- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കോഴിക്കോട്ട് പിതാവിന്റെ ജീവനെടുത്തതിൽ വില്ലൻ ലഹരി
കോഴിക്കോട്: കോഴിക്കോട്ട് പിതാവിനെ ക്രൂരമായി കെട്ടിയിട്ട് മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ വില്ലനായത് ലഹരി. കൊല്ലപ്പെട്ട എകരൂൽ നീരിറ്റി പറമ്പിൽ ദേവദാസും(61) പ്രതിയായ മകൻ അക്ഷയ് ദേവും (28) ലഹരിക്ക് അടിമകളാണ്. ഇരുവരും ഒരുമിച്ചിരുന്നാണ് മദ്യപാനം. ഇങ്ങനെ മദ്യപാനം പതിവാക്കിയിരിക്കവേയാണ് തർക്കമുണ്ടായി അക്ഷയ് ദേവ് പിതാവിനെ ക്രൂരമായി മർദ്ദിച്ചത്. ദേഹമാസകലം പരിക്കേറ്റ് ദേവദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊലപാതകത്തിൽ അക്ഷയ് ദേവിനെ ബാലുശ്ശേരി സിഐ. മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴോടെയാണ് പരിക്കേറ്റ നിലയിൽ ദേവദാസനെ മകൻ ബാലുശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചത്. അന്നു തന്നെ ദേവദാസ് മരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് നാട്ടുകാർ ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
മകൻ അക്ഷയ് ദേവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിനെ തുടർന്നാണ് പിതാവിനെ വീട്ടിനുള്ളിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചതായ വിവരം പുറത്തറിഞ്ഞത്. അച്ഛനും മകനും മദ്യപിച്ച് അടിപിടിയും ബഹളവുമുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. അക്ഷയ് ദേവ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ്. പിതാവും മദ്യപ്പിക്കാറുള്ള വ്യക്തിയാണ്. ഇവരുടെ ബഹളം കാരണം ദേവദാസന്റെ ഭാര്യ മകളോടൊപ്പം ഡൽഹിയിലും അമ്മ അവരുടെ വീട്ടിലും മാറി താമസിക്കുകയാണ്.
കഴിഞ്ഞ മൂന്നിന് മകന്റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ദേവദാസനെ മകൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ രണ്ടു ദിവസത്തിനകം തന്നെ ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് കൊണ്ടുപോയി. മർദനത്തിൽ നെഞ്ചിലെ എല്ലും ഇടുപ്പെല്ലും തകർന്നിരുന്നു. കിഡ്‌നിക്കും വൃഷണത്തിനും ഗുരുതര പരിക്കുണ്ടായിരുന്നു. തീരെ അവശനായതിനെ തുടർന്നാണ് കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും ബാലുശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
കുറ്റം സമ്മതിച്ച അക്ഷയ് ദേവിനെ കൊണ്ട് ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി.