- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ നഗരം ഭരിക്കുന്നത് ഗുണ്ടാ സംഘങ്ങളും മയക്കുമരുന്ന് വിൽപനക്കാരും; പൊലീസ് വിവരമറിയുന്നത് അക്രമങ്ങളും കവർച്ചയും നടന്നതിന് ശേഷം; ലോകകകപ്പ് ഫുട്‌ബോൾ ആഹ്ലാദ പ്രകടനത്തിൽ മൂന്നുപേരെ കുത്തിയ പ്രതി ഇപ്പോഴും കാണാമറയത്ത്; മുഖ്യമന്ത്രിയുടെ തട്ടകത്തിൽ ജനങ്ങൾ അരക്ഷിതാവസ്ഥയിൽ
കണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പിന്റെ ചുമതലയുമുള്ള പിണറായി വിജയന്റെ തട്ടകമായ കണ്ണൂർ നഗരത്തിൽ ജനങ്ങൾ അരക്ഷിതാവസ്ഥയിൽ. കണ്ണൂർ നഗരത്തിൽ ഗുണ്ടാ, മയക്കുമരുന്ന് സംഘങ്ങൾ വിഹരിക്കുമ്പോഴും പൊലിസ് നോക്കുകുത്തിയാവുന്നുവെന്ന് പരാതി. മയക്കുമരുന്ന് വിൽപന, മോഷണം, ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കത്തിക്കുത്ത് എന്നിങ്ങനെ ഓരോ ദിവസവും സംഭവങ്ങൾ മാറിമാറി വന്നുകൊണ്ടിരിക്കുമ്പോഴും ഇതിനു തടയിടാൻ പൊലിസിനു കഴിയുന്നില്ല.
കണ്ണൂർ നഗരത്തിലെ മിക്ക സ്ഥലങ്ങളും രാത്രികാലമായാൽ ഗുണ്ടകളുടെയും മയക്കുമരുന്ന് സംഘത്തിന്റെ പിടിയിലാണ്. പൊലിസ് രാത്രികാല പട്രോളിങ് നടത്തുന്നുണ്ടെങ്കിലും സാമൂഹ്യവിരുദ്ധരെ അമർച്ച ചെയ്യാൻ കഴിയുന്നില്ല. പലപ്പോഴും അക്രമങ്ങളും കവർച്ചയും നടന്നതിനു ശേഷമാണ് പൊലിസ് വിവരമറിയുന്നത് തന്നെ. ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങൾ പടിവാതിക്കൽ എത്തി നിൽക്കവേ കണ്ണൂരിൽ എന്തു സംഭവിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
കഴിഞ്ഞ ദിവസം പയ്യാമ്പലം പള്ളിയാംമൂലയിൽ നടന്ന ലോകകപ്പ് ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ ആഹ്ളാദപ്രകടനത്തിൽ മൂന്നു പേർക്കാണ് കുത്തേറ്റത്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഈ സംഭവത്തിലെ മുഖ്യപ്രതിയെ പിടികൂടാൻ ഇതുവരെ പൊലിസിന് കഴിഞ്ഞിട്ടില്ല. പ്രതി ഇപ്പോഴും ഒളിവിലാണെന്നാണ് പൊലിസ് പറയുന്നത്.
രണ്ടാഴ്‌ച്ച മുൻപ് ചെട്ടിപീടികയിലെ ഒരു ബൈക്ക് ഷോറൂമിൽ നിന്നും മൂന്നുലക്ഷം രൂപ വിലയുള്ള ആഡംബര ബൈക്ക് മോഷ്ടിച്ച കേസിലെ രണ്ടു പ്രതികളുടെ ചിത്രം സി.സി.ടി.വി ക്യാമറയിൽ നിന്നും ലഭിച്ചുവെങ്കിലും പ്രതികൾ ഇപ്പോഴും കാണാമറയത്തു തന്നെയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ നഗരത്തിലെ ഒരു ഡോക്ടറുടെ വീട്ടിലടക്കം രണ്ടുവീട്ടിൽ കയറി മോഷണത്തിന് ശ്രമിച്ച കേസിലെ പ്രതിയെ കുറിച്ചു നാട്ടുകാർ വിവരം നൽകിയിട്ടും പൊലിസ് ചെറുവിരൽ അനക്കിയില്ലെന്നു പരാതിയുണ്ട്. കനത്തസുരക്ഷാക്രമീകരണങ്ങളുള്ള കണ്ണൂർ സെൻട്രൽ ജയിലിലെ ചപ്പാത്തി കൗണ്ടറിൽ മോഷണം നടന്നിട്ട് ഒന്നരവർഷം കഴിഞ്ഞിട്ടും പ്രതിയെ പൊലിസിന് ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
പൊലിസിന്റെ മൂക്കിൻ തുമ്പത്ത് നടക്കുന്ന മോഷണ കേസിലെ പ്രതികളെ പിടികൂടാൻ കഴിയാത്തവർ എങ്ങനെയാണ് കള്ളന്മാരെയും ഗുണ്ടകളെയും അമർച്ച ചെയ്യുകയെന്നാണ് പൊതുജനങ്ങൾ ചോദിക്കുന്നത്. രാത്രികാലങ്ങളിൽ നഗരത്തിലെത്തുന്നവർക്കെതിരെ ഗുണ്ടാ, കവർച്ചാ സംഘങ്ങൾ അക്രമം നടത്തുമ്പോൾ വിളിച്ചറിയിച്ചാലും പൊലിസിന്റെ സേവനം തക്കസമയത്ത് ലഭിക്കാറില്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്. കണ്ണൂർ നഗരത്തിലെത്തുന്നവരുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച സി.സി.ടി.വി ക്യാമറകൾ മിക്കതും പ്രവർത്തിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി.




