- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേത്രശസ്ത്രക്രിയ കഴിഞ്ഞ ശേഷം രോഗിയുടെ ബന്ധുവിനോട് ആവശ്യപ്പെട്ടത് 3000 രൂപ; പണം കിട്ടിയിൽ ഡിസ്ചാർജ് എഴുതാമെന്നും വാഗ്ദാനം; പത്തനംതിട്ട ജനറൽ ആശുപത്രിയിലെ നേത്രരോഗ വിദ്ഗ്ധൻ ഷാജി മാത്യുവിനെ ഒപിയിൽ വച്ച് വിജിലൻസ് പിടികൂടിയത് കൈക്കൂലിയുമായി
പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധൻ ഷാജി മാത്യുവിനെ രോഗിയുടെ ബന്ധുവിൽ നിന്ന് കൈക്കൂലി കൈപ്പറ്റുന്നതിനിടെ ഓ.പിയിൽ നിന്ന് വിജിലൻസ് സംഘം പിടികൂടി. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ഇന്നലെ കണ്ണിന് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഇലവുംതിട്ട സ്വദേശിയായ രോഗിയുടെ ബന്ധു അജീഷിന്റെ പരാതിയിലാണ് അറസ്റ്റ്.
ശസ്ത്രക്രിയയ്ക്ക് 3000 രൂപയാണ് ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടത്. സർജറിക്ക് മുൻപ് തുക നൽകണമെന്നതാണ് ഡോക്ടറുടെ രീതി. അത് ലഭിക്കാതെ വന്നപ്പോഴാണ് ഡോക്ടർ കൈക്കൂലി ചോദിച്ചത്. 3000 രൂപ കൊടുത്താൽ ഡിസ്ചാർജ് എഴുതാമെന്ന് ഡോക്ടർ, അജീഷിനെ അറിയിക്കുകയായിരുന്നു. ഈ വിവരം അജീഷ് തൊട്ടടുത്ത് തന്നെ പ്രവർത്തിക്കുന്ന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഓഫീസിൽ ചെന്ന് അറിയിച്ചു.
തുടർന്ന് വിജിലൻസ് ഡിവൈ.എസ്‌പി ഹരി വിദ്യാധരന്റെ നേതൃത്വത്തിൽ കെണിയൊരുക്കി. രാവിലെ ഓപിയിലെത്തി പണം കൈമാറാനാണ് ഡോക്ടർ ആവശ്യപ്പെട്ടത്. പരാതി ഇന്നലെ തന്നെ ലഭിച്ചിരുന്നതിനാൽ രാവിലെ വിജിലൻസ് സംഘം മാർക്ക് ചെയ്ത നോട്ടുകൾ അജീഷിന് കൈമാറി. തുടർന്ന് ഇയാളെ ഡോക്ടറുടെ അടുത്തേക്ക് കയറ്റി വിട്ട ശേഷം ഉദ്യോഗസ്ഥർ മാറി നിന്നു. പണം ഡോക്ടർ ഷാജി മാത്യു കൈപ്പറ്റിയതിന് പിന്നാലെ വിജിലൻസ് സംഘമെത്തി പിടികൂടുകയായിരുന്നു. ഡിവൈ.എസ്‌പി ഹരി വിദ്യാധരന് പുറമേ ഇൻസ്പെക്ടർമാരായ രാജീവ്, അഷ്റഫ്, അനിൽ എന്നിവരാണ് പങ്കെടുത്തത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്