- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ആശാനും അകത്തായി; കൂട്ടുപ്രതിയായി സിനിമാ നടനും; എം ഡി എം എ യുമായി ആശാൻ സാബുവും 'ചാർലിയും' പിടിയിൽ; ആശാൻ പിടിയിലാകുന്നത് ഇടപ്പള്ളിയിൽ കളക്ഷനായി ഏജന്റുമാരെ കാത്തുനിൽക്കുമ്പോൾ; പിടിച്ചെടുത്തത് 22 ഗ്രാം എംഡിഎംഎ
കൊച്ചി: എറണാകളം ടൗൺ കേന്ദ്രികരിച്ച് മയക്കുമരുന്ന് വിതരണം നിയന്ത്രിയിരുന്ന ക്വട്ടേഷൻ തലവൻ എക്സൈസിന്റെ പിടിയിൽ. കൊച്ചി ഞാറയ്ക്കൽ കിഴക്കേ അപ്പങ്ങാട്ട്, ബ്ലാവേലി വീട്ടിൽ, ശ്യാം കുമാർ (ആശാൻ സാബു) (38) സിനിമാതാരമായ തൃശൂർ കാര്യാട്ടുകര സ്വദേശി മേലേത്ത് വീട്ടിൽ നിധിൻ ജോസ് (ചാർലി) (32) എന്നിവരെയാണ് എറണാകുളം എൻഫോഴ്സ്മെന്റ് അസ്സി. കമ്മീഷണറുടെ മേൽ നോട്ടത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ടീം പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് 22 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
മയക്ക് മരുന്ന് കടത്തിയിരുന്ന സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. വധശ്രമം, അടിപിടി, ഭവന ഭേദനം, മയക്ക് മരുന്ന് കടത്ത് തുടങ്ങി ഒട്ടേറേ ക്രിമിനൽ കേസ്സിലെ പ്രതിയായ ആശാൻ സാബുവാണ് കൊച്ചിയിലെ മയക്ക് മരുന്ന് ശ്യംഖല നിയന്ത്രിച്ചിരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇയാളുടെ ശ്യംഖലയിൽ ഉൾപ്പെട്ട പത്തോളം പേരെ എൻഫോഴ്സ്മെന്റ് അസ്സി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നെങ്കിലും ആശാനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
സിനിമാ നടനെ കൂട്ടുപിടിച്ച് ആശാൻ എംഡിഎംഎ കച്ചവടം എറണാകുളം ടൗണിൽ വ്യാപിപ്പിച്ചിട്ടുണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആശാന് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. തുടർന്ന് ഇടപ്പള്ളി ഭാഗത്ത് മയക്ക് മരുന്ന് വിറ്റതിന്റെ കളക്ഷൻ എടുക്കുവാൻ ഏജന്റുമാരെ കാത്ത് നിൽക്കുകയായിരുന്ന ആശാൻ സാബുവിനെ എംഡിഎംഎ യുമായി എക്സൈസ് പിടികൂടുകയായിരുന്നു. അക്രമാസക്തനായ ഇയാളെ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ മൽപ്പിടുത്തത്തിലൂടെയാണ് എക്സൈസ് സംഘം കീഴ്പ്പെടുത്തിയത്.
ആശാൻ സാബു തന്നെ നേരിട്ട് ബാംഗ്ലൂരിൽ ചെന്ന് അവിടെയുള്ള ഒരു നീഗ്രോയുടെ അടുത്തു നിന്ന് മയക്ക് മരുന്ന് വാങ്ങി കൊച്ചിയിൽ എത്തിച്ച ശേഷം, സിനിമാ നടന്റെ സഹായത്തോടെ വൻതോതിൽ മയക്ക് മരുന്ന് വിറ്റഴിച്ച് വരുകയായിരുന്നു. ആശാൻ തന്ന വിവരത്തെ തുടർന്നാണ് സിനിമാ നടൻ എംഡിഎംഎ യുമായി പിടിയിലായത്. ഈ അടുത്തിടെ ഇറങ്ങിയ ചലച്ചിത്രങ്ങളിൽ 'ചാർലി' എന്ന പേരിൽ പ്രധാന ചില വേഷങ്ങൾ ചെയ്തു വന്നയാളാണ് നടൻ നിധിൻ ജോസ്. അതിനിടയിലാണ് മയക്കുമരുന്നുമായി പിടിയിലാകുന്നത്.
ഇത്തരത്തിലുള്ള സിന്തറ്റിക്ക് ഡ്രഗ് 10 ഗ്രാമിൽ കൂടുതൽ കൈവശം വച്ചാൽ 20 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന അധീവ ഗൗരവകരമായ കുറ്റമാണ്. പിടിയാലയതിന് ശേഷവും നിരവധി പേരാണ് മയക്ക് മരുന്ന് ആവശ്യപ്പെട്ട് കൊണ്ട് ആശാൻ സാബുവിനെ വിളിച്ചിരുന്നത്. ഈ മയക്ക് മരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഇവരുടെ മയക്ക് മരുന്ന് ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
അസ്സി. കമ്മീഷണർ ബി. ടെനിമോൻ, സർക്കിൾ ഇൻസ്പെക്ടർ എം. സജീവ് കുമാർ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ ,സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്സൈസ് ഓഫീസർ എൻ.ഡി ടോമി, ഇ.എൻ.ജിതിൻ, സ്പെഷ്യൽ സ്ക്വാഡ് സിഇഒ മാരായ അഭിലാഷ് ടി.ആർ, ടി.പി. ജെയിംസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ലേഖകന്.