കണ്ണൂർ: സ്വർണാഭരണ നിക്ഷേപത്തിന്മേൽ വൻതുക ലാഭ വാഗ്ദാനം ചെയ്തു സംസ്ഥാനത്താകെമാനം കോടികളുടെ തട്ടിപ്പു നടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ധർമടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇൻസ്പെക്ടർ ഇ.പി സുരേഷിന്റെ നേതൃത്വത്തിൽ സംഘം അന്വേഷണം ഊർജ്ജിതമാക്കിയത്.

നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത സ്വർണാഭരണങ്ങൾ പണയം വെച്ച കല്ലിക്കണ്ടി, പെരിങ്ങത്തൂർ ഭാഗത്തെ രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലാണ് പൊലിസ് റെയ്ഡു നടത്തിയത്. ഇവിടെ നിന്നും സ്വർണം പണയംവെച്ച രസീതുൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ ഈ സ്ഥാപനങ്ങളിൽ പണയം വെച്ചിരുന്ന സ്വർണാഭരണങ്ങൾ കാലാവധി കഴിഞ്ഞതിനാൽ വിൽപന നടത്തിയിട്ടുള്ളതായും തട്ടിപ്പിലൂടെ സ്വർണാഭരണങ്ങൾ കൈക്കലാക്കിയവരല്ല ആഭരണം പണയം വെച്ചതെന്നും പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ധർമടം ബ്രണ്ണൻ കോളേജിന് സമീപം സ്നേഹതീരം ക്വാർട്ടേഴ്സിൽ താമക്കുന്ന പൂക്കോടൻവീട്ടിൽ അഫ്സലിന്റെ ഭാര്യ ഷഹ്സാദി സലീം ഷെയ്ക്കിന്റെ പരാതിയിലാണ് പൊലിസ്് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ചൊക്ളിരാമൻ കടവത്ത് ഇല്യാസ്, ചെറുവാഞ്ചേര തളത്തിൽ വളപ്പിൽ മുഹമ്മദ് ഷാബിർ, ചെണ്ടയാട് സ്വദേശി ജസീൽ,കോട്ടപ്പുറം വീട്ടിൽ ജുനൈദ്, പറമ്പായിയിലെ വാഴയിൽ അഫ്സൽ, ചെണ്ടയാട് സ്വദേശി മഷ്ഹൂദ് എന്നിവരാണ് കേസിലെ പ്രതികൾ.

ഇന്ത്യൻ ശിക്ഷാനിയമം 406,420 ബി റെഡ് വിത്ത് 34-വകുപ്പുകൾ പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ പൊലിസ് കേസെടുത്തിട്ടുള്ളത്. എന്നാൽ പ്രതികളിൽ ആരെയും ഇതുവരെയും പൊലിസ് അറസ്റ്റു ചെയ്തിട്ടില്ല. തട്ടിപ്പുവാർത്ത പുറത്തുവന്നതിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ നിന്നും പരാതിയുമായി നിരവധി പേർ രംഗത്തുവന്നിരുന്നു.

കൂത്തുപറമ്പ്, കണ്ണവം, മമ്പറം, മേഖലകളിലും സമാനമായ തട്ടിപ്പു ഇതേ സംഘം നടത്തിയതായി പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വ്യാജസ്വർണം പണയംവെച്ചു ധനകാര്യസ്ഥാപനങ്ങളിൽ നിന്നും പണം തട്ടിയെടുത്തകേസിലെ പ്രതിയും ഈസംഘത്തിലുള്ളതായി പൊലിസ് കണ്ടെത്തിയിരുന്നു. തട്ടിപ്പിനായി ഇവർകേരള ഗവർണർ, മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാർ, സിനിമാതാരങ്ങൾ, എന്നിവർ ഉൾപ്പെടെ പതിനഞ്ചു പേരുടെ ഫോട്ടോയുള്ള ബ്രോഷറും ഇവർ ഉപയോഗിച്ചിരുന്നു. ഇതു സംബന്ധിച്ചു ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണമാരംഭിച്ചിട്ടുണ്ട്.

സ്വർണാഭരണ നിക്ഷേപത്തിന്റെ മറവിൽ വൻതുക ലാഭവാഗ്ദാനം ചെയ്തു നടന്ന തട്ടിപ്പിൽ നിരവധിവീട്ടമ്മമാരാണ് കുടുങ്ങിയത്. 265-പവൻ സ്വർണാഭരണങ്ങളാണ് ഒറ്റദിവസംകൊണ്ടു ധർമടത്തുനിന്നും മാത്രം പ്രതികൾതട്ടിയെടുത്തത്. 2022-ജൂൺ 24നാണ് ധർമടത്ത് കേസിനാസ്പദമായ തട്ടിപ്പ്അരങ്ങേറിയത്.