- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിനിയെ വേദനിപ്പിച്ചാല്‍ സുജീത്ത് തളരുമെന്ന് വിലയിരുത്തി ക്രിട്ടിക്കല്‍കെയര്‍ സ്പെഷ്യലിസ്റ്റ്; ഒരു വര്‍ഷം മുമ്പും എത്തി; ഡോ ദീപ്തി അഴിക്കുള്ളില്‍
തിരുവനന്തപുരം: കൂറിയര്‍ നല്‍കാനെന്ന വ്യാജേന വനിതാ ഡോക്ടര്‍ വീട്ടിലെത്തി യുവതിയെ വെടിവെച്ചു പരിക്കേല്‍പ്പിച്ച കോട്ടയം നട്ടാശ്ശേരി വെട്ടിക്കാട്ടില്‍ ഡോ. ദീപ്തിമോള്‍ ജോസി(37)നെ ജയിലില്‍ അടച്ചു. ഒരു വര്‍ഷത്തെ തയ്യാറെടുപ്പ് നടത്തിയായിരുന്നു കൊലപാതക ശ്രമമെന്ന് കുറ്റസമ്മത മൊഴിയും കിട്ടി. ഞായറാഴ്ച രാവിലെയാണ് ദീപ്തി മുഖംമറച്ച് പെരുന്താന്നി ചെമ്പകശ്ശേരിയിലെ വീട്ടിലെത്തി ഗൃഹനാഥ ഷിനിയെ എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചത്. ആക്രമണത്തില്‍ ഷിനിയുടെ കൈപ്പത്തിക്കു പരിക്കേറ്റു.
എന്‍ആര്‍എച്ച്എം ജീവനക്കാരിയായ ഷിനിയുടെ ഭര്‍ത്താവ് സുജീത്തും ദീപ്തിയും അടുത്ത സുഹൃത്തുക്കളായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പി.ആര്‍.ഒ. ആയിരുന്നു സുജീത്ത്. ഇവിടെവെച്ചാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. എന്നാല്‍ സുജീത്ത് ഇവരുമായി അകന്ന്, മാലിയില്‍ ജോലി നേടി പോവുകയായിരുന്നു. പിന്നീട് സൗഹൃദം നിലനിര്‍ത്താന്‍ ദീപ്തി ശ്രമിച്ചെങ്കിലും സുജീത്ത് വഴങ്ങിയില്ല. എല്ലാ കാര്യവും ഭാര്യയോടും സുജിത്ത് പറഞ്ഞിരുന്നു. ദീപ്തിയില്‍ നിന്നും രക്ഷനേടാന്‍ കൂടിയായിരുന്നു മാലിയ്ക്ക് പോയത്.
പള്‍മനോളജിയില്‍ എം.ഡി. നേടിയശേഷം പലയിടത്തും ജോലിചെയ്ത ദീപ്തി ഇപ്പോള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ക്രിട്ടിക്കല്‍കെയര്‍ സ്‌പെഷ്യലിസ്റ്റായി ജോലിനോക്കുകയാണ്. ദീപ്തിയുടെ ഭര്‍ത്താവും ഡോക്ടറാണ്. ഇരുന്നൂറോളം ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ദീപ്തി സഞ്ചരിച്ച കാര്‍ കൊല്ലത്ത് എത്തിയതായി കണ്ടെത്തിയത്. ഷിനിയെ വേദനിപ്പിച്ചാല്‍ സുജീത്തിനു കടുത്ത മാനസികാഘാതമാകുമെന്ന് വിലയിരുത്തിയാണ് ആക്രമണം നടത്തിയത്.
ഒരുവര്‍ഷം മുന്‍പുതന്നെ ആക്രമണത്തിനു പദ്ധതിയിട്ടെങ്കിലും നടന്നില്ല. അന്ന് പെരുന്താന്നി ചെമ്പകശ്ശേരിയിലെത്തിയെങ്കിലും മടങ്ങിപ്പോയി. പിന്നീട് പലതവണ ആലോചിച്ചശേഷമാണ് എയര്‍പിസ്റ്റള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിനു പദ്ധതിയിട്ടത്. സുജീത്തിന്റെ വീടും പരിസരവും കൃത്യമായി അറിയാമായിരുന്നതിനാല്‍ എളുപ്പത്തിലെത്തി ആക്രമണം നടത്തി രക്ഷപ്പെടാനുമായി.
ആക്രമണത്തിനിരയായ ഷിനിയുടെ കുടുംബാംഗങ്ങളെയും ഭര്‍ത്താവ് സുജീത്തിനെയും പോലീസ് ചോദ്യംചെയ്തിരുന്നു. സുജീത്തില്‍നിന്നാണ് ഡോ. ദീപ്തിയുടെ പങ്കിനെക്കുറിച്ചുള്ള സംശയങ്ങള്‍ ലഭിച്ചത്. അതിന് മുമ്പ് തന്നെ കാറിന്റെ യാത്രാ വഴിയിലൂടെ ഡോക്ടറെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. സുജിത്തിന്റെ മൊഴി പോലീസ് സംശയത്തിന് ബലമേകി. ഇതോടെയായിരുന്നു അറസ്റ്റ്.