- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവില്‍ മലക്കം മറിഞ്ഞ് മനാഫ്; മൊഴികളും തെളിവുകളും തെറ്റായിരുന്നുവെന്ന് മൊഴി; തലയോട്ടി എടുത്ത്് ശുചീകരണ തൊഴിലാളിക്ക് നല്‍കിയത് മറ്റുരണ്ടുപേര്‍; സുജാത ഭട്ടും പറ്റിച്ചു; ലോറിക്കാരന്‍ വ്ളോഗറുടെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ അന്വേഷിക്കുന്നു; പിന്നില്‍ ഒരു മുന്‍ കേരള എംഎല്‍എയോ?
ഒടുവില്‍ മലക്കം മറിഞ്ഞ് മനാഫ്
മംഗളുരു: കര്‍ണ്ണാടകയിലെ പ്രശസ്തമായ ധര്‍മ്മസ്ഥല ശ്രീ മഞ്ജുനാഥ ക്ഷേത്ര പരിസരത്തെ കൂട്ടക്കുഴിമാടങ്ങളെക്കുറിച്ച് വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ മലക്കം മറിഞ്ഞ് വ്ളോഗര്‍ ലോറിക്കാരന്‍ മനാഫ്. എസ്ഐടി സംഘം നടത്തിയ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യലില്‍, തന്നെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് മനാഫ് പറഞ്ഞതെന്ന് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിന് പോകുന്നതിന് തലേന്നും തന്റെ കൈയില്‍ തെളിവുകള്‍ ഉണ്ടെന്നും ധര്‍മ്മസ്ഥലയിലെ പാവങ്ങള്‍ക്ക് വേണ്ടി നില്‍ക്കുമെന്നൊക്കെയാണ് മനാഫ് തട്ടിവിട്ടിരുന്നത്.
പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ മനാഫ് ഉഡുപ്പി പൊലീസിന് മുന്നില്‍ ഹാജരാകാതെ നാട്ടിലേയ്ക്ക് മടങ്ങി. മനാഫിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 299-ാം വകുപ്പ് ചുമത്തി ഉഡുപ്പി ടൗണ്‍ പൊലീസ് എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. ധര്‍മസ്ഥല, മൂകാംബിക തുടങ്ങി ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരെ പ്രചാരണം നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ധര്‍മസ്ഥലയിലെ കൂട്ടക്കൊല ആരോപണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ മനാഫ് പങ്കുവെച്ചിരുന്നു. വെളിപ്പെടുത്തലുകള്‍ വ്യാജമാണെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഒളിവില്‍പ്പോയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മനാഫ് തന്നെ അത് തള്ളിയിരുന്നു. ഇന്ന് മനാഫ് കോഴിക്കോട്ട് മാധ്യമങ്ങളെ കാണുമെന്നാണ് അറിയുന്നത്.
എല്ലാം വ്യാജമെന്ന് മൊഴി
ധര്‍മസ്ഥല ശ്രീമഞ്ജുനാഥ ക്ഷേത്ര പരിസരത്ത് നൂറുകണക്കിന് ആളുകളെ കൊന്ന് കുഴിച്ചിട്ടുവെന്ന് പറഞ്ഞുകൊണ്ട് താന്‍ ചെയ്ത വീഡിയോകള്‍ ഒന്നും ശരിയായിരുന്നില്ലെന്നാണ് മനാഫ് മൊഴി നല്‍കിയത് എന്നാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസില്‍ എറ്റവും പ്രധാനമായിരുന്നു, ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണത്തൊഴിലാളിയായ ചിന്നയ്യ ഹാജരാക്കിയ തലയോട്ടി. ഇത് താന്‍ ധര്‍മ്മസ്ഥലയില്‍ കുഴിച്ചിട്ട് ഒരു പെണ്‍കുട്ടിയുടേതാണെന്ന് പറഞ്ഞാണ് ചിന്നയ്യ പൊലീസ് സ്റ്റേഷനില്‍ എത്തുകയും കോടതിയില്‍ 164 സ്റ്റേറ്റ്മെന്റ് നല്‍കുകയും ചെയ്തത്. എന്നാല്‍ ഇതിലെ മണ്ണ് ധര്‍മ്മസ്ഥലയിലേത്് അല്ലെന്നും, തലയോട്ടി ഒരു പുരുഷന്റെതാണ് എന്നും പരിശോധനയില്‍ തെളിഞ്ഞു. ഇതും, അരക്കോടിയിലേറെ രൂപ ചെലവിട്ട് ധര്‍മ്മസ്ഥലയുടെ പരിസര പ്രദേശങ്ങളില്‍ കൂഴിച്ചിട്ടും കാര്യമായ തെളിവുകള്‍ കിട്ടാതാവുകയും ചെയ്തതോടെയാണ് അന്വേഷണം ചിന്നയ്യയിലേക്ക് നീണ്ടത്. അതോടെ എസ്ഐടി ചിന്നയ്യയെ അറസ്റ്റ് ചെയ്തു.
