കൊച്ചി: അടുത്തകാലത്തുകൊച്ചിയിൽ ഡിആർഐ നടത്തിയ വലിയ മയക്കുമരുന്നു വേട്ടയാണ് കഴിഞ്ഞ ദിവസങ്ങളിൽ ടാൻസാനിയൻ സ്വദേശികളിൽ നിന്നും കൊക്കെയൻ കണ്ടെത്തിയ സംഭവം. 30 കോടിയുടെ കൊക്കെയ്‌നാണ് ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടിയത്. ക്യാപ്‌സൂൾ രൂപത്തിൽ വിഴുങ്ങി 30 കോടിയുടെ കൊക്കെയ്ൻ കൊച്ചിയിൽ എത്തിക്കുകയായിരുന്നു. കേസിൽ ടാൻസാനിയൻ യുവതിയുടെ അറസ്റ്റ് ഡിആർഐ രേഖപ്പെടുത്തി.

ടാൻസാനിയക്കാരി വെറോനിക്ക അഡ്രഹെലം നിഡുങ്കുരുവിന്റെ അറസ്റ്റാണ് ഡിആർഐ രേഖപ്പെടുത്തിയത്. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന യുവതിയുടെ വയറ്റിൽ നിന്ന് 90 കൊക്കൈൻ ക്യാപ്‌സൂളുകളാണ് കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ വെറോനിക്കയെ സംശയത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നീട് ശരീരം സ്‌കാൻ ചെയ്തപ്പോഴാണ് വയറിനുള്ളിൽ കൊക്കെയ്ൻ ക്യാപ്‌സൂളുകൾ ഒളിപ്പിച്ചതായി കണ്ടെത്തിയത്.

വെറോനിക്കയുടെ സഹയാത്രികനായിരുന്ന ടാൻസാനിയൻ പൗരൻ ഒമരിയിൽ നിന്ന് 19 കോടി രൂപ വിലവരുന്ന 1945 ഗ്രാം കൊക്കെയ്‌നാണ് കണ്ടെത്തിയത്. ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. എന്നാൽ വെറോനിക്കയുടെ വയറ്റിലുണ്ടായിരുന്ന കൊക്കെയ്ൻ പൂർണമായും പുറത്തെടുക്കാൻ കഴിയാത്തത് ഉദ്യോഗസ്ഥരെയും കുഴപ്പിച്ചു.

പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് കൊക്കെയ്ൻ വയറ്റിൽ സൂക്ഷിച്ചിരുന്നത്. ഡിആർഐ ഉദ്യോഗസ്ഥർ പഴങ്ങളും മറ്റും നൽകി ദിവസങ്ങളോളം കാത്തിരുന്ന ശേഷമാണ് വിസർജ്യത്തിലൂടെ കൊക്കെയ്ൻ ക്യാപ്‌സ്യൂളുകൾ പൂർണമായി പുറത്തെടുക്കാൻ കഴിഞ്ഞത്. വയറിനുള്ളിൽ വച്ച് ക്യാപ്‌സ്യൂൾ പൊട്ടിയാൽ ഇവരുടെ ജീവൻ പോലും അപകടത്തിലാകുമെന്ന ഭീഷണിയും ഉദ്യോഗസ്ഥർക്കു മുന്നിൽ ഉണ്ടായിരുന്നു. ഈ വെല്ലുവിളി അതിജീവിക്കാൻ കാത്തിരിക്കുകയായിരുന്നു അവർ.

1300 ഗ്രാമിലേറെ കൊക്കെയ്‌നാണ് വെറോനിക്കയുടെ വയറ്റിൽ നിന്ന് കണ്ടെടുത്തത്. സ്‌കാനിങ് റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളാണ് ഇവരുടെ റിമാൻഡ് റിപ്പോർട്ടിനൊപ്പം ഡിആർഐ സംഘം കോടതിയിൽ ഹാജരാക്കിയത്. അങ്കമാലി കോടതി രണ്ടാഴ്ചത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തത്. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ഇവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും കേസിൽ കൂടുതൽ പേർ അറസ്റ്റിലായേക്കുമെന്നും ഡിആർഐ ഉദ്യോഗസ്ഥർ സൂചന നൽകി.

കോടികൾ പ്രതിഫലമായി കിട്ടുമെന്നതിനാലാണ് ജീവൻ പോലും പണയം വച്ചുള്ള ലഹരി കടത്തിന് തയാറായതെന്നാണ് ഇവർ ഡിആർഐയ്ക്ക് നൽകിയ മൊഴി. ആഫ്രിക്കയിൽ നിന്നും ലഹരി മരുന്ന് സമാന മാർഗ്ഗത്തിൽ മുമ്പും കേരളത്തിൽ എത്തിയിരിക്കാം എന്നാണ് നിഗമനം. കൊച്ചിയിലേക്ക് ലഹരി എത്തുന്ന സംഭവങ്ങൾ അടുത്തകാലത്ത് വലിയ തോ്തിൽ വർധിച്ചിരുന്നു.