തിരുവനന്തപുരം: അരുണാചലിൽ മൂന്ന് മലയാളികൾ ജീവനൊടുക്കിയ സംഭവത്തിൽ മരിച്ച നവീനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. യാത്രക്ക് അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലേക്ക് പോയി എന്നതും ദുരൂഹമാണ്. ഫെബ്രുവരി 17ന് കോട്ടയത്തെ വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ഭാര്യ ദേവിയും 10 ദിവസം എവിടെയായിരുന്നുവെന്നും അന്വേഷിക്കുന്നുണ്ട്. മാർച്ച് 27 നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. എന്തുകൊണ്ടാണ് തിരുവനന്തപുരത്ത് നിന്നും 3748 കിലോ മീറ്റർ അകലെയുള്ള സിറോ എന്ന സ്ഥലം മൂവർ സംഘം തെരഞ്ഞെടുത്തു എന്നതിൽ വ്യക്തതയില്ല. ഹണിമൂൺവാലി എന്നറിയിപ്പെടുന്ന ഈ സ്ഥലം രാജ്യാതിർത്തി ഗ്രാമമാണ്. പലവിധ സംശയങ്ങൾ ഇതുയർത്തുന്നുണ്ട്.

മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും പൊതുവെ അന്തർമുഖരായിരുന്നു. ആര്യക്ക് നിരന്തരം വിവാഹാലോചനകൾ വന്ന് കൊണ്ടിരുന്നു. പക്ഷെ സുഹൃത്തായ ദേവിയുടെ അഭിപ്രായ പ്രകാരം എല്ലാം നിരസിച്ചു. ഒടുവിൽ മതാപിതാക്കളുടെ നിർബന്ധം കൊണ്ടാണ് വിവാഹത്തിന് സമ്മതിച്ചത്. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് ആര്യ നവീനും ദേവിക്കുമൊപ്പം അരുണാചലിലേക്ക് പോയത്. ആര്യയെ നവീനും ദേവിയും അടിമയെ പോലെ ഉപയോഗിച്ചിരുന്നുവെന്ന് സൂചനയുണ്ട്. ഇവരുടെ സംഘത്തിൽ മറ്റാരെങ്കിലും ഉണ്ടോ എന്നും പരിശോധിക്കും.

പത്ത് ദിവസം നവീനും ദേവിയും എവിടെയായിരുന്നു എന്നും വ്യക്തമല്ല. ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തത് നവീനാണ്. ഹോട്ടൽ മുറിയിൽ നിന്ന് രണ്ട് ബ്ലേഡുകളാണ് കിട്ടിയത്. രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം നവീൻ ആത്മഹത്യ ചെയ്തതാകാം എന്ന സംശയമാണ് ഇറ്റാനഗർ പൊലീസ് പറയുന്നത്. മൂവരുടേയും ഫോണുകൾ കോടതിയിൽ ഹാജരാക്കും. ഇവ പരിശോധിച്ചാലോ സംശയങ്ങൾക്കെല്ലാം വ്യക്തത വരൂ.

ആര്യയെ കാണാനില്ലെന്ന പരാതി ഇക്കഴിഞ്ഞ 27 നാണ് വട്ടിയൂർകാവ് പൊലീസിന് കിട്ടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. ആര്യയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ദേവിയുമായി നിരന്തരം സംസാരിച്ചിരുന്നെന്ന് മനസിലായി. ദേവിയെ അന്വേഷിച്ച് പൊലീസ് എത്തിയപ്പോൾ ദേവിയും ഭർത്താവ് നവീനും സ്ഥലത്തില്ലെന്നും മനസ്സിലായി. ഇതിനിടെ ഗോഹാട്ടിയിലേക്ക് എടുത്ത വിമാന ടിക്കറ്റ് അന്വേഷണത്തിന് വഴിത്തിരിവായി. പിന്നാലെ മരണവാർത്തയും എത്തി.

നവീനും - ദേവിയും ഒന്നര വർഷം മുമ്പും അരുണാചലിലെ സിറോയിലേക്ക് യാത്ര ചെയ്തിരുന്നുവെന്ന് വ്യക്തമായി. ഒരാഴ്ച ഇവരെ കാണാതാരിരുന്ന സമയത്താണ് വീട്ടുകാർ അന്വേഷിച്ചത്. അന്ന് കുടുംബാംഗങ്ങളോട് പറയാതെയായിരുന്നു ദമ്പതികളുടെ യാത്ര. ഗൂഗിൾ മാപ്പ് നോക്കിയാണ് ഇവരുടെ യാത്രാ വിവരം കണ്ടെത്തിയത്. അന്ന് ഇരുവരെയും കാണാതായപ്പോൾ വീട്ടുകാർ അന്വേഷണം നടത്തി. ഇക്കാര്യങ്ങൾ ദേവിയുടെ വീട്ടുകാർ ചോദിച്ചു മനസിലാക്കാൻ ശ്രമിച്ചപ്പോൾ ദമ്പതികൾ വീട് വിട്ടിറങ്ങി.

ഒരു വർഷമായി കോട്ടയത്തെ നവീന്റെ വീട്ടിൽ താമസിക്കുന്ന ദേവി, സ്വന്തം മാതാപിതാക്കളോട് സംസാരിക്കാറില്ല. ഒരു ഫാം ഹൗസ് തുടങ്ങാനെന്ന് പറഞ്ഞാണ് നവീനും ദേവിയും ആയുർവേദ ഡോക്ടർ ജോലി ഉപേക്ഷിച്ചത്. ആര്യയുടെ മൃതദേഹത്തിൽ കഴുത്തിലാണ് ബ്ലേഡ് കൊണ്ട് പരിക്കേറ്റത്. ദേവിയുടെയും കൈകളിലും മുറിവേറ്റിട്ടുണ്ട്. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നും മുറിയിൽ നിന്നും കണ്ടെത്തി. ഈ സാഹചര്യത്തിൽ സ്ത്രീകൾ ഇരുവരെയും കൊലപ്പെടുത്തിയ ശേഷം നവീൻ ജീവനൊടുക്കിയതാകാമെന്നാണ് ഇറ്റാനഗർ പൊലീസ് സംശയം ഉന്നയിച്ചിരിക്കുന്നത്.