അഹമ്മദാബാദ്: അഫ്ഗാനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് ഇന്ത്യയിലേക്ക് ഒഴുകുമ്പോൾ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്ര ഏജൻസികൾ. ഗുജറാത്തിനു സമീപം കടലിൽ പിടിയിലായ പാക്ക് ബോട്ടിൽനിന്ന് 50 കിലോ ഹെറോയിൻ പിടിച്ചെടുത്തു. തൊട്ടു മുമ്പ് 1200 കോടിയുടെ ഹെറോയിൻ കൊച്ചി തീരത്തും പിടിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നും പാക്കിസ്ഥാനിൽനിന്നും ഇന്ത്യയിലേക്ക് കടത്തുകയായിരുന്ന മയക്കുമരുന്ന് മുംബൈയിലും ഗുജറാത്തിലുമായി കഴിഞ്ഞ ദിവസവും പിടികൂടി. ഇന്ത്യയിലെ ഒരു വമ്പൻ സ്രാവ് ഇതിന് പിന്നിലുണ്ടെന്ന് അന്വേഷണ ഏജൻസികൾക്ക് വിലയിരുത്തുന്നു. എന്നാൽ ഇയാളെ കുറിച്ച് സൂചനകളൊന്നും കിട്ടുന്നതുമില്ല.

ഗുജറാത്തിൽ 350 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് 5 ചാക്കുകളിലാക്കിയാണ് പാക്കിസ്ഥാനിലെ ലഹരിമാഫിയ ഇന്ത്യയിലേക്കു കടത്താൻ ശ്രമിച്ചതെന്ന് ഇന്ത്യൻ തീരസംരക്ഷണ സേനയും ഗുജറാത്ത് ലഹരിവിരുദ്ധ സേനയും അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന 6 പേരെ അറസ്റ്റ് ചെയ്തു. ഇവർ കറാച്ചി സ്വദേശികളാണ്. ലഹരിമരുന്ന് ആർക്കുവേണ്ടിയാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുന്നു. ബോട്ടിലുള്ളവർക്ക് ഇതേ കുറിച്ച് ഒന്നും അറിയില്ലെന്നാണ് പറയുന്നത്. വൻ മാഫിയ ഇന്ത്യൻ കടലിൽ മയക്കു മരുന്ന് കടത്തിൽ സജീവമാണ്. ഇതിന്റെ വേരുകൾ കണ്ടെത്താനാകും കേന്ദ്ര ഏജൻസികളുടെ ശ്രമം.

കൊച്ചി തീരത്ത് 1400 കോടി രൂപയുടെ ഹെറോയിനുമായി പിടിയിലായ ആറുപേരും ഇറാൻകാരായിരുന്നു. ഇവർക്ക് പിന്നിൽ കുപ്രസിദ്ധ ആയുധ-ലഹരി കടത്തുകാരൻ ഹാജി സലിമും സംഘവുമെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നോട്ടപ്പുള്ളിയാണ് പാക്കിസ്ഥാൻകാരനായ ഹാജി സലിം. ഇന്ത്യൻ തീരസേനയുടെ കണ്ണുവെട്ടിക്കാൻ അഫ്ഗാനിസ്ഥാനിൽനിന്ന് പാക്കിസ്ഥാനിൽ എത്തിച്ച ഹെറോയിൻ പുറംകടലിൽ വച്ചാണ് ഇറാൻ ബോട്ടിലേക്ക് മാറ്റിയത്. ഇവ ശ്രീലങ്കൻ ബോട്ടിലേക്ക് കൈമാറാൻ വരുമ്പോഴാണ് ഇറാൻ സ്വദേശികൾ പിടിയിലായത്. ഇവരെ ചോദ്യം ചെയ്യുകയാണ്.

'ഹാജി സലിം ഡ്രഗ് നെറ്റ്‌വർക്' സംഘടനയിലൂടെയാണ് ഇയാൾ ആയുധ-ലഹരി കടത്തുകൾക്ക് നേതൃത്വം നൽകുന്നത്. പിടിച്ചെടുത്ത ലഹരിമരുന്ന്, ഭീകരസംഘടനകൾക്കുവേണ്ടിയാണോ കടത്തിയതെന്ന് എൻസിബി അന്വേഷിക്കുന്നുണ്ട്. ലഹരിമരുന്നുപാക്കറ്റുകളിൽ കണ്ട തേൾ, വ്യാളി മുദ്രകളുടെ അർഥം കണ്ടെത്താനും ശ്രമം തുടങ്ങി. എൻഐഎയും അന്വേഷണം നടത്തും. 2021 മാർച്ച് 18ന് ഇന്ത്യൻ തീരത്ത് എകെ 47 തോക്കുകളും ആയിരത്തോളം വെടിയുണ്ടകളുമായി ശ്രീലങ്കൻ ബോട്ട് പിടികൂടിയ സംഭവത്തിനുപിന്നിൽ ഹാജി സലിമായിരുന്നു. ഇയാൾക്കായി ഇന്റർപോൾ സഹായത്തോടെ റെഡ് കോർണർ നോട്ടീസ് ഇറക്കിയിട്ടുണ്ട്. കൊച്ചിയിലേതിന് സമാനമായിരുന്നു ഗുജറാത്തിലെ ഓപ്പറേഷനും.

