കോഴിക്കോട് : ചികിത്സക്കെത്തിയ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കോഴിക്കോട്ടെ പ്രമുഖ ശിശുരോഗ വിദഗ്ധൻ അറസ്റ്റിൽ . ചാലപ്പുറത്തെ ഡോ. സി എം അബുബക്കേഴ്‌സ് ക്ലിനിക് ഉടമയായ ഡോ. സിഎം അബൂബക്കറാണ് (76 ) ലൈംഗിക പീഡന കേസിൽ അറസ്റ്റിലായത് .

പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ കസബ ഇൻസ്‌പെക്ടർ എൻ പ്രജീഷാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ ഡോക്ടറെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നെഞ്ചുവേദന ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ഡോക്ടറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്ഷയരോഗത്തിന് പെൺകുട്ടി കാലങ്ങളായി ഇതേ ഡോക്ടറുടെ ചികിത്സയിലാണ് . കഴിഞ്ഞ ദിവസം അമ്മയ്ക്കും സഹോദരനുമൊപ്പമാണ് പെൺകുട്ടി ചികിത്സക്കെത്തിയത്. പരിശോധനാ മുറിയിൽ കയറിയ പെൺകുട്ടിയെ ഡോക്ടർ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. മുമ്പും ശരീരഭാഗങ്ങളിൽ കയറി പിടിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

ഡോക്ടർ കോൺഗ്രസ് നേതാവും ഭാര്യ കോർപറേഷൻ കൗൺസിലറുമാണ്. വർഷങ്ങൾക്ക് മുൻപ് സമാനരീതിയിൽ മലപ്പുറം സ്വദേശിനിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഡോക്ടറുടെ ക്ലിനിക്കിലേക്ക് ബഹുജന മാർച്ച് നടത്തിയിരുന്നു. അന്ന് നിർധന കുടുംബത്തിൽപ്പെട്ട കുട്ടിയുടെ വീട്ടുകർക്ക് വൻ തുക നൽകി കേസ് ഒതുക്കുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

ഇടയ്ക്കിടെ ഡോക്ടർക്കെതിരെ പരാതികൾ ഉയർന്നിട്ടും എല്ലാം ഒതുക്കി തീർക്കുകയായിരുന്നു. നേരത്തെയും സമാനമായ പരാതികൾ പലതവണ ഉയർന്നതായി സമീപ വാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ആരും രേഖാമൂലം പരാതി നൽകിയിരുന്നില്ല. ഡോക്ടർ കേസുകൾ പണം കൊടുത്ത് ഒതുക്കുകയായിരുന്നുവെന്നാണ് സമീപവാസികൾ വ്യക്തമാക്കുന്നത്.