തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹതകൾ ഏറെ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് ഡോക്ടർ അഭിരാമി ബാലകൃഷ്ണനാ(30)ണ് മരിച്ചത്. വെള്ളനാട് ഭഗവതിക്ഷേത്രത്തിനു സമീപം അഭിരാമത്തിൽ മുൻ റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരൻ ബാലകൃഷ്ണന്റെയും രമാദേവിയുടെയും ഏക മകളാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണ്ണായകമാകും. ഇതിനിടെ കോളേജിൽ അഭിരാമിക്ക് ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും സൂചനകൾ വരുന്നുണ്ട്. ആത്മഹത്യാകുറിപ്പ് നിർണ്ണായകമാകും. ഇത് പൊലീസ് പുറത്തു വിട്ടിട്ടില്ല.

ചൊവ്വാഴ്ച വൈകീട്ടോടെ ഉള്ളൂർ പി.ടി.ചാക്കോ നഗറിലെ ഫ്‌ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മുറി തുറക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ പരിശോധനയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അമിതയളവിൽ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചുവെന്നാണ് നിഗമനം. ആറു മാസം മുൻപായിരുന്നു കൊല്ലം രാമൻകുളങ്ങര സ്വദേശി ഡോ. പ്രതീഷുമായി അഭിരാമിയുടെ വിവാഹം നടന്നത്. പ്രതീഷ് മുംബൈ ഇ.എസ്‌ഐ. ആശുപത്രിയിൽ ഡോക്ടറാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. തിരുവനന്തപും മെഡിക്കൽ കോളേജിൽ നിന്നും എംഡി പഠനം പൂർത്തിയാക്കിയ ശേഷം ബോണ്ട് നിബന്ധന പ്രകാരം ജോലി നോക്കുകയായിരുന്നു അഭിരാമി.

കഴിഞ്ഞ ഡിസംബറിൽ പി.ജി വിദ്യാർത്ഥിനിയായ ഡോ.ഷഹ്ന ആത്മഹത്യ ചെയ്തിരുന്നു. ഡോ.അഭിരാമിയുടെ മരണം കൂടിയായതോടെ മെഡിക്കൽ കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഞെട്ടലിലാണ്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാത്രിയും കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇന്നലെ റൂമിലെ സഹ താമസക്കാരി എത്തിയപ്പോഴാണ് മുറി അകത്തുനിന്ന് പൂട്ടിയത് ശ്രദ്ധയിൽപ്പെട്ടത്. തട്ടി വിളിച്ചിട്ടും മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് വീട്ടുടമസ്ഥരെ വിളിച്ചുവരുത്തി വാതിൽ പൊളിച്ച് കയറിയപ്പോഴാണ് അഭിരാമിയെ കട്ടിലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

കുടുംബ പ്രശ്‌നങ്ങളാണോ, കോളേജിലെ പ്രശ്‌നങ്ങളാണോ ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലീസ് അന്വേഷണത്തിലെ വ്യക്തമാകൂ. അഭിരാമി ഇന്നലെ ഉച്ചയ്ക്ക് ശേഷവും തന്നോട് ഫോണിൽ സംസാരിച്ചിരുന്നെന്ന് പിതാവ് ബാലകൃഷ്ണൻ പറഞ്ഞു. കൊല്ലത്ത് ഭർതൃഗൃഹത്തിൽ വൈകിട്ട് പോകുമെന്നാണ് പറഞ്ഞത്. അഭിരാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. പൊലീസ് നടത്തിയ പരിശോധനയിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.കുടുംബ പ്രശ്ങ്ങളോ മറ്റോ ആണോ ആത്മഹത്യക്ക് പ്രേരണയായതെന്ന കാര്യങ്ങൾ പൊലീസ് അന്വേഷണത്തിലെ വ്യക്തമാകൂ.

അജ്ഞാത രാസപദാർത്ഥം അനസ്തേഷ്യ മരുന്ന് ആണോയെന്ന കാര്യം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ അറിയാൻ കഴിയുകയുള്ളൂ. അസ്‌തേഷ്യ മരുന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ എങ്ങനെ സംഘടിപ്പിക്കുന്നുവെന്നത് അടക്കം ചർച്ചകളിൽ എത്തും. ഡോ ഷഹാനയുടെ മരണത്തിൽ പൊലീസിന് വലിയ വീഴ്ചകൾ തുടക്കത്തിൽ എത്തിയിരുന്നു. എസ് എഫ് ഐക്കാരനായ പ്രതിയെ രക്ഷിക്കാനായിരുന്നു തെളിവുകൾ ആദ്യം ഒളിപ്പിച്ചതെന്ന വാദവും ഉയർന്നു.

പിന്നീട് ഡോ റുവൈസ് അഴിക്കുള്ളിലാവുകയും ചെയ്തു. അതുകൊണ്ട് തന്നെ ഈ കേസിൽ മെഡിക്കൽ കോളേജ് പൊലീസ് എടുക്കുന്ന നടപടികൾ നിർണ്ണായകമാണ്.