പത്തനംതിട്ട: എ.ഐ കാമറയെയും വാഹന പരിശോധന നടത്തുന്ന പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും കബളിപ്പിക്കാൻ നമ്പർ പ്ലേറ്റിന് മാസ്‌കിട്ട് ആഡംബര ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാക്കൾ ഒടുവിൽ പൊലീസ് പിടിയിൽ. ഗതാഗത നിയമലംഘനങ്ങൾക്ക് പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പിഴയായി ലഭിച്ച ചെല്ലാൻ 40000 രൂപയുടേത്. ഡ്രൈവിങ് ലൈസൻസ് പോലുമില്ലാത്ത യുവാക്കൾ ഒടുവിൽ ബൈക്ക് പൊലീസിന് കൊടുത്ത് വീട്ടിലേക്ക് മടങ്ങി.

ബുധനാഴ്ച ഉച്ചയോടെ എസ്‌പി ഓഫീസ് ജങ്ഷന് സമീപം ട്രാഫിക് പൊലീസുകാരനാണ് പിന്നിലെ നമ്പർ പ്ലേറ്റ് മാസ്‌കിട്ട് മറച്ച ബൈക്കിൽ സഞ്ചരിച്ചിരുന്ന വടശേരിക്കര സ്വദേശികളായ യുവാക്കളെ പിടികൂടിയത്. ഇരുവർക്കും ഡ്രൈവിങ് ലൈസൻസുമുണ്ടായിരുന്നില്ല. കൂട്ടുകാരന്റെ വണ്ടിയാണ്, ഓടിച്ചു നോക്കുകയാണ് എന്നായിരുന്നു ഇവരുടെ വാദം.

വിവരമറിഞ്ഞ് സ്ഥലത്ത് വന്ന ട്രാഫിക് എസ്ഐ അജി സാമുവൽ വാഹനം കസ്റ്റഡിയിൽ എടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മോട്ടോർ വാഹന വകുപ്പിനെയും അറിയിച്ചു. തുടർന്നാണ് പിഴയുടെ ഘോഷയാത്ര ഉണ്ടായത്. കെടിഎം കമ്പനിയുടെ ബൈക്കാണിത്. വയനാട് സ്വദേശിയിൽ നിന്നും വടശേരിക്കര സ്വദേശികൾ വാങ്ങിയതാണ് ഈ വാഹനം. പക്ഷേ, ആർസി ബുക്കിലെ പേര് മാറ്റിയിരുന്നില്ല. തുടർന്ന് പൊലീസ് ആദ്യത്തെ ഉടമയുമായി ബന്ധപ്പെട്ടു.

താൻ വിറ്റതാണെന്ന് ഇയാൾ അറിയിച്ചു. ആദ്യ ഉടമയുടെ കൈവശമുള്ളപ്പോൾ വന്ന പിഴ അടക്കം അടയ്ക്കാനുണ്ട്. ബൈക്കിന് പൊലീസ് 23,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് 5000 രൂപയും ലൈസൻസില്ലാത്തയാൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിന് 5000 രൂപയും സാരിഗാർഡ് ഇല്ലാത്തതിന് 1000 രൂപയും നമ്പർ പ്ലേറ്റ് മാസ്‌ക് വച്ച് മറച്ചതിന് 7500 രൂപയും അടക്കമാണ് ആകെ 40000 രൂപ പിഴ വന്നിരിക്കുന്നത്.

വാഹനം ഓടിച്ചിരുന്നവർക്ക് ലൈസൻസില്ല. അവർക്കെതിരേ വേറെ പെറ്റിക്കേസ് ചുമത്തും. വാഹനം നിലവിൽ പൊലീസ് സ്റ്റേഷനിലുണ്ട്. ഉടമ വന്നാൽ വിട്ടു കൊടുക്കും. ആർടിഓ എടുത്ത പെറ്റിക്കേസിൽ അവർക്ക് വാഹനം കസ്റ്റഡിയിൽ സൂക്ഷിക്കാൻ അധികാരമുണ്ട്. അതിന് അവർ പൊലീസിന് റിപ്പോർട്ട് നൽകേണ്ടതായിട്ടുണ്ട്. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് രൂപമാറ്റം വരുത്തിയും മറച്ചും യാത്ര ചെയ്യുന്നവർക്കെതിരേ നിയമനടപടി തുടരുമെന്നും എസ്ഐ പറഞ്ഞു.