കൊല്ലം: വീട്ടിൽ അവശനിലയിൽ കണ്ടതിനെ തുടർന്നു മൂന്നാഴ്ച മുൻപ് അധികൃതർ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയ റിട്ട. അദ്ധ്യാപിക മരിച്ചു. കടപ്പാക്കട എൻടിവി നഗർ 71 ബിയിൽ മേരിക്കുട്ടി (71) ആണ് ഇന്നലെ പുലർച്ചെ 2.45 നു മരിച്ചത്. മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

മേരിക്കുട്ടിയുടെ മരണത്തിൽ നാട്ടുകാർ ദുരൂഹത ആരോപിക്കുന്നുണ്ട്.ബാങ്ക് ജീവനക്കാരനായ ഏക മകൻ ഏതാനും വർഷം മുൻപു ഹൃദയാഘാതത്തെ തുടർന്നു മരിച്ചതോടെയാണ് മേരിക്കുട്ടി തനിച്ചായത്.കോടികളുടെ സ്വത്ത് ഉണ്ടായിരുന്ന മേരിക്കുട്ടി ആരോഗ്യത്തോടെ ജീവിക്കെവയാണു പെട്ടെന്ന് അവശയായത്.

മകന്റെ സുഹൃത്തുക്കൾ എന്നു പറഞ്ഞു അടുപ്പം സ്ഥാപിച്ച ചിലർ മേരിക്കുട്ടിക്ക് അമിത ഡോസ് മരുന്നു നൽകി അവശയാക്കി സ്വത്തുക്കൾ കവരാൻ ശ്രമിക്കുകയാണെന്നും അടിയന്തരമായി ഇടപെട്ടു ചികിത്സ ലഭ്യമാക്കണമെന്നും കാണിച്ചു കോർപറേഷനിലെ ബിജെപി കൗൺസിലർ ടി.ജി.ഗിരീഷ് കലക്ടർക്കും പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നു.

തുടർന്നു സാമൂഹിക നീതി വകുപ്പ്, തഹസിൽദാർ, പൊലീസ് എന്നിവർ എത്തി മേരിക്കുട്ടിയെ കഴിഞ്ഞ 8ന് ജില്ലാ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. മേരിക്കുട്ടിയുടെ സ്വത്ത് തട്ടിയെടുക്കാൻ ചിലർ ശ്രമിക്കുന്നതായും അന്വേഷണം വേണമെന്നു കാണിച്ചും ഗിരീഷ് പരാതി നൽകിയിരുന്നു. മരങ്ങളും വീട്ടിലെ ഓട്ടു പാത്രങ്ങളും കടത്തിക്കൊണ്ടു പോവുകയും അപരിചിതരായ ചിലർ വീട്ടുവളപ്പിൽ താമസിക്കുന്നതായും പരാതിയിൽ പറഞ്ഞിരുന്നു.

ആദ്യം കേസ് രജിസ്റ്റർ ചെയ്യാതിരുന്ന പൊലീസ്, മേരിക്കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർ പരാതി നൽകിയതോടെയാണു കേസെടുത്തത്. എന്നിട്ടും കാര്യമായ അന്വേഷണം നടത്തിയില്ലെന്നു പരാതിയുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഇന്നു പോളയത്തോട് മാർത്തോമ്മാ സെമിത്തേരിയിൽ സംസ്‌കരിക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.