- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭര്‍ത്താവ് വിദേശത്തുള്ളവരുടെ ഭൂമി വിരലടയാളം പതിപ്പിച്ച് കൈക്കലാക്കുന്നതില്‍ വിരുതന്; പത്ത് കൊല്ലം മുമ്പ് മുങ്ങിയ 'സെയ്ദലവിയും' പൊങ്ങി; ജവഹര്‍ നഗറിലെ വസ്തുതട്ടിപ്പിന് ഉപയോഗിച്ചത് വ്യാജ ആധാര്‍ കാര്‍ഡുകളും; അനന്തപുരി മണികണ്ഠന് കേസിന് മാനങ്ങള്‍ ഏറെ; 'ഡോറ'യായി വേഷം കെട്ടിയ വസന്തയ്ക്ക് ഒന്നുമറിയില്ല!
തിരുവനന്തപുരം: ജവഹര്‍ നഗറിലെ വസ്തുതട്ടിപ്പിന് ഉപയോഗിച്ചത് വ്യാജ ആധാര്‍കാര്‍ഡുകളും. ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ കൂട്ടുപ്രതിയെ അനന്തപുരി മണികണ്ഠന്‍ എത്തിച്ചത് വിശദവിവരങ്ങള്‍ അറിയിക്കാതെയായിരുന്നു. വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ച സ്റ്റുഡിയോയിലും പോലീസ് പരിശോധന നടന്നതോടെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. തട്ടിപ്പില്‍ പ്രധാനപ്രതിയായ അനന്തപുരി മണികണ്ഠന്റെ ഉറ്റസുഹൃത്തായ സെയ്ദലിയാണ് വസന്തയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ആധാര്‍ കാര്‍ഡ് തയ്യാറാക്കിയത്. സെയ്ദലി 2015 ല്‍ തൃശൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പൂങ്കുന്നത്ത് മുതിര്‍ന്ന സ്ത്രീകള്‍ക്കായി അഗതിമന്ദിരം നടത്തിയിരുന്നു. ഭര്‍ത്താവ് വിദേശത്തുള്ളവരുടെ ഭൂമി വിരലടയാളം പതിപ്പിച്ച് കൈക്കലാക്കിയതുമായി ബന്ധപ്പെട്ട് മുന്‍പ് ഇയാള്‍ക്കെതിരേ കേസു രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ സെയ്ദാലി അറസ്റ്റിലാകുകയും ജാമ്യം നേടി മുങ്ങുകയുമായിരുന്നു. പത്തു വര്‍ഷത്തിനു ശേഷമാണു സെയ്ദാലിയെ ശാസ്തമംഗലത്തെ ഫ്‌ളാറ്റില്‍ നിന്നു വസ്തുതട്ടിപ്പു കേസുമായി പിടികൂടുന്നത്. ഇതോടെ കേസിന് പുതിയ മാനങ്ങള്‍ വരികയാണ്.
പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ കഴിഞ്ഞ ദിവസം ശാസ്തമംഗലം സബ്രജിസ്ട്രാര്‍ ഓഫീസിലും വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ച സ്റ്റുഡിയോയിലും തെളിവെടുപ്പിനെത്തിച്ചു. അനന്തപുരി മണികണ്ഠന്‍, സുനില്‍ ബാബു തോമസ് എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ആധാരം രജിസ്റ്ററാക്കിയ 2025 ജനുവരി നാലിനു മരുതൂര്‍ ഭാഗത്തു നിന്ന് ടാക്‌സിയില്‍ കരകുളം സ്വദേശിനി വസന്ത, ഇവരുടെ ചെറുമകള്‍ എന്നിവരെ കാറില്‍ കൊണ്ടുവന്നു. വസന്തയ്ക്ക് പരസഹായമില്ലാതെ നടക്കാന്‍ സാധിക്കാത്തതിനാലാണ് ചെറുമകളെയും ഒപ്പം കൂട്ടിയത്. ചികിത്സാ സഹായം വാങ്ങിനല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് മണികണ്ഠന്‍ വസന്തയെ സബ്രജിസ്ട്രാര്‍ ഓഫീസിലേക്കു കൊണ്ടുവന്നത്. അതിനുശേഷം സുനില്‍ തന്റെ ബൈക്കില്‍ സബ്രജിസ്ട്രാര്‍ ഓഫീസിലെത്തി. മണികണ്ഠന്‍ തന്റെ കിള്ളിപ്പാലത്തെ ഓഫീസില്‍ നിന്നാണ് സ്‌കൂട്ടറില്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയത്. വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയെടുക്കുന്നതിനായി വസന്തയുടെ ഫോട്ടോ മണികണ്ഠന്‍ തന്‍െ്റ മൊബൈല്‍ ഫോണില്‍ എടുക്കുകയായിരുന്നു. പിന്നീട് ഇതു ശാസ്തമംഗലത്തെ സ്റ്റുഡിയോയിലെത്തിച്ചാണ് പ്രിന്റ് എടുത്തത്. ആാധരം രജിസ്റ്റര്‍ ചെയ്യുന്ന നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം വന്ന കാറില്‍ തന്നെയാണ് വസന്തയും ചെറുമകളും തിരികെപ്പോയത്്.
