മലപ്പുറം: തിരൂരിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനിടെ മെഡിക്കൽ കോളേജിലെ ഡോക്ടറെ കയ്യോടെ പൊക്കി വിജിലൻസ്. തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പിടിയിലായത് എല്ല് രോഗ വിദഗ്ധൻ അബ്ദുൽ ഗഫൂർ. പരിശോധന ദൃശ്യങ്ങൾ പുറത്ത് വന്നു. മഞ്ചേരി മെഡിക്കൽ കോളജിലെ ഡോക്ടറായ അബ്ദുൽ ഗഫൂർ, മെഡിക്കൽ കോളജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്ന ചട്ടം ലംഘിച്ചാണ് തിരൂരിൽ രോഗികളെ ചികിത്സിച്ചിരുന്നത്.

രണ്ടു വർഷമായി സ്വകാര്യ പ്രക്ടീസ് നടത്തുന്നതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സ്വകാര്യ പ്രാക്ടീസ്. രോഗികളെ പരിശോധിക്കുന്നതിനിടെയാണ് ഡിവൈ.എസ്‌പി ഫിറോസ് എം ഷഫീക്കിന്റെ നേതൃത്വത്തിൽ വിജിലൻസ് സംഘമെത്തിയത്.

ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അനുവിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. മഞ്ചേരി മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ അബ്ദുൾ ഗഫൂർ ആശുപത്രിയിൽ വേണ്ട രീതിയിൽ രോഗികളെ പരിഗണിക്കാറുമില്ലെന്ന ആരോപണമുണ്ട്.

ഡോക്ടറിൽ നിന്ന് മൊഴി രേഖപ്പെടുത്തി. റിപ്പോർട്ട് സർക്കാരിന് നൽകുമെന്ന് ഡിവൈ.എസ്‌പി ഫിറോസ് എം ഷഫീക്ക് പറഞ്ഞു. വിജിലൻസ് എസ്‌ഐ ശ്രീനിവാസൻ, സീനിയർ സി.പി.ഒമാരായ പ്രജിത്ത്, സലീം, സുബിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.