷിപ്പിൽ കഴിഞ്ഞ ശേഷം ഡൽഹിയിലേക്ക് മാറി. വ്യത്യസ്ത മതക്കാരായിരുന്നതിനാൽ ശ്രദ്ധയുടെ മാതാപിതാക്കൾക്ക് ഇരുവരുടെയും ബന്ധത്തിൽ എതിർപ്പായിരുന്നു. ഡൽഹിയിൽ എത്തിയ ശേഷമാണ് ശ്രദ്ധ വിവാഹത്തിനായി സമ്മർദ്ദം ചെലുത്തി തുടങ്ങിയത്. പലപ്പോഴും ഇതിന്റെ പേരിലെ തർക്കങ്ങൾ പരിധി വിട്ടിരുന്നു. മെയ് 18 ന് നിയന്ത്രണം വിട്ട അഫ്താബ് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
.
ശ്രദ്ധയുടെ മൃതദേഹം മുറിച്ചുമാറ്റിയ അതേ മുറിയിൽ തന്നെയാണ് അഫ്തബ് എല്ലാ ദിവസവും കിടന്നുറങ്ങിയിരുന്നത്. മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ച ശേഷം ഫ്രിഡ്ജും ഇയാൾ നന്നായി വൃത്തിയാക്കിയെടുത്തു. മൃതദേഹം ഫ്രിഡ്ജിൽ ഉണ്ടായിരുന്ന സമയത്ത്, അപ്പാർട്ട്‌മെന്റിലെ ദുർഗന്ധം അകറ്റാൻ അഗർബത്തി സദാ പുകച്ചുകൊണ്ടിരുന്നു. അഞ്ചുമാസം മുമ്പ് നടന്ന കൊലപാതകം, പിതാവ് തലസ്ഥാനത്ത് എത്തി, മകളെ കാണാനില്ലെന്ന് പരാതി നൽകിയതോടെയാണ് പുറത്തുവന്നത്.
കൊലയ്ക്ക് ശേഷം അടുത്ത 18 ദിവസവും മൃതശരീരത്തിന്റെ ഓരോ അവശിഷ്ടവുമായി പുലർച്ചെ രണ്ടുമണിക്കാണ് ഇയാൾ പുറത്തിറങ്ങുക. എല്ലാവരും നല്ല ഉറക്കം പിടിക്കുന്ന സമയം. മെഹ്്‌റ്രോളി കാട്ടിലാണ് മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ചത്. അഫ്തബിന് കൊലപാതകത്തിന് മാത്രമല്ല, കൊല മറയ്ക്കാനും പ്രചോദനമായത്. അമേരിക്കൻ ക്രൈം ത്രില്ലർ ഷോയായ ഡെക്‌സ്റ്റർ ആണ്.
ഈ ഷോയിൽ നായകൻ ഒരു ഫോറൻസിക് വിദഗ്ധനാണ്. സീരിയൽ കില്ലറിന്റെ സമാന്തര ജീവിതവും. അഫ്താബാകട്ടെ ഷെഫായി പരിശീലനം കിട്ടിയ ആളാണ്. അതുകൊണ്ട് തന്നെ ഇറച്ചി മുറിക്കുന്നതിൽ വിദഗ്ധനാണെന്ന് പൊലീസ് പറയുന്നു.
ശ്രദ്ധയുടെ ഒരു കൂട്ടുകാരി മാതാപിതാക്കളെ ഫോണിൽ വിളിച്ച് അവളുടെ ഫോൺ ആഴ്ചകളോളമായി സ്വിച്ച് ഓഫ് ആണെന്ന് അറിയിച്ചതോടെയാണ് മുംബൈയിലെ വസായിയിൽ നിന്ന് പിതാവ് ഡൽഹിയിലെത്തിയത്. ഏറെ നാളായി യുവതിയും മാതാപിതാക്കളും തമ്മിൽ ഫോണിൽ പോലും സംസാരിച്ചിരുന്നില്ല. പിതാവ് നവംബർ എട്ടിന് ഡൽഹിയിൽ മകളെ കാണാൻ ഇവരുടെ ഫ്‌ളാറ്റിൽ എത്തി. എന്നാൽ ഫ്ളാറ്റ് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ മകളെ കാണാനില്ലെന്ന ചൂണ്ടിക്കാട്ടി അദ്ദേഹം നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ചയോടെ കൊലപാതക വിവരം പുറത്തുവരുന്നത്. ഇതേ തുടർന്ന് പൊലീസ് അഫ്താബ് അഹമ്മദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മെയ് 18-നാണ് സംഭവം നടന്നത്. വിവാഹം കഴിക്കണമെന്ന് ശ്രദ്ധ സ്ഥിരമായി ആവശ്യപ്പെട്ടിരുന്നതായും ഇതേച്ചൊല്ലി വഴക്ക് പതിവായിരുന്നെന്നും അഫ്താബ് പൊലീസിന് മൊഴി നൽകി.തുടർന്ന് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും ഇയാൾ സമ്മതിച്ചു.
കൊലപാതകത്തിന് കേസെടുത്ത പൊലീസ് അഫ്താബിനെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. മൃതദേഹത്തിന്റെ ചില അവശിഷ്ടങ്ങൾ കാട്ടിൽ നിന്നും കണ്ടെടുത്തു. എന്നാൽ, അവ മനുഷ്യശരീരാവശിഷ്ടങ്ങൾ ആണോയെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രതി ഉപയോഗിച്ച കത്തിയും കണ്ടെടുത്തിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