കൊച്ചി: കോഴിക്കോട് പന്തീരങ്കാവിൽ നവവധുവിനെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി രാഹുലിനും കുടുംബത്തിനുമെതിരെ ആരോപണം കടുപ്പിച്ചു യുവതിയുടെ പിതാവ്. രാഹുൽ ലഹരി ഉപയോഗിക്കുന്ന ആളാണെന്നും ഈ പശ്ചാത്തലത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തണമെന്ന് യുവതിയുടെ പിതാവ് ആവശ്യപ്പെട്ടു. രാഹുൽ ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് വിവരമുണ്ട്. അവിടെയുള്ള റെസിഡൻസ് അസോസിയേഷൻ ഭാരവാഹിയാണ് ഇക്കാര്യം പറഞ്ഞത്. അതിനാൽ ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തണം.

മർദനമേറ്റ് മകൾ നിലവിളിച്ചിട്ടും രാഹുലിന്റെ അമ്മയും സഹോദരിയും തിരിഞ്ഞുനോക്കിയില്ല. കുട്ടിയെ രക്ഷിക്കാനും ശ്രമിച്ചില്ല. അവർക്കെതിരേയും അന്വേഷണം വേണമെന്നും പിതാവ് പറഞ്ഞു. സ്ത്രീധനം ചോദിച്ചില്ലെന്ന രാഹുലിന്റെ മാതാവിന്റെ ആരോപണവും പിതാവ് തള്ളിക്കളഞ്ഞു. 'എന്റെ മകന്റെ പൊസിഷനൊക്കെ അറിയാമല്ലോ, അതനുസരിച്ച് നിങ്ങൾ കാര്യമായി ചെയ്യുമല്ലോ' എന്നാണ് രാഹുൽ കെ.ഗോപാലിന്റെ അമ്മ ചോദിച്ചത്.

മകളെ ഗുരുതരമായി മർദിച്ചില്ല എന്ന രാഹുലിന്റെ അമ്മയുടെ വാദം പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെയും സഹോദരിയുടെയും ഒത്താശയോടെയാണു മർദനം നടന്നിട്ടുള്ളതെന്നും ഇവരിലേക്കുകൂടി അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണു യുവതിയുടെ പിതാവ് ഉന്നയിച്ചിട്ടുള്ളത്. അതിനിടെ കേസ് ഏറ്റെടുത്ത പുതിയ അന്വേഷണ സംഘം ഇന്നു പറവൂരിലെത്തി യുവതിയുടെയും കുടുംബത്തിന്റെയും മൊഴിയെടുക്കും.

അവൻ ചെയ്തതുകൊലപാതകശ്രമമാണ്. മൊബൈൽചാർജർ വയർകൊണ്ട് മകളുടെ കഴുത്ത് ഞെരിച്ചു. കീഴ്‌ച്ചുണ്ട് വലിച്ച് നഖം ഉള്ളിലേക്ക് അമർത്തി. തലയ്ക്ക് അടിച്ചു. അവന്റെ രണ്ട് വിവാഹനിശ്ചയം കഴിഞ്ഞതായാണ് വിവരം. കോട്ടയത്ത് ഒരു ഡോക്ടറുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അവരുമായി ഫോൺവിളിയെല്ലാം ഉണ്ടായിരുന്നു. എന്നാൽ രാഹുലിന്റെ ലഹരി ഉപയോഗവും സ്വഭാവവും മനസിലാക്കിയ ആ കുട്ടിയുടെ അച്ഛൻ കൂടുതൽ അന്വേഷണം നടത്തുകയും വിവാഹം വേണ്ടെന്ന് വെയ്ക്കുകയുമായിരുന്നു. രാഹുൽ ഒളിവിലാണെന്നാണ് കേൾക്കുന്നത്.

ഒളിവിൽ പോകാതെ പൊലീസിന്റെ നിരീക്ഷണത്തിൽ നിൽക്കേണ്ടതായിരുന്നു. മറ്റുള്ളവരുടെ സഹായം കൊണ്ടായിരിക്കും ഒളിവിൽപോയിരിക്കുന്നത്. ഇനി ഒരുകുട്ടിക്കും ഇത് സംഭവിക്കാതിരിക്കണമെങ്കിൽ അവനെ ശിക്ഷിക്കണമെന്നും തങ്ങളുടെ സൗകര്യാർഥം കേസ് എറണാകുളത്തേക്ക് മാറ്റണമെന്നും പിതാവ് പറഞ്ഞു. കേസിൽ പുതിയ ഉദ്യോഗസ്ഥന് അന്വേഷണച്ചുമതല നൽകിയതിൽ തൃപ്തനാണ്. കേരള പൊലീസിൽ വിശ്വാസമുണ്ട്. എന്നാൽ, പന്തീരാങ്കാവ് പൊലീസ് മോശമായാണ് പെരുമാറിയത്.

സംഭവത്തിൽ ഇന്നലെ മുഖ്യമന്ത്രിക്കും പരാതി നൽകി. അനുകൂല സമീപനമുണ്ടാകുമെന്ന് വിശ്വാസമുണ്ട്. ബുധനാഴ്ച എസ്‌പി. ഓഫീസിൽനിന്ന് മൊഴിയെടുക്കാൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും പിതാവ് പ്രതികരിച്ചു. കല്യാണം കഴിഞ്ഞ് മകളെ ജർമനിയിലേക്കു കൊണ്ടുപോകും എന്നാണ് രാഹുൽ പറഞ്ഞിരുന്നത് എന്നു പിതാവ് പറഞ്ഞു. ഇതിനായി 9ന് റിസപ്ഷനുവന്നതിനു ശേഷം പാസ്‌പോർട്ടിന്റെ കാര്യത്തിനായി ആലുവയിൽ പോയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

"എന്നാൽ ഇപ്പോൾ കേൾക്കുന്ന വാർത്തകൾ ഇവൻ വലിയ തട്ടിപ്പുകാരനാണ് എന്നാണ്. ജർമനിയിലേക്ക് കൊണ്ടുപോകാം എന്നു പറഞ്ഞു മറ്റു പെൺകുട്ടികളെയും പറ്റിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കണം. ഇതേ രീതിയിൽ ആളുകളെ കടത്തുകയോ മറ്റോ ചെയ്യുന്ന സംഘത്തിന്റെ ഏജന്റ് ആണോ രാഹുൽ എന്ന് അന്വേഷിക്കണം" യുവതിയുടെ പിതാവ് ആവശ്യപ്പെട്ടു.

അതേസമയം പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലിനായി ലുക്ക്ഔട്ട് സർക്കുലർ ഇറക്കി പൊലീസ്. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് നടപടി. രാഹുൽ സിംഗപ്പൂരിലെത്തിയെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ബസ് മാർഗം ബംഗളൂരുവിലെത്തി രാജ്യം വിട്ടതായാണ് സൂചന. ഇക്കാര്യത്തിൽ നോർത്തേൺ ഐജി സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.