ബെംഗളൂരു: ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ ബെംഗളൂരുവിലെ സോഫ്റ്റ്വെയര്‍ എന്‍ജിനീയറെ കബളിപ്പിച്ച് തട്ടിയെടുത്തത് 11.8 കോടി രൂപ. കള്ളപ്പണം വെളുപ്പിക്കുന്നതിന് ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചെന്ന് പറഞ്ഞാണ് 39 വയസ്സുകാരനായ ഇദ്ദേഹത്തെ തട്ടിപ്പിനിരയാക്കിയത്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 12 വരെയാണ് തട്ടിപ്പ് നടന്നത്.

നവംബര്‍ 11നാണ് തട്ടിപ്പുകളുടെ തുടക്കം. ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഉദ്യോഗസ്ഥനെന്നു പറഞ്ഞാണ് തട്ടിപ്പുകാര്‍ യുവാവിനെ വിളിക്കുന്നത്. എന്‍ജിനീയറുടെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള സിം കാര്‍ഡ് നിയമവിരുദ്ധ പരസ്യങ്ങള്‍ക്കും ഉപദ്രവകരമായ സന്ദേശങ്ങള്‍ അയയ്ക്കാനും ഉപയോഗിച്ചുവെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് മുംബൈ കൊളാബ സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട് എന്നും ഇയാള്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍നിന്നാണെന്ന് പരിചയപ്പെടുത്തി മറ്റൊരു ഫോണ്‍ കോളുമെത്തി. ഇയാളാണ് ആധാര്‍ കാര്‍ഡ് കള്ളപ്പണം വെളുപ്പിക്കാനുള്ള ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ഉപയോഗിച്ചുവെന്ന് പറയുന്നത്. ഇതോടെ യുവാവ് ഭയന്നു പോയി.

അന്വേഷണം രഹസ്യമായി വയ്ക്കണമെന്നും വെര്‍ച്വല്‍ അന്വേഷണത്തോട് സഹകരിച്ചില്ലെങ്കില്‍ നേരിട്ടെത്തി അറസ്റ്റ് ചെയ്യുമെന്നും യുവാവിനെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വിഡിയോ കോളിനുള്ള ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശിച്ചു. ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്തതോടെ പൊലീസ് യൂണിഫോം ധരിച്ചെത്തിയയാള്‍ വിഡിയോ കോളിലെത്തുകയും എന്‍ജിനിയറുടെ ആധാര്‍ കാര്‍ഡുപയോഗിച്ച് ഒരു വ്യവസായി വ്യാജ ബാങ്ക് അക്കൗണ്ട് തുറന്ന് ആറ് കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്ന് പറയുകയും ചെയ്തു.

പിന്നീട് നവംബര്‍ 25ന് വെരിഫിക്കേഷന്‍ നടപടികള്‍ക്കുവേണ്ടിയെന്നു പറഞ്ഞ് ഏതാനും അക്കൗണ്ടുകളിലേക്ക് പണം കൈമാറാന്‍ ആവശ്യപ്പെട്ടു. പലതവണയായി 11.8 കോടി രൂപ എന്‍ജിനീയര്‍ തട്ടിപ്പുകാര്‍ക്ക് കൈമാറി. എന്നാല്‍ വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ഇദ്ദേഹം പൊലീസില്‍ വിവരമറിയിച്ചത്.