ജവഹര്‍നഗറിലെ നാലരക്കോടിയോളം രൂപ വിലവരുന്ന വീടും വസ്തുവും തട്ടിയെടുക്കാന്‍ നേതൃത്വം നല്‍കിയത് ജവഹര്‍നഗറില്‍ താമസിക്കുന്ന വ്യവസായിയെന്ന് പോലീസ് പറയുന്നു. വ്യാജപ്രമാണത്തില്‍ പേരുള്ള ചന്ദ്രസേനന്റെ മകളുടെ ഭര്‍ത്താവായ അനില്‍ തമ്പിയെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പോലീസിന്റെ അന്വേഷണം. പ്രമാണത്തില്‍ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് അനില്‍ തമ്പിയാണ്. പിടിയിലായ കോണ്‍ഗ്രസ് നേതാവും വെണ്ടറുമായ അനന്തപുരി മണികണ്ഠനാണ് അനില്‍ തമ്പിയുടെ ഇടപെടല്‍ സംബന്ധിച്ച് പോലീസിനു മൊഴിനല്‍കിയത്. ജവഹര്‍നഗറിലെ തട്ടിയെടുത്ത വീടിന്റെ സമീപത്തെ ഫ്‌ളാറ്റിലാണ് അനില്‍ തമ്പിയും കുടുംബവും താമസിക്കുന്നത്. 2014 മുതല്‍ ഈ വസ്തു വാങ്ങാന്‍ അനില്‍ ശ്രമം നടത്തിയിരുന്നു. വിദേശത്തായ വസ്തു ഉടമ ഡോറ അസറിയ ക്രിപ്സ് തിരിച്ചുവരില്ലെന്നറിയാവുന്നതുകൊണ്ടാണ് വ്യാജപ്രമാണം നടത്തി തട്ടിച്ചെടുക്കാന്‍ ശ്രമിച്ചതെന്നാണ് കരുതുന്നത്. പോലീസ് അന്വേഷണം തന്നിലേക്കു തിരിഞ്ഞെന്നറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍പ്പോയെന്നാണ് സൂചന.
കേസിലെ രണ്ടാംപ്രതിയായ ചന്ദ്രസേനനെ ചോദ്യംചെയ്തപ്പോള്‍ അനിലാണ് വസ്തു വാങ്ങിയതെന്നാണ് മൊഴിനല്‍കിയത്. അനിലിനു നികുതിസംബന്ധിച്ച പ്രശ്‌നങ്ങളുള്ളതിനാലാണ് തന്റെപേരില്‍ രജിസ്റ്റര്‍ ചെയ്തതെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ വസ്തുവിന്റെ പ്രമാണം ഹാജരാക്കാന്‍ പോലീസ് പറഞ്ഞെങ്കിലും ഇവര്‍ തയ്യാറായിട്ടില്ല. ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് അനില്‍ തമ്പി അനന്തപുരി മണികണ്ഠനെ സമീപിക്കുന്നത്. അനിലിന്റെ അക്കൗണ്ടില്‍നിന്ന് മണികണ്ഠന് ഒരുകോടി പത്തുലക്ഷം രൂപ അയച്ചുകൊടുത്തതിന്റെ തെളിവുകളും പോലീസ് കണ്ടെത്തി. വീടിന്റെ പൂട്ടും ഗേറ്റും തകര്‍ത്ത് അകത്തു കയറിയതും പേരുള്ള ബോര്‍ഡ് നശിപ്പിച്ചതും അനില്‍ തമ്പിയുടെ നേതൃത്വത്തിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. നാലരക്കോടി വിലവരുന്ന വസ്തുവിന്റെ വിലയായി ഒന്നരക്കോടിയാണ് പ്രമാണത്തില്‍ കാണിച്ചിട്ടുള്ളത്.
മണികണ്ഠനാണ് വ്യാജ പ്രമാണങ്ങളിലൂടെ തട്ടിപ്പു നടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. വസ്തു ഉടമയെന്നപേരിലും വളര്‍ത്തുമകളെന്നപേരിലും രണ്ടുപേരെ കണ്ടെത്തി ധനനിശ്ചയം നടത്താനും പിന്നീട് വില്‍പ്പന നടത്താനും തീരുമാനിച്ചു. അനിലും മണികണ്ഠനും നിയമപരമായ ഇടപാടുകള്‍ക്ക് തങ്ങളുടെ പേരുകള്‍ ഉപയോഗിച്ചില്ല. മണികണ്ഠന്‍ ആദ്യം പ്രമാണം രജിസ്റ്റര്‍ ചെയ്യിച്ചത് ഒരു അഭിഭാഷകനെക്കൊണ്ടാണ്. രണ്ടാമത് തന്റെ സഹോദരന്റെ പേരിലായിരുന്നു പ്രമാണം എഴുതിച്ചത്. പക്ഷേ, ഇതിനെല്ലാം നേതൃത്വം നല്‍കിയത് മണികണ്ഠന്‍ തന്നെയാണ്.
ശാസ്തമംഗലം സബ്രജിസ്ട്രാര്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനുമായി മണികണ്ഠന് അടുത്ത ബന്ധമാണുള്ളത്. ഇയാളാണ് അടുത്തടുത്ത് രണ്ട് വ്യാജപ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിച്ചത്. വ്യജപേരില്‍ ആളുകളെ ഹാജരാക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തതും ഈ ഉദ്യോഗസ്ഥനാണെന്നാണ് സംശയിക്കുന്നത്.