- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
തിരുവനന്തപുരം: ആത്മഹത്യകളെല്ലാം അസ്വാഭാവികതകളാണ്. അതിനൊരു കാരണവും ഉണ്ടാകും. കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് ഒരാളെ എത്തിക്കുന്നത്. പഠിക്കാൻ മിടുമിടുക്കിയായിരുന്നു ഡോ അഭിരാമി. രോഗികളെ കരുണയോടെ കണ്ട ഡോക്ടർ. ഭർത്താവിനോടും സുഹൃത്തുകളോടുമെല്ലാം സ്‌നേഹം മാത്രം കാട്ടിയ വ്യക്തിത്വം. ആത്മഹത്യ ചെയ്യാൻ പ്രത്യേകിച്ചൊരു കാരണവും ഡോ അഭിരാമിക്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മരണത്തിൽ നിറയുന്നത് അസ്വാഭാവികത മാത്രമാണ്. എന്നാൽ ഇതൊന്നും ആരും അന്വേഷിക്കില്ല. കുടുംബത്തിന് പരാതിയില്ലാത്തതാണ് ഇതിന് കാരണം.
താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പി ജി സീനിയർ റസിഡന്റ് ഡോ. അഭിരാമിയുടെ മരണത്തിൽ അസ്വാഭാവികത സംശയിക്കുന്നില്ലെന്ന് ബന്ധുക്കൾ. ജോലി സ്ഥലത്തും വീട്ടിലും മറ്റ് പ്രശ്‌നങ്ങളൊന്നും ഉള്ളതായി അറിയില്ലെന്നും ബന്ധുവായ ശോഭൻകുമാർ പറഞ്ഞു. മരണകാരണം അറിയണം. സംഭവത്തിൽ മറ്റ് പരാതികളൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രതികരണം മുതലെടുത്ത് ഡോ അഭിരാമിയുടേത് വെറും ആത്മഹത്യയാക്കി മാറ്റാനാണ് നീക്കം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചിലർക്കും അങ്ങനെ ആകണമെന്നാണ് ആഗ്രഹം.
ഇന്നലെ ഉച്ചയ്ക്ക് അഭിരാമി അച്ഛനുമായി സംസാരിച്ചിരുന്നുവെന്നും ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിരുന്നതായും ബന്ധു വെളിപ്പെടുത്തി.കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പി ജി സീനിയർ റസിഡന്റായ അഭിരാമിയെ പിടി ചാക്കോ നഗറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി അനസ്‌തേഷ്യ മരുന്ന് ഓവർ ഡോസായി കുത്തിവച്ച് മരിച്ചതായാണ് വിവരം. അനസ്‌തേഷ്യാ മരുന്ന് എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കുന്നില്ല. പിജി പഠനം പൂർത്തിയാക്കിയ അഭിരാമി ഒരു വർഷത്തെ ബോണ്ട് കാലയളവിലായിരുന്നു. തിങ്കളാഴ്ച രാത്രിയും കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. മരിച്ച ദിവസം ഉച്ചവരേയും ജോലി ചെയ്തു.
അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നിരുന്നു. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തതുകൊണ്ടാണ് പോകുന്നതെന്നുമാണ് കുറിപ്പിൽ പറയുന്നത്. ഈ കുറിപ്പിൽ കൈയക്ഷര പരിശോധന അനിവാര്യമാണ്. എന്നാൽ കുടുംബം സമ്മർദ്ദം ചെലുത്താതുകൊണ്ട് അതിനൊന്നും പൊലീസ് കടക്കില്ല. അതുകൊണ്ട് തന്നെ ഡോ അഭിരാമിയുടെ മരണത്തിലെ വസ്തുതയും സത്യവുമൊന്നും പുറത്തു വരാനും സാധ്യതയില്ല. ഇടതുപക്ഷ ആഭിമുഖ്യം പുലർത്തുന്നതാണ് അഭിരാമിയുടെ കുടുംബം.
ജന്മനാടായ വെള്ളനാടിന്റെ അഭിമാനമായിരുന്നു ബാലകൃഷ്ണൻ നായരുടെയും രമയുടെയും മകൾ അഭിരാമി. കഠിനാദ്ധ്വാനത്തിലൂടെ സ്വന്തമാക്കിയ നേട്ടങ്ങളെല്ലാം പാതിവഴിയിൽ ഉപേക്ഷിച്ച് ചേതനയറ്റ ശരീരമായി ഇന്നലെ അഭിരാമിയെ കണ്ടവരെല്ലാം പൊട്ടിക്കരഞ്ഞു.മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ ചുറ്റും നിന്നവർ നിസ്സഹായരായി. ഭർത്താവ് ഡോ.പ്രതീഷും മാതാപിതാക്കളും കരഞ്ഞുതളർന്ന അവസ്ഥയിലായിരുന്നു. പോസ്റ്റുമോർട്ടത്തിനും മെഡിക്കൽ കോളേജിലെ പൊതുദർശനത്തിനും ശേഷം ഉച്ചയ്ക്ക് 2.50ഓടെയാണ് വെള്ളനാട് ഗവ.എച്ച്.എസ്.എസിന് പിറകിലുള്ള വീടായ അഭിരാമത്തിലെത്തിച്ചത്.
നാലുമാസം മുമ്പ് ഇതേ വീട്ടിൽ വച്ചായിരുന്നു ആഘോഷപൂർവം അഭിരാമിയുടെ വിവാഹച്ചടങ്ങുകൾ നടന്നത്.എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിച്ചിരുന്ന അഭിരാമിയുടെ മുഖത്തേക്ക് നോക്കാൻ പോലും കഴിയാതെ കൂടെ നിന്നവർ പൊട്ടിക്കരഞ്ഞു. മെഡിക്കൽ കോളേജിലെ സഹപാഠികളും അഭിരാമിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. ചടങ്ങുകൾക്കു ശേഷം മൃതദേഹം നാലോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ചൊവ്വാഴ്ചയാണ് മെഡിക്കൽ കോളേജിനു സമീപം പി.ടി.ചാക്കോ നഗറിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ അഭിരാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
(ദുഃഖവെള്ളി പ്രമാണിച്ച് നാളെ(29-03-2024) പൊതു അവധി ആയതിനാൽ മറുനാടൻ മലയാളി പ്രവർത്തിക്കുന്നതല്ല... അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)