വെള്ളിയാഴ്ച രാത്രിയാണ് കടലിൽ ദുരൂഹസാഹചര്യത്തിൽ ബോട്ട് കണ്ടതും സേന പിന്തുടർന്നു പരിശോധന നടത്തിയതും. ഉത്തരേന്ത്യയിലും പഞ്ചാബിലും എത്തിക്കാനുള്ള ഹെറോയിനാണ് ഗുജറാത്ത് തീരത്തടുപ്പിക്കാൻ ശ്രമിച്ചത്. സേന വളഞ്ഞതോടെ ബോട്ട് ജീവനക്കാർ അവരുടെ സാറ്റലൈറ്റ് ഫോൺ കടലിലെറിഞ്ഞു. മറ്റൊരു പാക്ക് ബോട്ടിൽനിന്നു സെപ്റ്റംബർ 14ന് 40 കിലോ ലഹരിമരുന്ന് പിടികൂടിയിരുന്നു. ഉത്തരേന്ത്യയിലേക്ക് ഗുജറാത്ത് തീരം വഴി കടത്തുമ്പോൾ കൊച്ചിയിൽ എത്തിക്കുന്നത് ദക്ഷിണേന്ത്യയ്‌ക്കൊപ്പം ശ്രീലങ്കയേയും ലഹരിയിൽ മുക്കാനുള്ള ഹെറോയിനാണ്.

ദക്ഷിണാഫ്രിക്കയിൽനിന്ന് ഗ്രീൻ ആപ്പിൾ ഇറക്കുമതിയെന്ന വ്യാജേന കൊണ്ടുവരികയായിരുന്ന 502 കോടി രൂപ വിലവരുന്ന 50.2 കിലോ കൊക്കെയ്‌നാണ് മുംബൈയിൽ റവന്യു ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട് 1476 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിയതിന് റിമാൻഡിലുള്ള കൊച്ചി അയ്യമ്പുഴ അമലാപുരം സ്വദേശി വിജിൻ വർഗീസിനെ വീണ്ടും അറസ്റ്റുചെയ്തു. ഇതിന് പിന്നിലും തീവ്രവാദ ഇടപെടൽ സംശയിക്കുന്നുണ്ട്.

പാക്കിസ്ഥാനിൽ നിന്നുള്ള 'അൽസാക്കർ' എന്ന ബോട്ടിൽനിന്ന് അന്താരാഷ്ട്രവിപണിയിൽ 350 കോടി രൂപ മതിക്കുന്ന 50 കിലോഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്. തിങ്കളാഴ്ച രാത്രി ഗുജറാത്തിലുള്ള ജക്കാവുതുറമുഖത്തിന് 40 നോട്ടിക്കൽ മൈൽ അകലെവച്ചാണ് സംശയസാഹചര്യത്തിൽ കണ്ട ബോട്ടിനെ തീരരക്ഷാസേന തടഞ്ഞത്. അതിലുണ്ടായിരുന്നവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ടുകപ്പലുകൾ പിന്നാലെയെത്തി ഇവരെ പിടികൂടി.

അഞ്ചുചാക്കുകളിലായാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. പ്രതികളെ ജക്കാവു തുറമുഖത്തെത്തിച്ച് ചോദ്യംചെയ്തുവരുന്നു. ഒരുമാസത്തിനിടെ തീരരക്ഷാസേനയും ഗുജറാത്ത് എ.ടി.എസും സംയുക്തമായി നടത്തുന്ന ആറാമത്തെ നീക്കമാണിത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് റവന്യൂ ഇന്റലിജൻസ് വിഭാഗം ആഗോളവിപണിയിൽ 21,000 കോടി രൂപ മതിക്കുന്ന 3000 കിലോഗ്രാം ഹെറോയിൻ പിടിച്ചിരുന്നു.

:മുംബൈയിൽ പിടികൂടിയ 50.2 കിലോ കൊക്കെയ്ൻ വിജിൻ വർഗീസിന്റെ പേരിൽ ദക്ഷിണാഫ്രിക്കയിൽനിന്ന് ഗ്രീൻ ആപ്പിളുമായെത്തിയ കണ്ടെയ്‌നറിലായിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നവിമുംബൈയിലെ ജെ.എൻ.പി.ടി. തുറമുഖത്തെ കണ്ടെയ്‌നർ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മലപ്പുറം സ്വദേശി മൻസൂർ തച്ചൻപറമ്പിലിന്റെ മോർ ഫ്രഷ് എക്‌സ്‌പോർട്ട്‌സ് എസ്.എ. െപ്രെവറ്റ് ലിമിറ്റഡാണ് ആപ്പിൾ അയച്ചതെന്ന് കണ്ടെത്തി.

അന്താരാഷ്ട്രതലത്തിൽ മയക്കുമരുന്ന് കയറ്റിയയയ്ക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് മൻസൂർ തച്ചൻപറമ്പിലെന്നും ഇയാൾ ഇപ്പോൾ ജോഹന്നാസ്ബർഗിലുണ്ടെന്നും ഇന്റർപോളിന്റെ സഹായത്തോടെ ഇയാളെ ഇന്ത്യയിലെത്തിക്കുമെന്നും ഡി.ആർ.ഐ. വ്യക്തമാക്കി. പരിശോധനകൾ ഒഴിവാക്കുന്നതിനായി മൻസൂറും വിജിൻ വർഗീസും മതിയായ രേഖകളില്ലാതെ വാട്സാപ്പ് സന്ദേശങ്ങൾവഴി പരസ്പരധാരണയിൽ കുറെക്കാലമായി പഴവ്യാപാരം നടത്തുകയായിരുന്നു.

കോവിഡ് കാലത്ത് ദുബായിലേക്ക് മുഖാവരണങ്ങൾ കയറ്റിയയക്കാൻ വിജിൻ വർഗീസിനെ മൻസൂർ സഹായിച്ചിരുന്നു. പിന്നീടാണ് ഇവർ പഴവ്യാപാരത്തിലേക്ക് കടന്നത്.