- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2014ൽ മരപ്പാലത്ത് നോവ കാസിൽ എന്ന ഫ്‌ളാറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് എൺപതോളം പേരിൽ നിന്ന് കോടി കണക്കിന് രൂപ തട്ടിച്ചെടുത്തു; ആ പഴയ കേസിൽ കുരുക്ക് തുടരുന്നു; നടി ധന്യ മേരി വർഗ്ഗീസും ഭർത്താവ് ജോണും അടക്കമുള്ള പ്രതികൾ ഹാജരാകണമെന്ന് കോടതി; ബിഗ് ബോസ് ഫൈനലിസ്റ്റിന് വിനയായി സാംസൺ ബിൽഡേഴ്‌സ് തട്ടിപ്പ്
തിരുവനന്തപുരം: തലസ്ഥാനത്തെ സാംസൺ ബിൽഡേഴ്‌സ് ഫ്‌ളാറ്റ് നിർമ്മാണ വഞ്ചനാ കേസിൽ നടി ധന്യ മേരി വർഗ്ഗീസ് , ഭർത്താവ് ജോൺ, ഭർതൃ സഹോദരൻ സാമുവൽ എന്നിവരടക്കം 4 പ്രതികൾ ഹാജരാകാൻ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. പ്രതികൾ വഞ്ചനയിലുടെ സ്വരൂപിച്ച പണം ജപ്തി ചെയ്തതിന്റെ റിപ്പോർട്ട് ഡിസംബർ 21 ന് വിളിച്ചു വരുത്താനും മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകർ ഉത്തരവിട്ടു.
ബിഗ് ബോസ് ഈ സീസണിലെ ഫൈനലിസ്റ്റ് കൂടിയാണ് ധന്യ. ധന്യയുടെ ഭർത്താവ് ജേക്കബ് സാംസൺ മകൻ ജോൺ ജേക്കബ് , ഭർതൃ സഹോദരൻ ജേക്കബ് സാംസൺ മകൻ സാമുവൽ ജേക്കബ്ബ് , സാംസൺ ജേക്കബ് മകൻ ജേക്കബ് സാംസൺ , നടി ധന്യ മേരി വർഗീസ് എന്നിവരാണ് ഫ്‌ളാറ്റ് തട്ടിപ്പു കേസിലെ 1 മുതൽ 4 വരെയുള്ള പ്രതികൾ. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 406 ( വിശ്വാസ ലംഘനം) , 420 ( ചതിക്കൽ , കബളിപ്പിക്കപ്പെട്ടയാളെ വിശ്വാസ വഞ്ചന ചെയ്ത് പണം കൈക്കലാക്കൽ) , 34 ( പൊതു ഉദ്ദേശ്യ കാര്യ സാധ്യത്തിനായുള്ള കൂട്ടായ്മ) എന്നീ കുറ്റങ്ങൾക്ക് കലണ്ടർ കേസെടുത്താണ് പ്രതികളോട് ഹാജരാകാൻ കോടതി ഉത്തരവിട്ടത്.
2016 ഡിസംബർ 16 ന് നാഗർകോവിൽ നിന്നാണ് ധന്യയടക്കം 3 പ്രതികളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഭർതൃപിതാവിനെ ആദ്യം അറസ്റ്റ് ചെയ്തു. ഫ്‌ളാറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് കോടി കണക്കിന് രൂപ പലരിൽ നിന്നായി തട്ടിയെടുക്കുകയായിരുന്നു. 2014 ൽ മരപ്പാലത്ത് നോവ കാസിൽ എന്ന പേരിൽ ഫ്‌ളാറ്റ് നിർമ്മിച്ച് പൂർത്തീകരിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് 2011 മുതൽ എൺപതോളം പേരിൽനിന്നായി കോടി കണക്കിന് രൂപ വാങ്ങിയെന്നാണ് കേസ്.
ധന്യയുടെ ഭർത്താവ് ജോൺ, ഭർതൃ പിതാവ് ജേക്കബ് സാംസൺ എന്നിവരുടെ ഉടമസ്ഥതയിലുള്ള സാംസൺ ആൻഡ് സൺസ് ബിൽഡേഴ്‌സ് ഡവലപ്പേഴ്‌സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പിന് കളമൊരുക്കിയത്. ഈ സ്ഥാപനത്തിന്റെ ഡയറക്ടറാണ് ധന്യ മേരി വർഗ്ഗീസ്. 2014ൽ പണി പൂർത്തിയാക്കി നൽകാമെന്നായിരുന്നു ഇവർ നൽകിയിരുന്ന വാഗ്ദാനം. എന്നാൽ പറഞ്ഞ സമയത്ത് ഫ്‌ളാറ്റ് ലഭിക്കാതിരുന്നതിനെ തുടർന്നാണ് പണം നൽകിയ 80 ഓളം പേർ പൊലീസിനെ സമീപിച്ചത്.
തിരുവനന്തപുരത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കമ്പനിയിൽ ഫ്‌ളാറ്റുകളുടെ സെയിൽസ് വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ധന്യ മേരി വർഗ്ഗീസിന്റെ നേതൃത്വത്തിൽ പലരിൽ നിന്നും പണം വാങ്ങിയിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ജേക്കബ് സാംസനെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ അന്വേഷണം നടന്നുവരുന്നതിനിടയിലാണ് ധന്യയെയും ഭർത്താവിനെയും ഭർതൃ സഹോദരനെയും അറസ്റ്റ് ചെയ്തത്. 2018 ലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്