ചാലക്കുടി: ഡോണാ സാജന്റെ കൊലപാതകിയായ ഭർത്താവിനെ ഇനിയും കണ്ടെത്താൻ കഴിയാതെ കനേഡിയൻ അന്വേഷണ സംഘം. കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണയുടെ സംസ്‌കാരം ഇന്ന് നടക്കും. ഡോണയെ കൊലപ്പെടുത്തിയ ഭർത്താവ് ലാൽ കെ.പൗലോസ് ഇപ്പോഴും ഒളിവിലാണ്. ഡോണയുടെ അക്കൗണ്ടിലുണ്ടായിരുന്ന ഒന്നരക്കോടി രൂപയും ഡോണയുടെ ഫോണും കൊണ്ടാണ് ലാൽ കടന്നു കളഞ്ഞത്. ലാൽ ഡൽഹിയിൽ വിമാനമിറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ലാലിന്റെ പാസ് പോർട്ടിന്റെ കാലാവധി 19 ന് കഴിഞ്ഞിരുന്നു. ഇയാൾ രാജ്യത്ത് തുടരുകയോ വ്യാജ പാസ് പോർട്ടിൽ നാടുവിടുകയോ ചെയ്യുമെന്നാണ് സംശയം. ലാൽ രക്ഷപെടാതിരിക്കാനുള്ള നടപടി പൊലീസ് വേഗത്തിൽ സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കേന്ദ്ര ഏജൻസികളുടെ സഹായം തേടണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. കാനഡ പൊലീസിന് ഇക്കാര്യത്തിൽ വലിയ വീഴ്ചയുണ്ടായി. അതിനിടെ ലാലിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഡോണയുടെ കുടുംബം ആവശ്യപ്പെട്ടു. അന്വേഷണത്തിന് കേന്ദ്ര ഏജൻസികളുടെ സഹായം തേടാനും ഡോണയുടെ കുടുംബം നീക്കം തുടങ്ങി.

പതിനെട്ട് ദിവസത്തിന് ശേഷം കാനഡയിൽ നിയമനടപടികൾ പൂർത്തിയാക്കിയാണ് ഡോണയുടെ മൃതദേഹം ജന്മനാട്ടിൽ എത്തിച്ചത്. മെയ് ഏഴിന് ഡോണയുടെ ഭർത്താവ് ലാൽ കെ. പൗലോസ് ഡോണയുടെ സഹോദരന് ഡോണയും താനും ആത്മഹത്യ ചെയ്യുകയാണെന്ന് ഇ മെയിൽ അയച്ചിരുന്നു. കാനഡ പൊലീസുമായി വീട്ടിലെത്തി പരിശോധന നടത്തുമ്പോഴാണ് ഡോണയുടെ മൃതശരീരം കണ്ടെത്തുന്നത്. ഒരുദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു മൃതശരീരത്തിന്. ചൂതാട്ടത്തിൽ ഉൾപ്പെട്ട് കടക്കാരനായ ലാൽ കെ പൗലോസ്, ഡോണയുമായി വഴക്കിട്ടിരുന്നു.

വീണ്ടും ചൂതാട്ടത്തിൽ പണമിറക്കുന്നത് ഡോണ തടഞ്ഞതുകൊലപാതകത്തിൽ കലാശിച്ചെന്നാണ് സംശയിക്കുന്നത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം ഡോണയുടേതുകൊലപാതകമെന്ന് കാനഡ പൊലീസ് ബന്ധുക്കളെ അറിയിച്ചിരുന്നു. പടിക്കല സാജന്റെയും ഫ്ളോറയുടെയും മകൾ ഡോണ സാജ (34)നെ മെയ് ഏഴിനാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഭർത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ കുടുംബാഗമായ ലാൽ കെ. പൗലോസാണ്. സംഭവ ദിവസംതന്നെ ലാൽ കെ. പൗലോസ് ഇന്ത്യയിലേക്ക് കടന്നുവെന്നാണ് സംശയം.

എട്ടുവർഷമായി ഇരുവരും കാനഡയിൽ അക്കൗണ്ടന്റായി ജോലിചെയ്യുന്നു. മൂന്നു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികൾ വിവരം നൽകിയതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയിൽ കണ്ടത്. ഭാര്യയെ കൊന്ന് ഭർത്താവ് നാടുവിട്ടുവെന്നാണ് സംശയം. ശാസ്ത്രീയ തെളിവുകളിലൂടെയാണ് ഡോണയുടേതു കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചത്.

അതിന് ശേഷമാണ് ഭർത്താവിനെതിരെ വാറണ്ടും പുറപ്പെടുവിച്ചത്. കാനഡ പത്രങ്ങളിലും വെബ് സൈറ്റിലും ഇയാളുടെ ചിത്രം സഹിതം വാർത്തയും നൽകി. പ്രതിയെ കുറിച്ച് വിവരമുള്ളവർക്ക് ബന്ധപ്പെടാൻ ഫോൺ നമ്പരും നൽകി. ഇതിനൊപ്പമാണ് കേരളത്തിലുള്ള ബന്ധുക്കളേയും വിവരം അറിയിക്കുന്നത്.