- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാവം തീർത്ഥാടകർ ഇതുവല്ലതും അറിയുന്നുണ്ടോ! ആദ്യം രണ്ടര ലക്ഷത്തിന് എസ്റ്റിമേറ്റ്; കരാറുകാരൻ സോപ്പിട്ടതോടെ വീണ്ടും 12 ലക്ഷത്തിന്റെ അധിക എസ്റ്റിമേറ്റ്; കരാർ എരുമേലി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള ശൗചാലയ ശുചീകരണത്തിനെന്ന പേരിൽ; ദേവസ്വം ബോർഡിൽ ലക്ഷങ്ങൾ മറിയുന്നത് ഇങ്ങനെ
കോട്ടയം: എരുമേലി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള ശൗചാലയ ശുചീകരണത്തിന്റെ പേരിൽ ദേവസ്വം ബോർഡിൽ മാറിമറിയുന്നത് ലക്ഷങ്ങൾ. ഉദ്യോഗസ്ഥരും കരാറുകാരനും തമ്മിലുള്ള ബന്ധം ഉറപ്പിച്ച് ശൗചാലയ ടാങ്ക് ശുചീകരണത്തിന്റെ പേരിൽ ലക്ഷങ്ങളുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കുന്നത്. രണ്ടര ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കരാർ വിളിച്ചതിനു പുറമെ കരാറുകാരന്റെ ആവശ്യപ്രകാരം വീണ്ടും 12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായി കണക്കുകൾ. ഇത് ടെൻഡർ ക്ഷണിച്ചു. സ്ഥിരമായി കരാർ എടുക്കുന്ന കരാറുകാരൻ തന്നെ ഇ ടെൻഡർ വഴി ലേലം കൊണ്ടു. സീസൺ ആരംഭിക്കും മുൻപേ നാലു ദിവസം കൊണ്ട് ടാങ്ക് ക്ലീൻ ചെയ്യുന്നതിനാണ് തുക അനുവദിക്കുന്നത്.
തീർത്ഥാടനം ആരംഭിക്കുന്നതിന് മുൻപ് ക്ഷേത്രത്തിന് സമീപത്തുള്ള സെപ്ടിക് ടാങ്കിൽ നിന്നും മാലിന്യം നീക്കം ചെയ്യുന്നതിനായിരുന്നു കരാർ. വാഹനത്തിൽ 230 ഓളം ടാങ്കുകളായി മാലിന്യം നീക്കം ചെയ്യണമത്രേ. ഇതിന് ചെലവാകുന്ന തുകയാണ് 12 ലക്ഷം. തീർത്ഥാടനകാലം ആരംഭിച്ചിട്ടും മാലിന്യം പുറത്തേയ്ക്ക് കൊണ്ടു പോകുന്നത് ആരും കണ്ടിട്ടുമില്ല.
പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലം കണ്ടെത്തി തരേണ്ടതാണെന്നാണ് ദേവസ്വം ബോർഡ് മരാമത്ത് വിഭാഗം പറയുന്നത്. എന്നാൽ ഇതേപറ്റി അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു. രണ്ടര ലക്ഷത്തിന്റെ കരാറിനു പുറമെ 12 ലക്ഷത്തിന്റെ കരാർ എന്തിനാണെന്നാണ് ഉയരുന്ന ചോദ്യം. ഇത്തരത്തിൽ ഉദ്യോഗസ്ഥ -കരാർ ലോബി ചേർന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുന്നതിനാണ് നീക്കം നടക്കുന്നത്.
കഴിഞ്ഞ തവണ പാർക്കിങ് ഗ്രൗണ്ട് കരാറുകാരിൽ നിന്നും കൈകൂലി വാങ്ങിയതിനു എസ്. എച്ച്. ഒ. ഉൾപ്പെടെയുള്ള രണ്ട് പൊലീസുകാരാണ് സസ്പെൻഷനിലായത്. രണ്ടു വർഷംമുൻപ് ഉഴുന്നുവടയ്ക്ക് 5 ഗ്രാം കുറഞ്ഞതിന് 5000 രൂപ ഹോട്ടലുടമയ്ക്ക് പിഴ ഇടാക്കിയ സംഭവത്തിലും ഉദ്യോഗസ്ഥർ വൈരാഗ്യം തീർക്കുകയായിരുന്നു.
ഗ്രാമപഞ്ചായത്തിന് ഉൾപ്പെടെ ലക്ഷകണക്കിന് രൂപയാണ് ഓരോ ശബരിമല തീർത്ഥാടനകാലത്തും എരുമേലിക്ക് അനുവദിക്കുന്നത്. എന്നാൽ നാടിന് ഇതൊന്നും കാര്യമായ പ്രയോജനം ചെയ്യുന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പഞ്ചായത്ത് കരാർ നൽകിയ പല ജോലികളും ആരംഭിച്ചിട്ടില്ല. ചുട്ടുപൊള്ളുന്ന വെയിലിൽ നിന്നും ചെരുപ്പില്ലാതെ സഞ്ചരിക്കുന്ന ഭക്തർക്ക് വേണ്ടിയും പൊടി ശല്യം അകറ്റുന്നതിനും റോഡിൽ വെള്ളം നനക്കാൻ എല്ലാവർഷവും കരാർ നൽകും. എന്നാൽ ഇത്തവണ ജോലികൾ ആരംഭിച്ചിട്ടില്ല. ടൗൺ ശുചീകരണവും തുടങ്ങിയില്ല. ഇതിനായി തമിഴ്‌നാട്ടിൽ നിന്നും 125 പേരെ എത്തിക്കും.
മലിനീകരണം സംബന്ധിച്ച പരിശോധന ഫലങ്ങളും വെളിച്ചം കാണാറില്ല. അമ്പതോളം ശൗചലയങ്ങളിൽ നിന്നും പുറം തള്ളുന്ന മാലിന്യം ജലാശയത്തിൽ കലരുന്നതായി റിപ്പോർട്ട് ഉണ്ട്. എന്നാൽ പഞ്ചായത്തിന്റെ ലൈസൻസ് പോലുമില്ലാതെയാണ് ഇവയുടെ പ്രവർത്തനം. തീർത്ഥാടകർ എത്തുന്ന പ്രധാന റോഡിലെ കുഴികൾ ഇപ്പോഴും ശരിയാക്കിയിട്ടില്ല. തീർത്ഥാടനകാലത്തെ വിവിധ വകുപ്പുകൾ ഫണ്ട് ചെലവാക്കുന്നതിന് വിജിലൻസ് പരിശോധന നടത്തിയാൽ തന്നെ ലക്ഷകണക്കിന് രൂപയുടെ അഴിമതി കണ്ടെത്താനാകും.