ഇപ്പോള്‍ മനാഫും ചിന്നയ്യയെ തള്ളിപ്പറയുകയാണ്. തലയോട്ടി എടുത്തത് ചിന്നയ്യ അല്ല എന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. മറ്റ് രണ്ടുപേര്‍ തലയോട്ടിയെടുത്ത് നല്‍കിയെന്നും, ഇവരെകുറിച്ചുള്ള വിവരം അന്വേഷണസംഘത്തിന് മനാഫ് നല്‍കിയെന്നുമാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുജാത ഭട്ടിന്റെ മൊഴി വിശ്വാസത്തില്‍ എടുത്തതില്‍ തനിക്ക് പിശക് പറ്റിയെന്നും മനാഫ് പറയുന്നു. എസ്ഐടിയുടെ അന്വേഷണത്തില്‍ സുജാത ഭട്ടിന് അനന്യ ഭട്ട് എന്ന പേരില്‍ ഒരു മകള്‍പോലുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം ആരോപണങ്ങള്‍ വന്നതോടെ സത്യം അറിയാനുള്ള ശ്രമം മാത്രമാണ് താന്‍ നടത്തിയത് എന്നാണ് മനാഫ് ഇപ്പോള്‍ പറയുന്നത്. ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ് കമ്മീഷണറെ കണ്ടെന്നും മനാഫ് പറഞ്ഞിരുന്നു. ധര്‍മസ്ഥലയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയിട്ടുണ്ടെന്ന മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംഭവം കത്തിച്ചത് മനാഫാണ്. ധര്‍മ്മസ്ഥല ആക്ഷന്‍ കമ്മറ്റിയുടെ മീഡിയാ കണ്‍വീനര്‍ ആവുകയും, കേരളത്തിലെ മാധ്യമങ്ങളെ ധര്‍മ്മസ്ഥലയിലേക്ക് കൊണ്ടുപോവുകയും ഒക്കെ ചെയ്തത് മനാഫായിരുന്നു.
റിയല്‍ എസ്റ്റേറ്റ് ബന്ധം അന്വേഷിക്കുന്നു
അതിനിടെ മനാഫിന്റെ റിയല്‍ എസ്റ്റേറ്റ് ബന്ധമുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. ധര്‍മ്മസ്ഥല ശ്രീ മഞ്ജുനാഥക്ഷേത്രത്തിനെതിരെ നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ ഏറെയും ധര്‍മ്മസ്ഥല ധര്‍മ്മാധികാരി ഡോ വീരേന്ദ്രഹെഗ്ഡെയുമായി ഭൂമി കേസുകള്‍ ഉള്ളവരാണെന്നാണ് കന്നഡ മാധ്യമങ്ങള്‍ പറയുന്നത്. ധര്‍മ്മസ്ഥലയിലും പരിസര പ്രദേശങ്ങളിലും മലയാളികള്‍ അടക്കം വലിയ രീതിയില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതില്‍ മനാഫും ഉണ്ടോ എന്ന അന്വേഷണം എസ്ഐടി നടത്തുന്നുണ്ട്. ഇവിടെയാണ് കേരളത്തിലെ ഒരു മുന്‍ എംഎല്‍എയുടെ പേര് ഉയര്‍ന്നുവരുന്നത്. നേരത്തെ മനാഫ് ഈ എംഎല്‍എക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്നു. വലിയ റിയല്‍എസ്റ്റേറ്റ് ബന്ധങ്ങളുള്ള ഈ മൂന്‍ എംഎല്‍എക്കുവേണ്ടിയാണോ മനാഫ് രംഗത്ത് ഇറങ്ങിയത് എന്ന്, ചില കന്നഡ യുടൂബര്‍മാര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ എസ്ഐടി ഈ വിഷയത്തിലൊന്നും പ്രതികരിച്ചിട്ടില്ല.
നേരത്തെ കേരളത്തില്‍ നിന്നുള്ള സിപിഐ എംപിയും, ഗൂഢാലോനകേസില്‍ സംശയത്തിന്റെ നിഴലിലായിരുന്നു. രാജ്യസഭ എം.പി പി. സന്തോഷ് കുമാറിന്റെ പേരാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടാവുമെന്നാണ് പറയുന്നത്.
അതിനിടെ ധര്‍മ്മസ്ഥല വ്യാജ പ്രചരണക്കേസില്‍ എന്‍ഐഎ അന്വേഷണമാവശ്യപ്പെട്ട് മതനേതാക്കള്‍ ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കണ്ടിരുന്നു. 'സനാതന്‍ സന്ത് നിയോഗ'ത്തിന്റെ നേതൃത്വത്തില്‍ കര്‍ണാടകയിലെ വിവിധ ആശ്രമങ്ങളിലെ മഠാധിപതികളാണ് ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ധര്‍മ്മസ്ഥല കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. എല്ലാ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്നും അമിത് ഷാ പ്രതിനിധി സംഘത്തിന് ഉറപ്പ് നല്‍കിയതായി സംഘാംഗമായിരുന്ന രാജശേഖരാനന്ദ സ്വാമിജി പറഞ്ഞു.