അടൂർ: എംആർഐ സ്‌കാനിങ്ങിന് വന്ന യുവതി വസ്ത്രം മാറുന്നത് മറഞ്ഞു നിന്ന് മൊബൈൽ കാമറയിൽ പകർത്തിയ റേഡിയോഗ്രാഫർ കടയ്ക്കൽ ചിതറ മാത്തറ നിധീഷ് ഹൗസിൽ അനിരുദ്ധന്റെ മകൻ അൻജിത്ത് ചില്ലറക്കാരനല്ല. സ്‌കാനിങ്ങിന് വന്ന ഇരുപത്തി മൂന്നോളം സ്ത്രീകളുടെ നഗ്‌നതയാണ് ഇയാളുടെ ഫോണിലുണ്ടായിരുന്നത്.

എംആർഐ സ്‌കാനിങ്ങിനായി എത്തിയ ഏഴംകുളം തട്ടാരുപടി സ്വദേശിനിയുടെ ജാഗ്രതയാണ് ഇയാൾ പിടിയിലാകാൻ കാരണമായത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് അടൂർ ഹൈസ്‌കൂൾ ജങ്ഷനിലെ ദേവി സ്‌കാൻസിൽ യുവതി എംആർഐ സ്‌കാനിങ്ങിന് എത്തിയത്. വസ്ത്രം മാറി വന്ന യുവതി ഇയാളുടെ പോക്കറ്റിലെ മൊബൈലിന്റെ കാമറ കണ്ടാണ് സംശയിച്ചത്. ഫൽഷ് ലൈറ്റും ഓണായിരുന്നു. തുടർന്ന് യുവതി സംശയം തോന്നി പൊലീസിൽ വിവരം അറിയിച്ചു. രാത്രി ഏഴു മണിയോടെ ഇയാളെ കസ്റ്റഡിയിൽ എടുത്തു. മൊബൈൽ ഫോൺ വാങ്ങി നോക്കിയ പൊലീസ് ഉദ്യോഗസ്ഥർ ഞെട്ടി. ഒന്നും രണ്ടുമല്ല 23 വീഡിയോകളാണ് ഉണ്ടായിരുന്നത്. ഇത് മുഴുവൻ സ്‌കാനിങ് സെന്ററിൽ നിന്നും പകർത്തിയതായിരുന്നു.

പെൺകുട്ടിയുടെ മൊഴി വാങ്ങി രാത്രി തന്നെ കേസ് രജിസ്റ്റർ ചെയ്തു. സംഭവം പുറത്ത് അറിയാതിരിക്കാനുള്ള നീക്കങ്ങൾ സ്‌കാനിങ് സെന്റർ ഉടമകൾ നടത്തിയെങ്കിലും വിജയിച്ചില്ല. ദേവി സ്‌കാൻസ് ഇവിടെ ആരംഭിച്ചിട്ട് അധിക കാലമായിട്ടില്ല. സംഭവത്തിൽ പ്രതിഷേധിച്ച് യുവജനസംഘടനകൾ പ്രക്ഷോഭം ആരംഭിച്ചു. ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും സ്‌കാനിങ് സെന്ററിലേക്ക് മാർച്ച് നടത്തി.