പുണെ: ഡിജിറ്റൽ അറസ്റ്റിലൂടെ 1.19 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിന് ഇരയായ 82-കാരൻ കുഴഞ്ഞുവീണ് മരിച്ചു. പുണെയിലാണ് സംഭവം. മഹാരാഷ്ട്ര സർക്കാർ സർവീസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് മരിച്ചത്. മുംബൈ സൈബർ പോലീസായും സിബിഐ ഉദ്യോഗസ്ഥരായും ചമഞ്ഞ സംഘമാണ് ഇദ്ദേഹത്തെയും എൺപതുകാരിയായ ഭാര്യയെയും ഈ തട്ടിപ്പിന് ഇരയാക്കിയത്.

ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 17 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഏകദേശം മൂന്ന് ദിവസത്തോളമാണ് തട്ടിപ്പുകാർ ഇവരെ 'ഡിജിറ്റൽ അറസ്റ്റി'ന് വിധേയരാക്കിയത്. ഒരു സ്വകാര്യ എയർലൈൻ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇദ്ദേഹത്തിൻ്റെ ആധാർ-ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് പറഞ്ഞ് മുംബൈ പോലീസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടയാൾ ഓഗസ്റ്റ് 16-ന് വിളിച്ചതോടെയാണ് തട്ടിപ്പ് ആരംഭിച്ചത്.

പിന്നീട് സിബിഐയുടെ ഡൽഹി ഓഫീസിൽ നിന്നാണെന്ന് വ്യാജേനയും ഇദ്ദേഹത്തിന് ഫോൺ വിളികൾ എത്തിയതായി പുണെ സൈബർ പോലീസ് അറിയിച്ചു. ഫോൺ ക്യാമറ തുറന്നുവെക്കാൻ നിർദ്ദേശിച്ച തട്ടിപ്പുകാർ, ഈ സമയം ബാങ്ക്-ആധാർ വിവരങ്ങൾ ഉപയോഗിച്ച് ദമ്പതികളുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തു. വിദേശത്തുള്ള മക്കൾ അയച്ചുനൽകിയ പണവും ഇതിൽ ഉൾപ്പെടുന്നു. തട്ടിപ്പുകാരുടെ ഫോൺവിളികൾ നിലച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി ദമ്പതികൾക്ക് മനസ്സിലായത്.

തുടർന്ന് മക്കളുടെ നിർദ്ദേശപ്രകാരം ഇവർ പോലീസിൽ പരാതി നൽകിയിരുന്നു. തട്ടിപ്പിനിരയായ വിവരം അറിഞ്ഞതിനെത്തുടർന്ന് ഒക്ടോബർ 22-ന് വീട്ടിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൻ്റെ ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടതിലുള്ള ദുഃഖത്തിലായിരുന്നുവെന്നും ഭാര്യ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.