കൊച്ചി: ആരും ചിന്തിക്കാത്ത വഴികളിലൂടെയാണ് സ്വർണക്കടത്ത് മാഫിയ ഇപ്പോൾ സഞ്ചരിക്കുന്നത്. കസ്റ്റംസിനെയും ഡയറക്ടേറ്റ് ഓഫ് റവന്യു ഇന്റലിജൻസിനെയും, പൊലീസിനെയും ഒക്കെ കബളിപ്പിക്കാൻ, അമ്പരപ്പിക്കുന്ന തന്ത്രങ്ങളാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. പലപ്പോഴും പിടി വീഴുമെങ്കിലും. സ്വർണം രാസലായനിയിൽ അലിയിപ്പിച്ച് ടർക്കി ടവലുകളിൽ തേച്ചുപിടിപ്പിച്ച് കൊണ്ടുവരിക, ശീതള പാനീയ പൊടികളിൽ സ്വർണം കലർത്തുക എന്നിങ്ങനെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ചില സംഭവങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. ഏറ്റവുമൊടുവിൽ കൊച്ചി വിമാനത്താവളത്തിൽ, ബുധനാഴ്ച രാത്രി മൂന്നരക്കോടിയുടെ സ്വർണവേട്ടയാണ് നടന്നത്. തന്ത്രത്തിലെ പുതുമ എന്ന് പറയാമെങ്കിലും, ഇത് നാളുകളായി സ്വർണക്കടത്ത് മാഫിയ നടത്തി വരുന്നതാകാമെന്നും പറയുന്നു.

ബുധനാഴ്ച രാത്രി എത്തിയ ദുബായി-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ നിന്നാണ് 6.7 കിലോ സ്വർണം പിടിച്ചത്. രഹസ്യ വിവരത്തെ തുടർന്ന് ഡി ആർ ഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി സ്വർണം പിടിച്ചെടുക്കുകയായിരുന്നു. ആറുപേർ പിടിയിലായി. വിമാനത്തിൽ സീറ്റിനടിയിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം പൊതിഞ്ഞ് സീറ്റിനടിയിൽ വെച്ചിരിക്കുകയായിരുന്നു. ദുബായിൽ നിന്ന് കൊച്ചിയിൽ എത്തിയ വിമാനം പിന്നീട് ഡൽഹിക്കാണ് പോകുന്നത്. ദുബായിൽ നിന്ന് സ്വർണം കടത്തിക്കൊണ്ടുവന്ന മൂന്നുപേരെയും കൊച്ചിയിൽനിന്ന് ഡൽഹിക്ക് പോകാനായി വിമാനത്തിൽ കയറിയ മൂന്നുപേരെയുമാണ് ഡി.ആർ.ഐ. കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ആറ് പേരും മലപ്പുറം സ്വദേശികളാണ്.

ദുബായിൽ നിന്ന് സ്വർണവുമായി കയറുന്നവർ വിമാനത്തിലെ സീറ്റിനടിയിൽ സ്വർണം ഒളിപ്പിക്കും. കൊച്ചിയിൽനിന്ന് ആഭ്യന്തര യാത്രക്കാരായി കയറുന്ന സ്വർണക്കടത്ത് സംഘാംഗങ്ങൾ ഈ സ്വർണം എടുത്ത് സുരക്ഷിത കേന്ദ്രത്തിലെത്തിക്കും. പിടിയിലായവരിൽ ചിലർ മുൻപും ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് സൂചന.

ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ ശേഷം ഡൽഹിയിലേക്ക് പോകുന്ന വിമാനത്തിൽ പ്രത്യേകം ടിക്കറ്റെടുത്താണ് സ്വർണം കടത്താൻ ശ്രമം നടത്തിയത്. കൊച്ചിയിൽ നിന്നു ഡൽഹിയിലേക്ക് ബുക്ക് ചെയ്ത മൂന്നു പേർ അവിടെ ആഭ്യന്തര ടെർമിനലിലൂടെ സ്വർണം പുറത്തെത്തിക്കാനായിരുന്നു ശ്രമിച്ചത്. ആഭ്യന്തര ടെർമിനലുകൾ വഴി കാര്യമായ സ്വർണക്കടത്ത് നടക്കാത്തതുകൊണ്ട് കസ്റ്റംസ് പരിശോധനായും കാര്യമായി ഉണ്ടാകാറില്ല. ഇതാണ് മാഫിയ പഴുതാക്കിയത്്. ഇവർ ഇതിന് മുമ്പും ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടാകും എന്നാണ് സംശയിക്കുന്നത്.

സ്വർണം ആർക്കുവേണ്ടി കൊണ്ടുവന്നതെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. വിമാനത്തിലെയോ, വിമാനത്താവളത്തിലെയോ ആരുടെയെങ്കിലും സഹായം സ്വർണക്കടത്തിന് കിട്ടിയോ എന്ന സംശയവും നിലനിൽക്കുന്നു.

ശീതളപാനീയ പൊടികളിൽ കലർത്തി സ്വർണക്കടത്ത്

കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ കഴിഞ്ഞ ദിവസം 11 ലക്ഷം രൂപ വില വരുന്ന 215 ഗ്രാം സ്വർണം കസ്റ്റംസ് പരിശോധനയ്ക്കിടെ പിടികൂടിയിരുന്നു. കർണാടക ഭട്കൽ സ്വദേശി മുഹമ്മദ് നിഷാനിൽ നിന്നുമാണ് സ്വർണം പിടികൂടിയത് സ്വർണ മിശ്രിതം പൊടിയാക്കിയ ശേഷം പാൽപ്പൊടി, കാരമൈൽ പൗഡർ കോഫി ക്രീം പൗഡർ, ഓറഞ്ച് ടാങ്ക് പൗഡർ, എന്നിവയിൽ കലർത്തിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

നേരത്തെ, സ്വർണം രാസലായനിയിൽ അലിയിപ്പിച്ച് ടർക്കി ടവലുകളിൽ തേച്ചു പിടിപിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിലായിരുന്നു. 37 ലക്ഷം രൂപ വിലയുള്ള 743 ഗ്രാം സ്വർണവുമായി തലശേരി മുഴപ്പിലങ്ങാട് സ്വദേശി ചെറുവളപ്പിൽ നജീബാണ് പിടിയിലായത്. സംസ്ഥാനത്തെ വിമാന താവളങ്ങളിലൂടെ സ്വർണം കടത്തുന്നതിനായി എയർ കസ്റ്റംസിനെ കബളിപ്പിക്കാൻ സ്വർണ്ണക്കടത്തിന് പുതിയ രീതി അവലംബിക്കുകയാണ് പ്രതികൾ. സ്വർണ തോർത്തുകളുമായി ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ വെച്ച് രണ്ട് ദിവസം മുൻപ് പിടിയിലായിരുന്നു. തൃശ്ശൂർ സ്വദേശിയായ ഫഹദ് (26) ആണ് സ്വർണം കടത്താൻ പുതിയ രീതി പരീക്ഷിച്ച് കസ്റ്റംസിന്റെ വലയിലായത് കണ്ണൂർ രാജ്യാന്തര വിമാന താവളത്തിലൂടെയുള്ള സ്വർണക്കടത്ത് തടയുന്നതിനായി കസ്റ്റംസ് അതി ശക്തമായ സുരക്ഷാ സംവിധാനങ്ങളും പരിശോധനയുമാണ് ഒരുക്കിയിട്ടുള്ളത്.