കൊച്ചി: ഉൾക്കടലിൽ നിന്ന് പിടികൂടിയ പതിനയ്യായിരം കോടിയുടെ രാസലഹരി പാക്കിസ്ഥാനിലെ ഹാജി സലിം ലഹരിമാഫിയ സംഘത്തിന്റേതെന്ന് വ്യക്തമാക്കി എൻസിബി. അതേസമയം ഈ നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട ഉന്നതരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല. മെത്താഫെംറ്റമിൻ എത്തിച്ച പ്ലാസ്റ്റിക് പെട്ടികളിൽ ഉത്പാദന കേന്ദ്രങ്ങളുടെ അടയാളങ്ങളായി റോളക്‌സ്, ബിറ്റ്‌കോയിൻ മുദ്രകളാണുള്ളത്. ലഹരിപായ്ക്കറ്റുകൾ തയാറാക്കിയത് അതീവ വൈദഗ്ദ്യത്തോടെയെന്ന് എൻസിബി വന്യക്തമാക്കി.

പ്ലാസ്റ്റിക് പെട്ടികളിൽ ഈർപ്പത്തെ പ്രതിരോധിക്കാൻ പഞ്ഞിയുൾപ്പെടെ വെച്ച് ഭദ്രമായിട്ടാണ് മെത്താഫെംറ്റമിന്റെ പാക്കിങ്. ദിവസങ്ങളോളം കടലിൽ സൂക്ഷിക്കാവുന്ന വിധം. ഓരോ പെട്ടികൾക്ക് മുകളിൽ ഉത്പാദിപ്പിച്ച കേന്ദ്രങ്ങളുടെ അടയാളമായി മുദ്രകൾ. തേളിന്റെ ചിത്രമടങ്ങിയ മുദ്രയ്ക്ക് പുറമെ ബിറ്റ് കോയിൻ, റോളക്‌സ് മുദ്രകളും പെട്ടിയിൽ. മൂന്നിലേറെ ലഹരിനിർമ്മാണ ലാബുകളിൽ നിർമ്മിച്ചതാണ് ലഹരിമരുനെന്നാണ് നിഗമനം.

ഇന്ത്യൻ ഏജൻസികൾ പിടിച്ചെടുത്ത 2525 കിലോഗ്രാമിലും കൂടുതൽ രാസലഹരി അറബിക്കടലിൽ മുക്കിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള പാക്കിസ്ഥാൻ സ്വദേശിയെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. കൂടാതെ, പിടിച്ചെടുത്ത ലഹരിമരുന്നിന്റെ വിപണി വില 25,000 കോടി രൂപ കവിയുമെന്നു പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. 15,000 കോടി രൂപയുടെ ലഹരിമരുന്നു പിടിച്ചതായാണു നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ആദ്യദിവസം റിപ്പോർട്ട് ചെയ്തതെങ്കിലും തുടർന്നു നടത്തിയ പരിശോധനയിലാണു വിപണിവില 25,000 കോടി രൂപ കവിയാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലെത്തിയത്.

എൻസിബിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററും പിൻതുടർന്നപ്പോഴാണു വെള്ളംകയറാത്ത രീതിയിൽ പൊതിഞ്ഞ ലഹരി പാഴ്‌സലുകൾ റാക്കറ്റ് കടലിൽ തള്ളിയത്. ഈ പാഴ്‌സലുകൾ ജിപിഎസ് സംവിധാനം ഉപയോഗിച്ചു റാക്കറ്റിനു വീണ്ടെടുക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അതിനു മുൻപ് അതു കണ്ടെത്തി കസ്റ്റഡിയിലെടുക്കാനുള്ള നീക്കം നാവിക സേനയുടെ സഹായത്തോടെ എൻസിബിയും നടത്തുന്നുണ്ട്.

