തൃശ്ശൂര്‍: കൊടകരയില്‍ കവര്‍ന്ന മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണത്തില്‍ 1.4 കോടി തിരിച്ചു പിടിക്കുക അസാധ്യം. ഈ തുക പ്രതികള്‍ ധൂര്‍ത്തടിച്ചതാണ് ഇതിന് കാരണം. എങ്കിലും ഇത്രയും തുക കൊടകരയില്‍ കവര്‍ന്നു എന്ന് ഉറപ്പിക്കാന്‍ പോലീസിന ്ബുദ്ധിമുട്ടൊന്നുമില്ല. ധര്‍മരാജന്‍ ഇരിങ്ങാലക്കുട കോടതിയില്‍ കൊടുത്ത ഹര്‍ജിയാണ് ഇതിന് കാരണം. 25 ലക്ഷം രൂപ മോഷണം പോയെന്ന് കാട്ടി പരാതി നല്‍കിയ ധര്‍മരാജന്‍ പിന്നീട് പിടിച്ചെടുത്ത 1.6 കോടി തന്റേതാണെന്നും അത് തിരിച്ചു വേണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതു കൊണ്ട് ആ നീക്കം പാളി. പക്ഷേ ഇത്രയും പണമുണ്ടെന്ന് ധര്‍മരാജന്‍ സമ്മതിച്ചതാണ് പോലീസിന് മുന്നില്‍ തുടരന്വേഷണത്തിനുള്ള പിടിവള്ളി. ഈ സാഹചര്യത്തിലാണ് തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തലില്‍ പോലീസ് മുമ്പോട്ട് പോകുന്നത്. മൂന്നരക്കോടി കാറിലണ്ടായിരുന്നില്ലെന്ന് ഇനി ധര്‍മരാജന് നിഷേധിക്കാന്‍ കഴിയില്ല.

പ്രതികള്‍ 1.4 കോടി രൂപ ധൂര്‍ത്തടിച്ചെന്ന് പോലീസ് പറയുന്നു. ഈ പണമാണ് പ്രതികളില്‍നിന്ന് കണ്ടെടുക്കാനാകാതെപോയത്. ഭാര്യക്കും ബന്ധുക്കള്‍ക്കും പ്രതികള്‍ സ്വര്‍ണം വാങ്ങിക്കൊടുത്തത് 30.29 ലക്ഷത്തിനാണ്. ഈ സ്വര്‍ണം പോലീസ് കണ്ടെടുത്ത് തൊണ്ടിമുതലായി വകയിരുത്തിയിട്ടുണ്ട്. കുഴല്‍പ്പണം കവര്‍ന്നശേഷം പ്രതികള്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ളിടത്ത് ഒളിവില്‍ താമസിക്കുകയും വിലകൂടിയ വാഹനങ്ങളില്‍ യാത്രചെയ്യുകയും ചെയ്തു. ഇതിനായി നല്ലതുക ചെലവിട്ടു. ചില പ്രതികള്‍ വേണ്ടപ്പെട്ടവര്‍ക്കും കടംവാങ്ങിയവര്‍ക്കും പണം നല്‍കി. ഇത് കിട്ടിയവര്‍ ചെലവാക്കി. അതുകൊണ്ട് തിരിച്ചുപിടിക്കാനായില്ല. എങ്കിലും പോലീസിന് കിട്ടിയ തൊണ്ടി മുതലിനൊപ്പം ധര്‍മരാജന്റെ മൊഴി കൂടിയാകുമ്പോള്‍ കൊടകരയിലെ കള്ളപ്പണത്തിന്റെ വ്യാപ്തി മൂന്നരകോടി കഴിയും.

കവര്‍ച്ചയ്ക്കുശേഷം പണം പങ്കിട്ടുകഴിഞ്ഞ് 15-ാം പ്രതിയായ ഷിഗില്‍ 22-ാം പ്രതിയായ റാഷിദുമൊത്ത് കുളു, മണാലി, ചെന്നൈ, തിരുപ്പതി എന്നിവിടങ്ങളില്‍ പോകുകയും താമസിക്കുകയും ചെയ്തു. 13-ാം പ്രതി അബ്ദുള്‍സലാം, 16-ാം പ്രതി റഷീദ്, 17-ാം പ്രതി റൗഫ് എന്നിവര്‍ കവര്‍ച്ചയ്ക്കുശേഷം കര്‍ണാടകത്തിലെ കുടകില്‍ താമസിച്ചു. മൂന്നാംപ്രതി രഞ്ജിത്ത് കവര്‍ച്ചപ്പണത്തില്‍ 17 ലക്ഷം ഭാര്യയായ ദീപ്തിക്ക് നല്‍കി. പത്താംപ്രതി ഷാഹിദ് കവര്‍ച്ചപ്പണത്തില്‍ പത്തുലക്ഷം ഭാര്യ ജിന്‍ഷയ്ക്ക് നല്‍കി. ഇതില്‍ ഒന്‍പതുലക്ഷം ജിന്‍ഷ ഉമ്മൂമ്മയ്ക്ക് നല്‍കി. ഇതില്‍ ചെലവാക്കാതെ ബാക്കിയായ പണം പോലീസ് കണ്ടെത്തി. ഒരു കോടിക്ക് മുകളില്‍ ഉള്ള കള്ളപ്പണ ഇടപാട് ഇഡിക്ക് അന്വേഷിക്കാം. അത് ഈ കേസില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേന്ദ്ര ഏജന്‍സിയെ അന്വേഷണത്തിന് സമ്മര്‍ദ്ദത്തിലാക്കുന്ന നടപടികള്‍ ഇനി പോലീസ് നടത്തുമെന്ന് ഉറപ്പാണ്.

