മൈസൂരു: ഡിജിറ്റല്‍ അറസ്റ്റിലൂടെ ബാങ്ക് മാനേജരുടെ പക്കൽ നിന്നും പണം തട്ടിയ കേസിൽ ഒന്‍പത് മാസങ്ങൾക്ക് ശേഷം പ്രതികൾ പിടിയിൽ. ഗോപാല്‍ ബിഷ്‌ണോയി, മഹിപാല്‍ ബിഷ്‌ണോയി, ജിതേന്ദ്ര സിങ് എന്നിവരാണ് പിടിയിലായത്. 56 ലക്ഷം രൂപയാണ് ഇവർ പരാതിക്കാരിയിൽ നിന്നും തട്ടിയത്. ബാങ്ക് ഓഫ് ബറോഡയിലെ വനിതാ മാനേജരാണ് തട്ടിപ്പിനിരയായത്. പണം വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകള്‍ വഴി വിതരണം ചെയ്തതിനാല്‍ പോലീസിന് 1.5 ലക്ഷം രൂപ മാത്രമേ കണ്ടെത്താന്‍ സാധിച്ചിട്ടുള്ളൂ.

സിബിഐയിലെ ഉദ്യോഗസ്ഥരായി വേഷംമാറിയ പ്രതികൾ വീഡിയോ കോളിലൂടെ ബാങ്ക് മാനേജരെ ബന്ധപ്പെടുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയില്‍ പങ്കാളിയാണെന്നും പരാതിക്കാരിക്കെതിരെ അന്വേഷണം നടക്കുകയാണെന്നും സൈബർ കുറ്റവാളികൾ പറഞ്ഞു. ഹവാല റാക്കറ്റുമായി ബന്ധമുണ്ടെന്നും മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയതിന് തെളിവുകള്‍ കൈവശമുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. അറസ്റ്റ് ഒഴിവാക്കാന്‍ ബാങ്ക് അക്കൗണ്ടുകളിലെ പണത്തിന്റെ വിവരം പരിശോധിക്കുന്നതിനായി ഇവർ പറയുന്ന അക്കൗണ്ടിലേക്ക് ഉടന്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാനും ആവശ്യപ്പെട്ടു.

പരിശോധിച്ച് ആശയക്കുഴപ്പം നീക്കിയശേഷം വൈകീട്ടോടെ തുക തിരികെനല്‍കാമെന്ന് തട്ടിപ്പുകാര്‍ പരാതിക്കാരിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതോടെ, മാനേജര്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തു.പണം പ്രതികള്‍ 29 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് നീക്കി. തട്ടിപ്പിനിരയായെന്ന് മനസ്സിലായതോടെ ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു. മാണ്ഡ്യയിലെ സൈബര്‍ ഇക്കണോമിക് ആന്‍ഡ് നര്‍ക്കോട്ടിക് (സിഇഎന്‍) പോലീസ് സ്റ്റേഷനിലാണ് ബാങ്ക് മാനേജര്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളിലൊരാളായ ഗോപാല്‍ ബിഷ്‌ണോയിയെ പോലീസ് സംഘം ഡല്‍ഹിയില്‍ അറസ്റ്റുചെയ്തു. ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, മഹിപാല്‍ ബിഷ്‌ണോയി, ജിതേന്ദ്ര സിങ് എന്നിവരും പിടിയിലാവുകയായിരുന്നു. കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി പണം തട്ടിയെടുക്കുന്ന ഒരു വലിയ സൈബർ തട്ടിപ്പ് സംഘത്തിലെ അംഗങ്ങളാണ് പ്രതികളെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.