ലഹരിമരുന്നു കടലിൽ എറിഞ്ഞ ശേഷം ഇവരുടെ സംഘത്തിലുണ്ടായിരുന്ന ആറു പേർ സ്പീഡ് ബോട്ടുകളിൽ കടന്നതായാണു മൊഴി. പിടിയിലായ പാക്കിസ്ഥാൻ സ്വദേശി ചോദ്യം ചെയ്യലിൽ 'സുബൈർ' 'സുബാഹിർ' തുടങ്ങിയ പേരുകൾ മാറിമാറി പറയുന്നുണ്ടെങ്കിലും യഥാർഥ പേരു മറ്റൊന്നാവാനാണു സാധ്യത. തെളിവെടുപ്പു പൂർത്തിയാക്കി പ്രതിയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തി കൊച്ചി മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കും.

സാധാരണ അഫ്ഗാനിസ്ഥാനിൽ ഉൽപാദിപ്പിച്ചു പാഴ്‌സൽ ചെയ്യുന്ന രാസലഹരി മരുന്നാണു പാക്കിസ്ഥാൻ ലഹരി റാക്കറ്റ് മറ്റു രാജ്യങ്ങളിലേക്കു കടത്തുന്നത്. എന്നാൽ ഇന്നലെ പിടിച്ചെടുത്ത ലഹരിമരുന്നു പായ്ക്കുചെയ്ത പ്ലാസ്റ്റിക് കണ്ടെയ്‌നറും ചാക്കും പാക്കിസ്ഥാനിൽ തന്നെ നിർമ്മിക്കപ്പെട്ടവയാണെന്നു തെളിഞ്ഞിട്ടുണ്ട്. ക്രിസ്റ്റൽ രൂപത്തിലുള്ള മെത്താംഫെറ്റമിൻ എന്ന ലഹരിമരുന്നാണു കഴിഞ്ഞ ദിവസം നാവികസേന പിടിച്ചെടുത്ത് എൻസിബിക്കു കൈമാറിയത്. ഹാജി സലിം നെറ്റ്‌വർക് ഭീകരപ്രവർത്തനത്തിനു ഫണ്ട് ചെയ്യുന്ന പാക്കിസ്ഥാൻ ഡ്രഗ് കാർട്ടലായതിനാൽ എൻസിബിക്കു പുറമേ ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും (ഐബി) അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

പിടിച്ചെടുത്ത ലഹരിമരുന്ന്, ഭീകരസംഘടനകൾക്കുവേണ്ടിയാണോ കടത്തിയതെന്ന് എൻസിബി അന്വേഷിക്കുന്നുണ്ട്. ലഹരിമരുന്നുപാക്കറ്റുകളിൽ കണ്ട തേൾ, വ്യാളി മുദ്രകളുടെ അർഥം കണ്ടെത്താനും ശ്രമം തുടങ്ങി. എൻഐഎയും അന്വേഷണം നടത്തും. 2021 മാർച്ച് 18ന് ഇന്ത്യൻ തീരത്ത് എകെ 47 തോക്കുകളും ആയിരത്തോളം വെടിയുണ്ടകളുമായി ശ്രീലങ്കൻ ബോട്ട് പിടികൂടിയ സംഭവത്തിനുപിന്നിൽ ഹാജി സലിമായിരുന്നു.ഇതിന് ശേഷം കഴിഞ്ഞ വർഷവും ഗുജറാത്തുകൊച്ചി തീരത്ത് മയക്കുമരുന്നു കടത്ത് കണ്ടെത്തിയിരുന്നു.

ഇറാനിലെ മക്രാൻ തുറമുഖത്തു നിന്ന്, 15,000 കോടി രൂപ വിലവരുന്ന 2500 കിലോഗ്രാം രാസലഹരി മരുന്നുമായി പുറപ്പെട്ട പാക്ക്‌ബോട്ട് ഇന്ത്യൻ സമുദ്രമേഖലയിൽ പ്രവേശിച്ചതോടെ നാവിക സേന നോട്ടമിടുകയായിരുന്നു. പാക്കിസ്ഥാനിൽ ഉൽപാദിപ്പിക്കുന്ന 'അൽ ഹുസൈൻ' ബസുമതി അരി ബ്രാൻഡ് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ചാക്കുകൾ തുന്നിക്കൂട്ടിയാണു ലഹരിമരുന്നു പാഴ്‌സലുകൾ പൊതിഞ്ഞിട്ടുള്ളത്. കടലിൽ നിന്നു പിടികൂടിയ ലഹരിമരുന്ന് കൊച്ചി തുറമുഖത്ത് എത്തിക്കുകയായിരുന്നു.

