- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്തസമ്മർദം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന അലോപ്പതി മരുന്നുകൾ അനധികൃതമായി വിൽപ്പന നടത്തി; മഞ്ചേരിയിലെ സ്വകാര്യ ഔഷധ മൊത്തവിതരണ വ്യാപാര സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കൺട്രോൾ വിഭാഗം കേസെടുത്തു
മലപ്പുറം: രക്തസമ്മർദം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്നതും എന്നാൽ ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നതുമായ ആലോപ്പതി മരുന്നിന്റെ അനധികൃത വിൽപ്പന നടത്തിയ മഞ്ചേരിയിലെ സ്വകാര്യ ഔഷധ മൊത്തവിതരണ വ്യാപാര സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കൺട്രോൾ വിഭാഗം കേസെടുത്തു. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്ക്സ് ആക്റ്റ്, 1940 റൂൾസ്, 1945 പ്രകാരമാണ് നടപടി സ്വീകരിച്ചത്.
ബോഡി ബിൽഡേഴ്സും കായികതാരങ്ങളും ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്ന മെഫന്റർമിൻ സൾഫേറ്റ് എന്ന ഇഞ്ചക്ഷനാണ് ഹോൾസെയിൽ സ്ഥാപനത്തിൽ നിന്നും പിടിച്ചെടുത്തത്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ രണ്ടര ലക്ഷത്തിനടുത്ത് വില വരുന്ന 850 ഇഞ്ചക്ഷനുകളാണ് കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും ഈ സ്ഥാപനം വാങ്ങിയിട്ടുള്ളത്.
എന്നാൽ വിൽപ്പന ബില്ലുകൾ ഇല്ലാതെ അനധികൃതമായാണ് സ്ഥാപന ഉടമ ഈ മരുന്ന് വിൽപ്പന നടത്തിയിരുന്നതെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. ജിമ്മുകളിൽ നൽകുവാൻ ഏജന്റുമാർക്ക് എത്തിച്ചു കൊടുക്കുവാൻ വേണ്ടിയാണ് മരുന്ന് വാങ്ങിയിരുന്നത് എന്നാണ് പ്രാഥമിക നിഗമനം.
രക്തസമ്മർദം കൂട്ടുന്നതിനായി അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന മരുന്നാണ് മെഫെന്റർമിൻ സൾഫേറ്റ് . ഷെഡ്യൂൾ ഒ വിഭാഗത്തിൽ പെടുന്നതും ഡോക്ടറുടെ നിർദേശത്തോടെ മാത്രം നൽകുന്ന ഇൻജെക്ഷൻ രൂപത്തിലുള്ള മരുന്നാണിത്. ഡോക്ടറുടെ നിർദേശമില്ലാതെയുള്ള മരുന്നിന്റെ അനിയന്ത്രിത ഉപയോഗം ഹൃദയാഘാതം, ഉറക്കമില്ലായ്മ, മാനസികപ്രശ്നം തുടങ്ങിയ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കും. 17,000 രൂപയുടെ മരുന്നും പർച്ചേസ് രേഖകളും സ്ഥാപനത്തിൽ നിന്നും കണ്ടെടുക്കുകയും മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
മലപ്പുറം ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടർ ഡോ. എം.സി നിഷിത്, ഡ്രഗ്സ് ഇൻസ്പെക്ടർ ആർ. അരുൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ലഹരിക്കു വേണ്ടി ദുരുപയോഗം ചെയ്യപ്പെടുന്ന അലോപ്പതി മരുന്നുകളുടെ അനധികൃത വിൽപ്പന നിരീക്ഷിച്ചു വരുന്നതായും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡ്രഗ്സ് കൺട്രോൾ വകുപ്പ് അറിയിച്ചു.
ആവണി ഗോപാല് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്