ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ ഫോണ്‍ കവര്‍ച്ച ചെയ്യാന്‍ ഭാര്യയുടെ 'ക്വട്ടേഷന്‍'. കാമുകനുമായുള്ള സ്വകാര്യചിത്രങ്ങള്‍ ഭര്‍ത്താവിന്റെ ഫോണില്‍നിന്ന് നീക്കം ചെയ്യാനാണ് ഭാര്യ രണ്ടംഗ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത്. തെക്കന്‍ ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിലാണ് സംഭവം. ജൂണ്‍ 19ന് നടന്ന സംഭവത്തില്‍ അങ്കിത് ഗഹ്ലോട്ട് (27) എന്ന പ്രതി അറസ്റ്റിലായതോടെയാണ് കവര്‍ച്ച നാടകം പുറത്തുവന്നത്.

ചിത്രങ്ങള്‍ ഭര്‍ത്താവിന്റെ ഫോണില്‍ നിന്ന് നീക്കം ചെയ്യുന്നതിനായി യുവതി രണ്ടുപേരുടെ സഹായം തേടുകയായിരുന്നു. ഭര്‍ത്താവിന്റെ പരാതിയില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടാമന്‍ ഒളിവിലാണ്. യുവതിക്കെതിരെയും കേസെടുത്തു.

യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഭര്‍ത്താവിന്റെ ഫോണില്‍ ഈ ചിത്രങ്ങള്‍ ഉണ്ടായിരുന്നത് നശിപ്പിക്കാനാണ് കവര്‍ച്ച ആസൂത്രണം ചെയ്തന്നു ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (സൗത്ത്) അങ്കിത് ചൗഹാന്‍ പറഞ്ഞു. ഭര്‍ത്താവ് ദിവസവും സഞ്ചരിക്കുന്ന വഴിയും ജോലി സമയവും യുവതി രണ്ടുപേരോടും വെളിപ്പെടുത്തി. ഇവര്‍ സ്‌കൂട്ടറിലെത്തി ഫോണ്‍ തട്ടിയെടുത്തു. സ്‌കൂട്ടറില്‍ വന്ന മുഖംമൂടിയണിഞ്ഞ ആളുകള്‍ ഫോണ്‍ തട്ടിയെടുത്തെന്ന് ഭര്‍ത്താവ് പൊലീസിനു പരാതി നല്‍കി.

സ്‌കൂട്ടറിന്റെ റജിസ്‌ട്രേഷന്‍ നമ്പര്‍ സിസിടിവിയില്‍നിന്നും തിരിച്ചറിഞ്ഞ പൊലീസ്, ഒരു ദിവസത്തേക്ക് ദരിയാഗഞ്ചില്‍ നിന്ന് സ്‌കൂട്ടര്‍ വാടകയ്ക്ക് എടുത്തതാണെന്ന് കണ്ടെത്തി. വാടക രേഖകളും ആധാര്‍ വിവരങ്ങളും ഉപയോഗിച്ച് രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ബലോത്രയില്‍ നിന്നാണ് ഒരു പ്രതിയെ കണ്ടെത്തിയത്. ഒളിവില്‍ പോയ ആളെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.