- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡല്‍ഹി സ്ഫോടനത്തിന് ഉപയോഗിച്ചത് സൈന്യം ഉപയോഗിക്കുന്ന തരം സ്ഫോടക വസ്തുവോ? സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായ് ഐ 20 കാര്‍ അല്‍-ഫലാഹ് മെഡിക്കല്‍ കോളജ് കാമ്പസില്‍ പാര്‍ക്ക് ചെയ്തത് 11 ദിവസം; കോളേജിന് സമീപത്തെ പള്ളിയിലെ ശ്രീനഗര്‍ സ്വദേശിയായ പുരോഹിതനും കസ്റ്റഡിയില്‍
ഡല്‍ഹി സ്ഫോടനത്തിന് ഉപയോഗിച്ചത് സൈന്യം ഉപയോഗിക്കുന്ന തരം സ്ഫോടക വസ്തുവോ?
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം 10 പേരുടെ മരണത്തിനിടയാക്കിയ ശക്തമായ സ്ഫോടനത്തില്‍ സൈന്യം ഉപയോഗിക്കുന്ന തരം സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം. സ്ഫോടനത്തിന്റെ ഉയര്‍ന്ന തീവ്രതയും ആഘാത രീതിയും കണക്കിലെടുത്താണ് ഇത്തരമൊരു സംശയം ഉയരുന്നത്. സൈന്യം ഉപയോഗിക്കുന്ന തരം സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കാനുള്ള സാധ്യത സംശയിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
തിങ്കളാഴ്ച സ്ഫോടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് പിടിയിലായ ഫരീദാബാദ് ഭീകരസംഘവുമായി ബന്ധമുള്ള ഡോക്ടറും ചാവേര്‍ ബോംബറുമായ ഉമര്‍ നബി ആണ് ആക്രമണം നടത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. റെയ്ഡില്‍, അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെ ഏകദേശം 2,900 കിലോഗ്രാം ബോംബ് നിര്‍മ്മാണ വസ്തുക്കള്‍ അധികൃതര്‍ കണ്ടെടുത്തിരുന്നു. അതിനിടെ ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തില്‍ എന്‍ഐഎ അന്വേഷണം ഊര്‍ജ്ജിതമാക്കി.
അതേസമയം, സ്‌ഫോടനം നടന്നത് അബദ്ധത്തിലാണെന്ന സംശയം ബലപ്പെടുകയാണ്. സ്‌ഫോടക വസ്തുക്കള്‍ എവിടേക്കോ മാറ്റാന്‍ നോക്കുമ്പോള്‍ സ്‌ഫോടനം നടന്നു എന്നാണ് അനുമാനം. ഉമറും മുസമീലും നേരത്തെ റെഡ്‌ഫോര്‍ട്ട് പരിസരത്ത് എത്തിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ സ്‌ഫോടനം നടത്താനും സംഘം പദ്ധതിയിട്ടിരുന്നു. സ്‌ഫോടനം നടന്ന ദിവസം ദില്ലി മയൂര്‍ വിഹാറിലും ഉമറിന്റെ വാഹനം എത്തിയെന്നും പൊലീസ് പറയുന്നു.
സ്‌ഫോടനത്തില്‍ സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം ഉയരുന്നുണ്ട്. അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. എന്നാല്‍ മറ്റു പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിട്ടൂണ്ടോ എന്നത് പരിശോധന കഴിഞ്ഞേ വ്യക്തമാകൂ. സ്‌ഫോടനം നടത്തിയ ഉമര്‍ പതിനൊന്ന് മണിക്കൂര്‍ ദില്ലിയിലുണ്ടായിരുന്നു. കൊണാട്ട് പ്ലേസിലും ഇയാള്‍ പോയെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഫരീദാബാദിലെ അറസ്റ്റുകള്‍ അറിഞ്ഞ ഇയാള്‍ പരിഭ്രാന്തിയിലായെന്നും ഇല്ലെങ്കില്‍ ഇതിലും വലിയ ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം ഫരീദാബാദ്, സഹറന്‍പുര്‍ എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റിലായ ഡോക്ടര്‍മാരായ ആദില്‍, മുസ്മീല്‍, ഷഹീനാ എന്നിവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യും. ആക്രമണത്തില്‍ പാക് ഭീകര സംഘടന ആയ ജയ്ഷെ മുഹമ്മദിന്റെ പങ്ക് സംശയിക്കുമ്പോഴും ഇതുവരെയും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
സ്ഫോടനത്തിന് ഉപയോഗിച്ച വെളുത്ത ഹ്യുണ്ടായ് ഐ 20 കാര്‍ ഹരിയാനയിലെ ഫരീദാബാദിലെ അല്‍-ഫലാഹ് മെഡിക്കല്‍ കോളജ് കാമ്പസിനുള്ളില്‍ ഏകദേശം 11 ദിവസത്തോളം പാര്‍ക്ക് ചെയ്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ആക്രമണത്തിന്റെ ദിവസം രാവിലെ ചാവേര്‍ ബോംബര്‍ എന്ന് സംശയിക്കപ്പെടുന്ന ഡോ. ഉമര്‍ നബി പരിഭ്രാന്തി കാരണം കോളജ് കാമ്പസില്‍ നിന്ന് കാര്‍ പുറത്തേയ്ക്ക് ഓടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്നായിരുന്നു സ്ഫോടനം.
