ഭോപ്പാൽ: സമൂഹത്തിൽ ഇപ്പോൾ സ്ത്രീധനമില്ലാതെ ഒരു കല്യാണത്തെ കുറിച്ച് ആളുകൾക്ക് ചിന്തിക്കാൻ കൂടി മടിയാണ്. ഇതൊക്കെ പഴഞ്ചൻ ആചാരമല്ലേ എന്ന് പറയുമെങ്കിലും ഇപ്പോഴും നമ്മുടെ സമൂഹത്തിൽ സ്ത്രീധനമെന്ന ആചാരം നിലനിൽക്കുകയാണ്. അത് കാരണം പല കുടുംബ ജീവിതങ്ങളും താറുമാറായിട്ടുണ്ട്. തർക്കങ്ങളും കലഹങ്ങളും കാരണം പല ദമ്പതികളും വേർപിരിയുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അങ്ങനെയൊരു സംഭവമാണ് മധ്യപ്രദേശിൽ നടന്നിരിക്കുന്നത്.

സ്ത്രീധനമായി ആവശ്യപ്പെട്ട മഹീന്ദ്ര കമ്പനിയുടെ 'ഥാര്‍' നല്‍കാത്തതിന്റെ പേരില്‍ വിവാഹത്തില്‍നിന്ന് പിന്മാറി പ്രതിശ്രുതവരന്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. വിവാഹം നടക്കാതെ വന്നതോടെ പ്രതിശ്രുതവധുവിന്റെയും കുടുംബത്തിന്റെയും പരാതിയില്‍ സ്ത്രീധന നിരോധന വകുപ്പ് പ്രകാരം യുവാവിന്റെ പേരില്‍ പോലീസ് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വധുവും കുടുംബവും ബന്ധുക്കളും ഏറെനേരം കാത്തിരുന്നിട്ടും യുവാവും കുടുംബവും എത്തിയില്ല. തുടര്‍ന്ന് പ്രതിശ്രുതവധുവും കുടുംബവും പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

കല്യാണത്തിന്റെ തലേന്നാണ് യുവാവ് സ്ത്രീധനമായി ഥാറും സ്വര്‍ണവും പണവും ആവശ്യപ്പെടുന്നത്. താന്‍ ആവശ്യപ്പെട്ട സ്ത്രീധനം നല്‍കിയില്ലെങ്കില്‍ വിവാഹത്തില്‍നിന്ന് പിന്മാറുമെന്നും യുവാവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പ്രതിശ്രുതവധുവും കുടുംബവും ഇത് തമാശയാണെന്നാണ് കരുതിയത്. എന്നാല്‍ ബിസിനസ്സില്‍ നഷ്ടമുണ്ടായെന്നും അതിനാല്‍ പണം ആവശ്യമാണെന്നും യുവാവ് പറഞ്ഞിരുന്നതായി പ്രതിശ്രുതവധു വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം. പ്രതിശ്രുതവധുവിന്റെയും കുടുംബത്തിന്റെയും യുവാവ് ആരോപണങ്ങള്‍ നിഷേധിച്ചു. തനിക്ക് കടബാധ്യതയില്ലെന്നും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് യുവാവും കുടുംബവും അവകാശപ്പെടുന്നത്. അതുപോലെ, കിട്ടിയ സ്ത്രീധനം തികയുന്നില്ലെന്നും പറഞ്ഞ്. സ്കോർപിയോ കാറും 25 ലക്ഷം രൂപയും ആവശ്യപ്പെട്ട് യുവതിയ്ക്ക് ക്രൂരപീഡനം. ഉത്തർപ്രദേശിലാണ് സംഭവം. സ്ത്രീധനം ആവശ്യപ്പെട്ട് യുവതിക്ക് എച്ച്ഐവി കുത്തിവച്ചുവെന്ന പരാതിയിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിര കേസ് എടുക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് ഉത്തർ പ്രദേശിലെ ശരൺപൂരിലെ കോടതി.