മുംബൈ: പഴം ഇറക്കുമതിയുടെ മറവിൽ 1476 കോടിയുടെ മയക്കുമരുന്ന് കടത്തിയ മലയാളിയാായ വിജിൻ വർഗ്ഗീസ് വീണ്ടും അറസ്റ്റിൽ. കാലടി മഞ്ഞപ്ര സ്വദേശിയായ വിജിൻ വർഗീസിനെ 502 കോടി രൂപയുടെ മറ്റൊരു ലഹരിക്കേസിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് മുംബൈയിൽ അറസ്റ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗ്രീൻ ആപ്പിൾ ഇറക്കുമതിയുടെ മറവിൽ 50 കിലോഗ്രാം കൊക്കെയ്ൻ കടത്തിയ കേസിലാണ് അറസ്റ്റ്. ആപ്പിൾ പെട്ടികൾക്കിടയിൽ ഒളിപ്പിച്ചാണ് ലഹരിമരുന്നു കടത്തിയത്. ആദ്യത്തെ കേസിൽ ഡിആർഐയുടെ കസ്റ്റഡിയിലിരിക്കെയാണ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിജിൻ വർഗീസ് അയച്ച കണ്ടെയ്നറിൽ നിന്നാണ് വീണ്ടും ലഹരിമരുന്നുകൾ പിടികൂടിയത്. വിജിന്റെ യെമിറ്റോ ഫുഡ് ഇന്റർനാഷണലിന്റെ മറവിൽ കണ്ടെയ്നറിലൂടെ കടത്താൽ ശ്രമിച്ച 1476 കോടി രൂപയുടെ ലഹരി മരുന്ന് നേരത്തെ പിടികൂടിയിരുന്നു. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് പുലർച്ചെ വീണ്ടും മയക്കുമരുന്ന് പിടിച്ചെടുത്തത്. രാജ്യത്ത് മലയാളികൾ ഉൾപ്പെടുന്ന ഏറ്റവും വലിയ ലഹരി കടത്താണിത്. മൻസൂർ തച്ചംപറമ്പിലിന്റെ എന്നയാളുടെ ഉടമസ്ഥതയിൽ ജോഹന്നനാസ് ബർഗിലുള്ള മോർ ഫ്രഷ് ഇന്റർനാഷണൽ കമ്പനി മുഖേനയാണ് കാലടിയിലുള്ള വിജിൻസ് വർഗീസിന്റെ യെമിറ്റോ എന്റർപ്രൈസിലേക്ക് ഈ കണ്ടെയ്നർ ഇറക്കുമതി ചെയ്തിട്ടുള്ളതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരങ്ങൾ. ലഹരിമരുന്ന് കടത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന മലപ്പുറം കോട്ടയ്ക്കൽ തച്ചൻപറമ്പൻ മൻസൂറിനായി ഡിആർഐ സംഘം ഇന്റർപോളിന്റെ അടക്കം സഹായം തേടിയിട്ടുണ്ട്.

വിജിനും മൻസൂറും കടത്തിയത് 1978 കോടിയുടെ മയക്കുമരുന്ന്

പഴം ഇറക്കുമതിയുടെ മറവിൽ വിജിനും മൻസൂറും ഇന്ത്യയിലേയ്ക്ക് കടത്തിയത് 1978 കോടിയുടെ മയക്കുമരുന്നെന്നാണ് ഡിആർഐയുടെ റിപ്പോർട്ട്. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ, 2018 മുതൽ ഇവർ ഇത്തരത്തിലുള്ള ഇടപാട് നടത്തിയെന്നാണ് പറയുന്നത്. ഗ്രീൻ ആപ്പിൾ സൂക്ഷിച്ച കണ്ടെയ്‌നറിലായിരുന്നു കൊക്കെയ്ൻ കടത്തിയത്. അതേസമയം, ഗുജറാത്ത് തീരത്ത് പാക് ബോട്ടിൽ നിന്ന് 50 കിലോ ഹെറോയിൻ പിടിച്ചെടുത്ത സംഭവത്തിലും ഇവർക്ക് ബന്ധമുണ്ടോയെന്ന സംശയത്തിലാണ് അന്വേഷണ സംഘം.

സെപ്റ്റംബർ 30ന് 198 കിലോ വീര്യം കൂടിയ ക്രിസ്റ്റൽ മെത്ത്, ഒമ്പത് കിലോ കൊക്കെയ്ൻ എന്നിവയാണ് മുംബൈ തീരത്ത് വച്ച് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് 1476 കോടി വില വരും. ട്രക്കിൽ കടത്താൻ ശ്രമിക്കുന്നതിനിടെ വഴിയിൽ തടഞ്ഞ് പിടികൂടുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ് ബർഗിൽ നിന്നാണ് ലഹരി മരുന്ന് എത്തിച്ചത്. മുൻപ് പലവട്ടം മൻസൂറുമായി ചേർന്ന് പഴവർഗങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മൻസൂറിന് പങ്കില്ലെന്നാണ് കുടുംബം പറയുന്നത്.

കോവിഡ് കാലത്ത് ദുബായിലേക്ക് മാസ്‌ക് കയറ്റി അയച്ചുള്ള കച്ചവടത്തിലൂടെയാണ് ഇരുവരും സൗഹൃദം തുടങ്ങുന്നത്. പിന്നീട് മറ്റ് ബിസിനസുകളിലും സഹകരിക്കാൻ തീരുമാനിക്കുകയായിരുന്നു.