ഡോ. ഉമര്‍ നബി ഒക്ടോബര്‍ 29 ന് ഫരീദാബാദില്‍ നിന്നുള്ള കാര്‍ ഡീലറായ സോനുവില്‍ നിന്നാണ് കാര്‍ വാങ്ങിയത്. അതേ ദിവസം തന്നെ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റിനായി കാര്‍ പുറത്തെടുത്തു. സോനുവിന്റെ ഓഫീസായ റോയല്‍ കാര്‍ സോണിന് സമീപമുള്ള പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ (പിയുസി) ബൂത്തിന് സമീപം പാര്‍ക്ക് ചെയ്തിരിക്കുന്ന HR 26CE7674 എന്ന നമ്പര്‍ പ്ലേറ്റുള്ള കാര്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അവിടെ നിന്ന് നബി കാര്‍ അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. വന്‍തോതിലുള്ള സ്ഫോടകവസ്തുക്കള്‍ പിടികൂടിയ കേസില്‍ തിങ്കളാഴ്ച അറസ്റ്റിലായ ഡോ. മുജാമില്‍ ഷക്കീലിന്റെ സ്വിഫ്റ്റ് ഡിസയറിന്റെ അടുത്ത് പാര്‍ക്ക് ചെയ്തു. ഡോ. ഷക്കീലിന്റെ കാര്‍ ഡോ. ഷഹീന്‍ സയീദിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഷഹീന്‍ സയീദിന്റെ കാറില്‍ നിന്നാണ് റൈഫിളുകളും വെടിക്കോപ്പുകളും കണ്ടെടുത്തത്.
ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 10 വരെ കാര്‍ അവിടെ പാര്‍ക്ക് ചെയ്തിരുന്നതായാണ് കണ്ടെത്തല്‍. ഉമര്‍ നബിയുടെ അടുത്ത സഹായികളായ ഡോ. മുജാമില്‍ ഷക്കീല്‍, ഡോ. അദീല്‍ അഹമ്മദ് റാത്തര്‍ എന്നിവരെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് നബി പരിഭ്രാന്തനാകുന്നതുവരെ കാര്‍ അവിടെ പാര്‍ക്ക് ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് വാഹനം കൊണാട്ട് പ്ലേസിലും മയൂര്‍ വിഹാറിലും കാണുകയും തുടര്‍ന്ന് ചാന്ദ്‌നി ചൗക്കിലെ സുനേരി മസ്ജിദ് പാര്‍ക്കിങ് സ്ഥലത്ത് പാര്‍ക്ക് ചെയ്യുകയും ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വ്വകലാശാലയില്‍ പരിശോധനകള്‍ തുടരുന്നതായി പൊലീസ് അറിയിച്ചു. ഇവിടുത്തെ പള്ളിയിലെ പുരോഹിതനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനഗര്‍ സ്വദേശി മുഹമ്മദ് ഇഷ്താഖാണ് കസ്റ്റഡിയിലായത്. സര്‍വകലാശാലയിലെ 70 പേരെ ചോദ്യം ചെയ്തതായും സര്‍വ്വകലാശാലയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായും പൊലീസ് അറിയിച്ചു. ചെങ്കോട്ടയ്ക്ക് സമീപത്തെ സ്‌ഫോടനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി എന്‍ഐഎ. കഴിഞ്ഞ ദിവസം ഫരീദാബാദ്, സഹറന്‍പുര്‍ എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റിലായ ഡോക്ടര്‍മാരായ ആദില്‍, മുസ്മീല്‍, ഷഹീനാ എന്നിവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യും.




