പത്തനംതിട്ട: ഇന്നലെ രാത്രി 11.30 വരെ ജനറൽ ആശുപത്രിയിലെ ഡ്യൂട്ടിയിൽ വ്യാപൃതനായിരുന്ന ചീഫ് മെഡിക്കൽ ഓഫീസർ സി. ഗണേശ്‌കുമാർ ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും ആശുപത്രി ജീവനക്കാരും. ഇന്നലെ ഉച്ചയ്ക്ക് നാറാണംതോട്ടിൽ ബസ് മറിഞ്ഞ് പരുക്കേറ്റ ശബരിമല തീർത്ഥാടകരെ ആശുപത്രിയിലേക്ക് കൊണ്ടു വന്നപ്പോൾ ഓടി നടന്ന ചികിൽസയ്ക്കുള്ള നേതൃത്വം നൽകിയത് ഗണേശായിരുന്നു. 42 പേരെയാണ് ആശുപത്രിയിൽ എത്തിച്ചത്.

നിലയ്ക്കലിലെ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി കൊണ്ടു വന്ന പരുക്കേറ്റവരെ ശ്രദ്ധിക്കുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. രാത്രി പതിനൊന്നരയോടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയി. ഇന്ന് രാവിലെ പതിവ് സമയത്തും വരാതിരുന്നപ്പോൾ ഡോക്ടറുടെ ഫോണിലേക്ക് സഹപ്രവർത്തക വിളിച്ചു. അറ്റൻഡ് ചെയ്യാതെ വന്നപ്പോൾ താമസ സ്ഥലത്ത് ചെന്ന് നോക്കി.

വിളിച്ചിട്ടും കതക് തുറക്കാതെ വന്നപ്പോഴാണ് നാട്ടുകാരെയും സമീപവാസികളെയും വിവരം അറിയിച്ച് പിൻവശത്തെ കതക് പൊളിച്ച് അകത്തു കടന്നത്. കുറിപ്പ് എഴുതി വച്ച ശേഷമാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. പുന്നലത്ത് പടിയിലെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.

ഭാര്യയും ഡോക്ടറാണ്. ഒരു കുട്ടിയുമുണ്ട്. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.