തിരുവനന്തപുരം: തിരുവനന്തപുരം ഊരൂട്ടമ്പലത്ത് നിന്ന് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകം. ഊരൂട്ടമ്പലം സ്വദേശി വിദ്യയും മകൾ ഗൗരിയുമാണ് കൊല്ലപ്പെട്ടത്. വിദ്യയുടെ കാമുകൻ മാഹിൻ കണ്ണ് ആണ് കൊലപ്പെടുത്തിയത്. ഇരുവരെയും കൊലപ്പെടുത്തിയെന്ന് മാഹിൻകണ്ണ് പൊലീസിനോട് സമ്മതിച്ചു. കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് ഇയാളുടെ മൊഴി. 11 വർഷം മുമ്പ് വിദ്യയെയും മകൾ ഗൗരിയെയും പങ്കാളി മാഹിൻകണ്ണ് കൂട്ടിക്കൊണ്ടുപോയ ശേഷം കാണാതാവുകയായിരുന്നു.

2011 ഓഗസ്റ്റ് 18 നാണ് വിദ്യയെയും കുഞ്ഞിനെയും കാണാതായത്. വാർത്തയെ തുടർന്ന് പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകം തെളിഞ്ഞത്. 2011 ഓഗസ്റ്റ് 18 നാണ് വിദ്യയെയും കുഞ്ഞിനെയും പ്രതി കൊന്നത്. മാഹിൻകണ്ണിന്റെ ഭാര്യ റുഖിയക്കും കൊലപാതകത്തെക്കുറിച്ച് അറിയാമെന്നും പൊലീസ് കണ്ടെത്തി. വിദ്യയെയും കുഞ്ഞിനെയും പിറകിൽ നിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിൻകണ്ണ് പൊലീസിന് നൽകിയ മൊഴി. കേസിൽ ഗുരുതര വീഴ്ചയാണ് പൊലീസിന് ഉണ്ടായത്.

മാഹിൻകണ്ണും ഭാര്യ റുഖിയയുമാണ് അറസ്റ്റിലായത്. ഇരുവരും കുറ്റം സമ്മതിച്ചു. ഏഷ്യാനെറ്റ് ന്യൂസാണ് വിദ്യയെ കാണാതായ കേസ് റിപ്പോർട്ട് ചെയ്തത്. ഇതോടെ വീണ്ടും അന്വേഷിക്കേണ്ടി വന്നു. പൊലീസിന് നിർണ്ണായക വിവരങ്ങളും കിട്ടി. വിദ്യയും കുട്ടിയും എവിടെ എന്ന ചോദ്യത്തിന് മറുപടിയും പറയേണ്ടി വന്നു. മാഹീൻകണ്ണിന്റെ ഭാര്യയ്ക്കും എല്ലാം അറിയാമായിരുന്നു. കേരള-തമിഴ്‌നാട് അതിർത്തിയിലാണ് വിദ്യയെ കൊലപ്പെടുത്തിയത്.

കേരളാ പൊലീസ് കൈക്കൂലി വാങ്ങി എഴുതി തള്ളിയ കേസാണ് ഇത്. വിദ്യയുടെ അമ്മ രാധയുടെ പോരാട്ടമാണ് ഫലം കാണുന്നത്. റൂറൽ എസ് പി ശിൽപയുടെ ഇടപെടലാണ് നിർണ്ണായകമായത്. എഴുതി തള്ളിയ കേസിനാണ് തുമ്പുണ്ടാകുന്നത്. ഐസിസ് സംശയം തോന്നി അന്വേഷിച്ച കേസിനാണ് തുമ്പുണ്ടാകുന്നത്. പ്രതിയെ കാണിച്ചു കൊടുത്തിട്ടും പിടിക്കാത്ത കേസാണ് ഇത്.

കൂലിപ്പണിക്കാരനായിരുന്ന ജയചന്ദ്രന്റെയും രാധയുടെയും മൂത്ത മകളായിരുന്നു വിദ്യ. പൂവാർ സ്വദേശി മാഹിൻ കണ്ണുമായുള്ള പ്രണയത്തെ വീട്ടുകാർ എതിർത്തു. വിദ്യ അപ്പോഴേക്കും മാഹിൻകണ്ണിനൊപ്പം മലയിൻകീഴിനടുത്ത് വാടകവീട്ടിൽ താമസം തുടങ്ങി. വിവാഹം രജിസ്റ്റർ ചെയ്യാൻ പല തവണ ആവശ്യപ്പെട്ടിട്ടും മാഹിൻകണ്ണ് ഒഴിഞ്ഞുമാറി. വിദ്യ ഗർഭിണിയായതോടെ മാഹിൻകണ്ണ് വിദേശത്തേക്ക് കടന്നു. 2009 മാർച്ച് 14 ന് വിദ്യ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു.

ഒന്നര വർഷത്തിന് ശേഷം മാഹിൻകണ്ണ് തിരിച്ചെത്തി. അതിനിടെയാണ് ഇയാൾക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന് വിദ്യ അറിഞ്ഞു. ഇതേ ചൊല്ലി തർക്കമായി. 2011 ഓഗസ്റ്റ് 18 ന് വൈകീട്ട് വിദ്യയെയും രണ്ടര വയസ്സുകാരിയായ ഗൗരിയെയും കൊണ്ട് മാഹിൻകണ്ണ് ബൈക്കോടിച്ചു പോയി. അതിന് ശേഷം വിദ്യയെയും കുഞ്ഞിനെയും ആരും ഇതുവരെ കണ്ടില്ല. നാലാം ദിവസം മാറനെല്ലൂർ പൊലീസിലും പൂവാർ സ്റ്റേഷനിലും പരാതി നൽകിയിരുന്നു. പൂവാറിൽ തന്നെയുണ്ടായിരുന്ന മാഹിൻ കണ്ണിനെ പൊലീസ് വിളിച്ചുവരുത്തി.

വിദ്യയെയും മകളെയും വേളാങ്കണ്ണിയിലെ സുഹൃത്തിന്റെ വീട്ടിലാക്കിയെന്നായിരുന്നു മാഹിൻ കണ്ണ് പറഞ്ഞത്. മൂന്നാം ദിവസം കൂട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞതോടെ മാഹിൻ കണ്ണിനെ പൊലീസ് വിട്ടയച്ചു. വീണ്ടും വിദേശത്തേക്ക് പോയി തിരിച്ചെത്തിയ മാഹിൻ കണ്ണ് പൂവാറിൽ ഭാര്യക്കും കുടുംബത്തിനുമൊപ്പം കഴിയുകയായിരുന്നു.

വിദ്യയെയും കുഞ്ഞിനെയും കാണാതായ കേസ് പത്ത് മാസം കഴിഞ്ഞപ്പോൾ മാറനെല്ലൂർ പൊലീസ് അൺനോൺ ആക്കി പൂഴ്‌ത്തി. ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നും സൂചനയുണ്ട്. മകളെ കാണാതായ ദുഃഖത്തിൽ ജയചന്ദ്രൻ കഴിഞ്ഞ വർഷം തൂങ്ങി മരിക്കുകയും ചെയ്തിരുന്നു.