ധര്‍മരാജനു രഹസ്യഅറകളുള്ള 10 വാഹനങ്ങളുണ്ടായിരുന്നതായും കേരള പൊലീസ് കണ്ടെത്തി. കേസിലെ പരാതിക്കാരനും പ്രോസിക്യൂഷന്റെ മുഖ്യസാക്ഷിയുമായ ധര്‍മരാജന്റെ കുഴല്‍പണ ഇടപാടുകള്‍ കൂടുതലായി വെളിച്ചത്തു വരുന്നതു കൊടകര സംഭവത്തിലെ കേസ് ദുര്‍ബലമാക്കുമെന്ന ധാരണയില്‍ ഈ വിവരം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. എന്നാല്‍ ഇനിയുള്ള അന്വേഷണം ഈ വാഹനങ്ങളിലേക്കും കടക്കും. കള്ള അറകള്‍ ഉണ്ടാക്കിയവരെ കണ്ടെത്തി ചോദ്യം ചെയ്യും. ഈ മൊഴികളും കൊടകര കേസില്‍ അതിനിര്‍ണ്ണായകമാകും.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 41.40 കോടി രൂപ കര്‍ണാടകയില്‍നിന്നു കേരളത്തിലേക്കു കടത്താന്‍ ഉപയോഗിച്ച 2 കാറുകള്‍, പാഴ്‌സല്‍ ലോറി, ലോറി എന്നിവയുടെ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്കും തിരഞ്ഞെടുപ്പു കമ്മിഷനും അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രഹസ്യ അറകളുള്ള മറ്റ് 6 വാഹനങ്ങളില്‍ കടത്തിയ കള്ളപ്പണത്തിന്റെ വിവരങ്ങള്‍ ധര്‍മരാജന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ധര്‍മരാജന്‍ ഉള്‍പ്പെടുന്ന 'ഹവാല സിന്‍ഡിക്കറ്റിനു' സമാനമായ മറ്റു 4 കള്ളപ്പണ റാക്കറ്റുകള്‍ കൂടി കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തു പാര്‍ട്ടികള്‍ക്കു വേണ്ടി കേരളത്തിലേക്കു കള്ളപ്പണം കടത്തിയെന്നു രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്.

സ്വിച്ചിട്ടാല്‍ തുറക്കുന്ന രഹസ്യഅറകള്‍ വാഹനങ്ങളില്‍ ഒരുക്കാന്‍ കുഴല്‍പണ റാക്കറ്റ് 3 ലക്ഷം രൂപവരെ ചെലവാക്കിയിരുന്നു. ഇവ നിര്‍മിച്ചതു കോഴിക്കോട്ടാണ്. ഇതു നിര്‍മിച്ചവരില്‍ നിന്നാണ് വാഹനങ്ങളുടെ നമ്പര്‍ കള്ളപ്പണം കവര്‍ച്ച ചെയ്യുന്ന സംഘങ്ങള്‍ക്കു ലഭിച്ചത്. മൂന്നരക്കോടിയുടെ കള്ളപ്പണം കടത്താന്‍ ധര്‍മരാജന്‍ ഏര്‍പ്പാടാക്കിയ കാറിനെ പിന്തുടര്‍ന്നു മോഷണം നടത്തിയ സംഘത്തിലെ 22 പേരെ പൊലീസ് കണ്ടെത്തിയിരുന്നു. ഇവരുടെ മൊഴികളും നിര്‍ണ്ണായകമാണ്.

എന്നാല്‍, 2021 മാര്‍ച്ച് ഒന്നിനും ആറിനും ഇടയില്‍ ധര്‍മരാജന്റെ സഹോദരന്‍ ധനരാജന്‍, കെ.പി.വിജിത്ത്, സുധീര്‍ സിങ് എന്നിവര്‍ കടത്തിക്കൊണ്ടു വന്ന 4.40 കോടി രൂപ സേലത്തിനു സമീപം കൊള്ളയടിച്ചെന്ന പരാതി പണം തട്ടിയെടുക്കാനുള്ള നാടകമാണെന്നു കര്‍ണാടക പൊലീസിനു സംശയമുണ്ട്. ഇതില്‍ കേരളത്തിലെ ബിജെപിയിലും ചര്‍ച്ചകളുയര്‍ന്നു. അതുകൊണ്ടാണ് കൊടകരയില്‍ പരാതി കൊടുക്കാന്‍ ധര്‍മരാജനില്‍ സമ്മര്‍ദ്ദം ചെലുത്തിയത്. 25 ലക്ഷം രൂപ കളവു പോയെന്ന് പരാതിയും കൊടുത്തു.

എന്നാല്‍ കൂടുതല്‍ പണം കിട്ടിയപ്പോള്‍ അത്യാര്‍ത്തി കാരണം എല്ലാം എന്റേതെന്ന് സ്ഥാപിക്കാന്‍ ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചത് ഇനി കേസില്‍ നിര്‍ണ്ണായകമാകും. അതുകൊണ്ട് തന്നെ 25 ലക്ഷത്തിന്റെ കണക്ക് ഇനി പറയാനും കഴിയില്ലെന്നതാണ് വസ്തുത.