- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദിലീപിനെ പൂട്ടണം' വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പിന് പിന്നിൽ നടന് അനുകൂലമായ തംരംഗം സൃഷ്ടിക്കാനോ?; ഷോൺ ജോർജ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി; ഫോൺ 2019ൽ നഷ്ടപ്പെട്ടതെന്ന് അവകാശവാദം; അന്വേഷണം തുടരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജ് ചോദ്യം ചെയ്യലിനു ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരായി. ദീലിപിനെ എതിർക്കുന്നവരുടെ പേരിൽ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിലാണ് ഷോൺ ജോർജിനെ ചോദ്യം ചെയ്യുന്നത്. 'ദിലീപിനെ പൂട്ടണം' എന്ന പേരിൽ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഷോൺ ജോർജിന്റെതെന്ന് കരുതപ്പെടുന്ന ഫോണിൽ നിന്നാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിക്കുന്നു. കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥനായ അമ്മിണി കുട്ടന്റെ മുന്നിലാണ് ഷോൺ ഹാജരായത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥ, പ്രമുഖ നടി, സിനിമാ രംഗത്തെ പ്രമുഖർ, മാധ്യമപ്രവർത്തകർ എന്നിവരുടെ പേരുകൾ ഉപയോഗിച്ച് വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നാണ് കേസ്. വ്യാജ ഗ്രൂപ്പിൽ പേരുൾപ്പെട്ടവരിൽ ചിലരുടെ മൊഴി നേരത്തെ അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ദിലീപിന് അനുകൂലമായ തംരംഗം സൃഷ്ടിക്കാൻ ഉണ്ടാക്കിയതെന്ന് പൊലീസ് സംശയിക്കുന്ന വാട്സാപ്പ് ഗ്രൂപ്പിൽ വന്ന ചാറ്റുകളാണ് പുതിയ അന്വേഷണത്തിന് ആധാരം.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ രണ്ടാം പ്രതിയും നടൻ ദിലീപിന്റെ സഹോദരനുമായ അനൂപിന്റെ ഫോൺ ഫോറൻസിക് പരിശോധന നടത്തിയപ്പോഴാണ് വാട്സ് ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീൻഷോട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഷോൺ എന്നയാളുടെ ഫോണിൽ നിന്നും അനൂപിന്റെ ഫോണിലേക്ക് സ്‌ക്രീൻഷോട്ട് അയച്ചുവെന്നായിരുന്നു കണ്ടെത്തിയത്.
ഇതിൽ ചില ചാറ്റുകൾ ഷോൺ ജോർജിന്റെ നമ്പറിൽ നിന്നാണ് വന്നതെന്ന് പൊലീസ് സംശയിക്കുന്നു. ഷോൺ ജോർജിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്ന മട്ടിൽ ഗ്രൂപ്പിലുണ്ടാക്കിയ ചില സന്ദേശങ്ങൾ വ്യാജമായി നിർമ്മിച്ചതാണ് എന്നാണ് കണ്ടെത്തൽ. എന്നാൽ ഇവ സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിച്ചതാണ് എന്നായിരുന്നു ഷോണിന്റെ മൊഴി.
കഴിഞ്ഞ ആഗസ്റ്റിൽ ഷോൺ ജോർജുമായി ബന്ധപ്പെട്ട ചില രേഖകൾ ലഭിക്കാൻ ഈരാറ്റുപേട്ടയിലെ പിസി ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. രാവിലെ തുടങ്ങിയ പരിശോധന ഏറെ നേരം നീണ്ടു. ചില നിർണായക രേഖകൾ പിടിച്ചെടുത്തു എന്നാണ് അന്വേഷണ സംഘം നൽകിയ വിവരം.
ടാബ്, രണ്ടു മൊബൈൽ ഫോൺ, പെൻഡ്രൈവ്, രണ്ടു ചിപ്പുകൾ എന്നിവയാണ് ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തതെന്ന് ഷോൺ ജോർജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദിലീപുമായുള്ള ബന്ധവും അദ്ദേഹം വിശദീകരിച്ചു. ഭാര്യാ പിതാവ് ജഗതി ശ്രീകുമാർ അപകടത്തിൽപെടുന്നതിന് മുമ്പ് മുതൽ ദിലീപിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും ഷോൺ ജോർജ് വിശദീകരിച്ചിരുന്നു.
പിടിച്ചെടുത്ത മൊബൈൽ ഫോൺ ക്രൈംബ്രാഞ്ച് സംഘം വിശദമായി പരിശോധിച്ചു. ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നവരെ മോശക്കാരാക്കി ചിത്രീകരിക്കാൻ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി എന്നും അതിലെ ചില സ്‌ക്രീൻ ഷോട്ടുകൾ പ്രചരിപ്പിച്ചു എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ സന്ദേശങ്ങൾ വ്യാജമായി നിർമ്മിച്ചതാണെന്നാണ് പൊലീസ് പറയുന്നത്.
താൻ ഇത്തരത്തിൽ ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയിട്ടില്ലെന്ന് ഷോൺ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ച ചില കാര്യങ്ങൾ ദിലീപിന് കൈമാറിയിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ദിലീപിന്റെ സഹോദരൻ അനൂപുമായി തനിക്ക് അടുത്ത ബന്ധമില്ലെന്നും ഷോൺ ജോർജ് നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
വാട്സാപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ടുള്ള കേസ് അന്വേഷണമാണ് ഷോൺ ജോർജിലേക്ക് എത്തിയിരിക്കുന്നത്. പൊലീസ് അന്വേഷിക്കുന്ന ഫോൺ 2019ൽ നഷ്ടമായതാണെന്നും ഇതുമായി ബന്ധപ്പെട്ട് അന്ന് തന്നെ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു എന്നും പിസി ജോർജ് പറഞ്ഞു. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല.
അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങൾ, മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കിട്ടിയ ശാസ്ത്രീയ തെളിവുകൾ എന്നിവ വച്ചാണ് ക്രൈംബ്രാഞ്ച് സംഘം ഷോൺ ജോർജിനെ ചോദ്യം ചെയ്യുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ച രേഖകൾ കൈമാറി എന്നതുകൊണ്ട് ഷോൺ ജോർജിന് കുരുക്കാകില്ല എന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.
2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. ദിലീപിനെതിരെ അടുത്തിടെ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇക്കാര്യത്തിലെ അന്വേഷണം പൂർത്തിയാക്കിയ ശേഷം വീണ്ടും വിചാരണ ആരംഭിച്ചിരിക്കുകയാണിപ്പോൾ. മാസങ്ങൾക്കകം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കുമെന്നാണ് കരുതുന്നത്.
മറുനാടന് മലയാളി ബ്യൂറോ