കൊച്ചി: യൂടൂബ് ചാനൽ അവതാരകയെ അധിക്ഷേപിച്ച കേസ് ഒത്തുതീർപ്പിലെത്തുമ്പോഴും നടൻ ശ്രീനാഥ് ഭാസിക്ക് മയക്കുമരുന്ന് പരിശോധന ഫലം നിർണായകമാകും. നൽകിയ പരാതി അവതാരക പിൻവലിക്കുമ്പോഴും ഇതിനോടനുബന്ധമായി പൊലീസ് നടത്തിയ ലഹരി പരിശോധനയുടെ ഫലം ഇനിയും പുറത്തുവന്നിട്ടില്ല. മയക്കുമരുന്ന് ഉപയോഗിച്ചെന്ന് പരിശോധനയിൽ കണ്ടെത്തിയാൽ പൊലീസിന് തുടർ നടപടികളുമായി മുന്നോട്ട് പോകാം. പരിശോധന ഫലത്തിൽ മയക്കുമരുന്ന് ഉപയോഗം തെളിഞ്ഞാൽ തുടർ നടപടി ഉണ്ടാകുമെന്ന സൂചനയാണ് പൊലീസ് വൃത്തങ്ങൾ നൽകുന്നത്.

അഭിമുഖം നടക്കുന്ന സമയത്ത് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നു എന്ന സംശയത്തിലാണ് അന്ന് പൊലീസ് സ്വമേധയാ സാമ്പിളുകൾ ശേഖരിച്ചത്. ഇതിന് പിന്നാലെ ശാസ്ത്രീയ പരിശോധനയ്ക്ക് ഈ സാമ്പിളുകൾ അയക്കുകയും ചെയ്തിരുന്നു. നടന്റെ നഖം, തലമുടി, രക്ത സാമ്പിൾ എന്നിവയടക്കം ശേഖരിച്ചാണ് പൊലീസ് പരിശോധനക്ക് അയച്ചത്.

പരാതിക്കിടയായ സമയത്ത് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്തലാണ് പ്രഥമ ലക്ഷ്യം. സിനിമ രംഗത്ത് നിന്ന് തന്നെ മുമ്പുണ്ടായ പരാതികളിൽ ലഹരി പരിശോധന നടത്താതിരുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് പൊലീസ് ഇത്തവണ മുൻകരുതലെടുത്തത്. ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ 90 ദിവസം വരെ ശേഷിപ്പുകൾ കണ്ടെത്താനാകുന്ന തരത്തിലുള്ള ശാസ്ത്രീയ പരിശോധനയാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ പരിശോധന ഫലം കാത്തിരിക്കുകയാണ് പൊലീസ്.

അതേസമയം തന്നെ അസഭ്യം പറഞ്ഞെന്ന പരാതി വിവാദമായതോടെ നടനെ വിലക്കിയ സിനിമ സംഘടനകളുടെ നിലപാട് തുടരും. ഇക്കാര്യത്തിൽ ഉടൻ പുനരാലോചനയില്ലെന്നാണ് സംഘടന വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് താത്കാലികമായി മാറ്റി നിർത്താൻ സിനിമ നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചത്. പരാതിക്കാരിയായ ഓൺലൈൻ മാധ്യമപ്രവർത്തകയെയും ശ്രീനാഥ് ഭാസിയെയും വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷമാണ് സംഘടന താത്കാലിക വിലക്ക് പ്രഖ്യാപിച്ചത്.

നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ ശ്രീനാഥ് ഭാസി പൂർത്തിയാക്കണമെന്ന് വിലക്ക് നടപടി വിശദീകരിച്ച ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം രഞ്ജിത്ത് വ്യക്തമാക്കി. അതേസമയം വിലക്ക് വീണതോടെ ശ്രീനാഥ് ഭാസിയുമൊത്ത് ചിത്രീകരണത്തിനൊരുങ്ങിയിരുന്ന സിനിമകൾ പ്രതിസന്ധിയിലായി. നേരത്തെ നിർമ്മാതാവുമായുള്ള തർക്കത്തിന്റെ പേരിൽ യുവതാരം ഷെയിൻ നിഗത്തെയും നിർമ്മാതാക്കളുടെ സംഘടന വിലക്കിയിരുന്നു.

അതേസമയം ഇന്ന് രാവിലെയാണ് അഭിമുഖത്തിനിടെ അപമാനിച്ചെന്ന കേസ് പിൻവലിക്കാൻ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. പരാതിയിൽ ഒത്തു തീർപ്പിലെത്തിയെന്നും പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്നും അവർ കോടതിയെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞെന്നും അതിനാൽ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്നുമാണ് ഹർജിയിൽ വ്യക്തമാക്കിയത്. എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിയും കോടതിയെ സമീപിച്ചു. ഇക്കഴിഞ്ഞ 21 ന് കൊച്ചിയിലെ നക്ഷത്രഹോട്ടലിൽ അഭിമുഖത്തിനിടെ പരസ്യമായി അസഭ്യം പറഞ്ഞന്നായിരുന്നു അവതാരക പൊലീസിൽ നൽകിയ പരാതി.