കണ്ണൂർ:സ്വർണാഭരണ നിക്ഷേപത്തിന്മേൽ വൻതുക ലാഭവിഹിതം വാഗ്ദാനം ചെയ്തു സംസ്ഥാനുടെ നീളം സംസ്ഥാനഗവർണർ, മുഖ്യമന്ത്രി, ചലച്ചിത്രതാരങ്ങൾ,ബിസിനസ് മാഗ്നറ്റുകൾ തുടങ്ങിയവരുടെ ചിത്രം അടച്ചിടിച്ചു ജീവകാരുണ്യസംഘടനയുടെ പേരിൽ കോടികൾ തട്ടിയ കേസിലെ പ്രതികൾ വിദേശത്തേക്ക് മുങ്ങി. ഇതേ തുടർന്ന് പരാതിക്കാരായ ധർമടം ബ്രണ്ണൻ കോളേജിനു സമീപം താമസിക്കുന്ന ദമ്പതികൾക്കെതിരെ നിരന്തരം വധഭീഷണി മുഴക്കികൊണ്ടു വിദേശത്തു നിന്നും ഭീഷണികോൾ വന്നുകൊണ്ടിരിക്കുകയാണ്.

ധർമടം ബ്രണ്ണൻ കോളേജിനു സമീപം സ്നേഹതീരം അപ്പാർട്ട്മെന്റിൽ താമസിക്കുന്ന അന്യായപരാതി നൽകിയ ദമ്പതികളായ പൂക്കോടൻ വീട്ടിൽ അഫ്സൽ, ഭാര്യ ഷഹ്സാദി സലീം ഷെയ്ക്ക് എന്നിവർക്കെതിരെയാണ് തട്ടിപ്പു സംഘം വധഭീഷണി മുഴക്കുന്നത്. വെറും എഫ്. ഐ. ആർ കൊണ്ടു മാത്രമൊന്നും തങ്ങളെ തൂക്കി കൊല്ലാൻ പോകുന്നില്ലെന്നും തിരിച്ചടിക്കുമെന്നും തട്ടിപ്പുസംഘം ഭീഷണി സന്ദേശത്തിൽ പറയുന്നുണ്ട്. വോയ്സ്മെസേജുവഴിയാണ് ഭീഷണിപ്പെടുത്തുന്നത്.

ഈ സംഘം സംസ്ഥാനത്തൂടെ നീളം ആസൂത്രിതമായി ഈ സംഘം തട്ടിപ്പുനടത്തിയിട്ടുണ്ടെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. വീട്ടമ്മമാരാണ് സംഘത്തിന്റെ തട്ടിപ്പിന് കൂടുതൽ ഇരയായിട്ടുള്ളത്. സ്വർണാഭരണങ്ങൾ വൻപലിശനൽകാമെന്നു പറഞ്ഞു നിക്ഷേപമായി വാങ്ങുമ്പോൾ ഇവർ യാതൊരുവിധ രസീതും വീട്ടമ്മമാർക്കായി നൽകിയിരുന്നില്ലെന്നും പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

മാത്രമല്ല സ്വർണാഭരണം കൈപ്പറ്റുന്നയാളല്ല ഇതുമറിച്ചു പണയം വയ്ക്കുകയോ, വിൽക്കുകയോ ചെയ്തിരുന്നത്. ഒരു പവന് പരമാവധി തുക നൽകുന്ന സ്ഥാപനങ്ങളിലാണ് ഇവർ സ്വർണപണയം വ്യാജരേഖകൾ ഉപയോഗിച്ചു നടത്തിയിരുന്നത്. അതുകൊണ്ടു തന്നെ ഇതിൽ പലതും തിരിച്ചെടുക്കാത്തതു കാരണം ലേലത്തിൽ പോവുകയാണ് ചെയ്യുന്നത്.

ഇതോടെ തെളിവുകൾ പൂർണമായും ഇല്ലാതാവുന്ന സാഹചര്യമാണ് തട്ടിപ്പുകാർ സൃഷ്ടിച്ചത്. കൂത്തുപറമ്പ്, കണ്ണവം മേഖലയിലും സംഘം വൻതട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. ഈ മേഖലയിൽ ലക്ഷങ്ങളുടെ സ്വർണാഭരണങ്ങൾ സംഘം തട്ടിയെടുത്തിട്ടുണ്ടെങ്കിലും നാണക്കേടുകൊണ്ടു പലരും പരാതി നൽകാൻ തയ്യാറായിട്ടില്ലെന്നുമാണ് പൊലിസ് പറയുന്നത്. പ്രവാസികുടുംബങ്ങളാണ് ഇവരുടെ കെണിയിൽ കൂടുതൽ കുടുങ്ങിയിട്ടുള്ളത്.

വിദേശത്തുള്ള ഗൃഹനാഥന്മാർ അറിയാതെയാണ് വീട്ടമ്മമാരിൽ പലരും സ്വർണം നിക്ഷേപമായി നൽകിയത്. നിലവിൽ ധർമടം പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ സി. ഐ. ഇ.പി സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്. എന്നാൽ വ്യക്തമായ രേഖകളൊന്നുമില്ലാത്ത കേസിൽ തെളിവുകൾ ശേഖരിക്കുകയെന്ന ദുഷ്‌കരമായ ദൗത്യമാണ് അന്വേഷണത്തിന് വെല്ലുവിളിയാകുന്നത്. പ്രതികൾ സ്വർണാഭരണങ്ങൾ പണയം വെച്ച പെരിങ്ങത്തൂർ, കല്ലിക്കണ്ടി ഭാഗത്തെ രണ്ടുസ്വകാര്യ ധനകാര്യസ്ഥാപനങ്ങളിൽ പൊലിസ് റെയ്ഡു നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

ചൊക്ളി രാമൻകടത്ത് ഇല്യാസ്, ചെറുവാഞ്ചേരി തളത്തിൽ വളപ്പിൽ മുഹമ്മദ് ഷാബിർ, ചെണ്ടയാട് സ്വദേശി ജസീൽ, കോട്ടപ്പുറം വീട്ടിൽ ജുനൈദ്, പറമ്പായിയിലെ വാഴയിൽ അഫ്സൽ, ചെണ്ടയാട് സ്വദേശി മഷ്ഹൂദ്, എന്നിവരാണ് കേസിലെ പ്രതികൾ.2023-ജൂൺ 23-നാണ് ധർമടത്ത് കേസിനാസ്പദമായ തട്ടിപ്പു നടന്നത്.