പത്തനംതിട്ട: കണ്ണ് ഓപ്പറേഷൻ കഴിഞ്ഞയാളെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ ഡോക്ടർ പിടിയിലാകുന്നത് വിജിലൻസിന്റെ കരുതലിന്റെ ഭാഗം. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ നേത്രരോഗ ഡോക്ടറായ കെ. ഷാജി മാത്യുവാണ് (64) അറസ്റ്റിലായത്. പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ നിന്നു വിരമിച്ച ശേഷം ദേശീയ ആരോഗ്യ ദൗത്യം പദ്ധതി പ്രകാരം കരാർ അടിസ്ഥാനത്തിൽ അവിടെത്തന്നെ ജോലി ചെയ്യുകയായിരുന്നു ഡോ. ഷാജി. സർക്കാർ പെൻഷനൊപ്പം കരാർ ജോലിയിലെ ശമ്പളവും കിട്ടിയിട്ടും തീരാത്ത ആക്രാന്തമാണ് ഡോക്ടറെ കുടുക്കിയത്.

തുമ്പമൺ സ്വദേശിയായ രോഗിയോട് 3000 രൂപയാണ് ആവശ്യപ്പെട്ടത്. വിജിലൻസ് ഡിവൈഎസ്‌പി ഹരി വിദ്യാധരന്റെ മുന്നിൽ ഇക്കാര്യം പരാതിയായി എത്തി. വിജിലൻസിന്റെ നിർദ്ദേശപ്രകാരം ഇന്നലെ രാവിലെ രോഗിയുടെ മകൻ ഒഫ്താൽമോളജി ഒപിയിൽ പണം കൈമാറി. ഈ സമയം പുറത്ത് കാത്തുനിന്ന വിജിലൻസ് സംഘം ഡോക്ടറെ പിടികൂടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 10.20ന് ആശുപത്രി ഒ.പിയിൽവെച്ച് 3000 രൂപ വാങ്ങുന്നതിനിടെയാണ് ഇയാളെ കൈയോടെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ഡോക്ടറെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

തുമ്പമൺ സ്വദേശി അജീഷാണ് പരാതി നൽകിയത്. ശസ്ത്രക്രിയക്ക് മുമ്പ് പണം വാങ്ങലായിരുന്നു ഷാജി മാത്യൂസിന്റെ രീതിയെന്ന് വിജിലൻസ് പറയുന്നു. കണ്ണിന്റെ ശസ്ത്രകിയ കഴിഞ്ഞ് ആശുപത്രയിൽ കഴിയുകയായിരുന്ന അച്യുതൻ എന്നയാളുടെ പക്കൽനിന്ന് പണം ലഭിക്കാതെവന്നപ്പോൾ മകൻ അജീഷിനോട് 3000 രൂപ ഡോക്ടർ ആവശ്യപ്പെട്ടു. അജീഷ് ഈ വിവരം ആശുപത്രിയുടെ സമീപത്ത് പ്രവർത്തിക്കുന്ന വിജിലൻസിന്റെ അഴിമതി വിരുദ്ധ ബ്യൂറോയിൽ അറിയിച്ചു. തുടർന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അടയാളപ്പെടുത്തിയ നോട്ടുകൾ നൽകി അജീഷിനെ ഡോക്ടറുടെ മുറിയിലേക്ക് പറഞ്ഞുവിട്ടു.

അജീഷ് നോട്ട് കൈമാറിയ ഉടൻ വിജിലൻസ് ഡിവൈ.എസ്‌പി ഹരി വിദ്യാധരന്റെ നേതൃത്വത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർമാരായ രാജീവ് ജെ.അനിൽകുമാർ, എസ്. അഷ്‌റഫ്, അസി. സബ് ഇൻസ്‌പെക്ടർമാരായ ഷാജി പി.ജോൺ, എൻ. രാജേഷ്‌കുമാർ, എം. ഹരിലാൽ, സിവിൽ പൊലീസ് ഓഫിസർമാരായ രാജീവ്, രാജേഷ്, അനീഷ് മോഹൻ, കിരൺ, വിനീഷ്, ജിനു, അജീർ എന്നിവരുമുണ്ടായിരുന്നു. അഴിമതി സംബന്ധിച്ച വിവരങ്ങൾ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064ലോ 8592900900 എന്നതിലോ വാട്‌സ്ആപ് നമ്പറായ 9447789100 എന്നതിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അഭ്യർത്ഥിച്ചു.

തിരുവല്ല മഞ്ഞാടി സ്വദേശിയാണ് അറസ്റ്റിലായ ഡോക്ടർ. 2005 ൽ സർക്കാർ സർവ്വീസിൽ നിന്നു വിരമിച്ചു. അതിന് ശേഷം ഇയാൾ എൻഎച്ച്എമ്മിന്റെ ഭാഗമായി താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. അഴിമതിക്കാരോട് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് ഡോക്ടറേയും കുടുക്കിയത്. അതിശക്തമായ നടപടികൾ ഇനിയും വിജിലൻസ് തുടരും. മുമ്പ് ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്നപ്പോൾ സമാനമായ ഇടപെടലുകൾ നടന്നിരുന്നു.

ജേക്കബ് തോമസ് മാറിയ ശേഷം എല്ലാം താളം തെറ്റി. അതിന് ശേഷം മനോജ് എബ്രഹാം വിജിലൻസിനെ നയിക്കുമ്പോൾ കൂടുതൽ കരുത്ത് അഴിമതി നിരോധന അന്വേഷണ സംവിധാനത്തിന് വരികയാണ്.