അതേസമയം ഇന്ത്യൻ നാവികസേനയുടെ കപ്പലും ഹെലികോപ്റ്ററും പിന്തുടരുന്ന കാര്യം മനസ്സിലാക്കിയ ലഹരി കടത്തു സംഘം ലഹരിമരുന്നു കടത്തിക്കൊണ്ടുവന്ന മദർ ഷിപ്പ് മുക്കിയ ശേഷമാണു കടന്നുകളഞ്ഞതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ലഹരിമരുന്നു പിടിച്ചതിനെ തുടർന്നുള്ള അന്വേഷണം ഏകോപിപ്പിക്കാൻ എൻസിബി ഡപ്യൂട്ടി ഡയറക്ടർ സഞ്ജയ് കുമാർ സിങ് കൊച്ചിയിൽ എത്തിയിരുന്നു. കപ്പലിൽ ഉണ്ടായിരുന്ന മറ്റു കടത്തുകാർ ചെറുബോട്ടുകളിൽ ലക്ഷദ്വീപിലെ ആളൊഴിഞ്ഞ തുരുത്തുകളിലേക്കു കടന്നുകളഞ്ഞതായുള്ള സംശയത്തെ തുടർന്നു കടലിലും കരയിലും തിരച്ചിൽ ശക്തമാക്കി.

ഈ കാർട്ടലുകളുടെ കണ്ണിൽ കരടാകുന്ന ഓപ്പറേഷനാണ് നടന്നിരിക്കുന്നത്. ലഹരിമരുന്ന് കടത്താനുപയോഗിച്ച ചാക്കുകളിൽ നിറയെ പാക്കിസ്ഥാൻ മുദ്രകൾ കണ്ടെത്തിയിട്ടുണ്ട്. 'മെയ്ഡ് ഇൻ പാക്കിസ്ഥാൻ' എന്നെഴുതിയിട്ടുള്ള ബസ്മതി അരിച്ചാക്കുകളിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. 'ഖുശ്‌ബു ബസ്മതി റൈസ്' എന്ന് ഇംഗ്ലീഷിലെഴുതിയ ഒരു ചാക്കിൽ 'ഹാജി ദാവൂദ് ആൻഡ് സൺസ്' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിലെ ക്യു.ആർ.കോഡ് സ്‌കാൻ ചെയ്താൽ കിട്ടുന്നത് 'അൽ ഹുസൈൻ ട്രേഡിങ് ഖുശ്‌ബു ബസ്മതി റൈസ് 25 കി.ഗ്രാം' എന്ന ഉറുദുവാചകമാണ്.

555 സ്പെഷ്യൽ ക്വാളിറ്റി എന്നെഴുതിയ മറ്റൊരു ചാക്കിൽ ഉണ്ടാക്കിയ വർഷവും കാലാവധി കഴിയുന്നതായി 03/2019 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ചിലതിൽ ബിറ്റ്കോയിന്റെയും തേളിന്റെയും അടയാളങ്ങൾക്കൊപ്പം ഇംഗ്ലീഷ് വാചകങ്ങളെഴുതിയ സീലുമുണ്ടായിരുന്നു. 'വിജയിക്കുന്ന മനുഷ്യർ രണ്ട് കാര്യങ്ങൾ ചെയ്യുന്നു. ഒന്ന് നിശബ്ദരായിരിക്കുക, അല്ലെങ്കിൽ ചിരിക്കുക' എന്നായിരുന്നു ഒരു വാചകം. തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെയുള്ളവ രേഖപ്പെടുത്തിയിരുന്നതെന്ന് എൻ.സി.ബി. ഉദ്യോഗസ്ഥർ പറഞ്ഞു.