പത്തനംതിട്ട: എടുക്കുന്ന ലോട്ടറിയൊന്നും അടിക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലാ ഭാഗ്യക്കുറി ഓഫീസ് ലോട്ടറി ഏജന്റ് അടിച്ചു തകർത്തു. നാരങ്ങാനം സ്വദേശി വിനോദാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മിനി സിവിൽ സ്റ്റേഷനിൽ ജില്ലാ ട്രഷറിയോട് ചേർന്ന് പ്രവർത്തിക്കുന്ന ഭാഗ്യക്കുറി ഓഫീസിൽ അതിക്രമം നടത്തിയത്.

എടുക്കുന്ന ലോട്ടറി ഒന്നും അടിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു അക്രമം. ഒരു കാവിമുണ്ട് മാത്രം ധരിച്ച് ഷർട്ടിടാതെയായിരുന്നു വിനോദിന്റെ വരവ്. ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഭാഗ്യക്കുറി ഓഫീസിലേക്ക് കയറുന്നതിന് മുൻപായി കോടതി വളപ്പിലുള്ളവരോട് താൻ ഓഫീസ് അടിച്ചു തകർക്കാൻ പോവുകയാണെന്ന് ഇയാൾ പറഞ്ഞിരുന്നു.

ഓഫീസിലേക്ക് കടന്നു ചെന്ന ഇയാൾ റിസപ്ഷനിലിരുന്ന ജീവനക്കാരിക്ക് നേരെ തട്ടിക്കയറി. തുടർന്ന് അവരുടെ മേശപ്പുറത്തിരുന്ന പ്രിന്റർ എറിഞ്ഞുടച്ചു. പിന്നാലെ അസഭ്യം പറഞ്ഞു കൊണ്ട് കമ്പ്യൂട്ടർ മോണിട്ടർ അടിച്ചു തകർത്തു. ജീവനക്കാർ ഇടപെട്ടപ്പോൾ ഇയാൾ അവരെയും കൈയേറ്റം ചെയ്യാൻ മുതിർന്നു. ഓഫീസിൽ നിന്നു കൊണ്ട് വെല്ലുവിളി തുടർന്ന ഇയാളെ പൊലീസ് എത്തി സ്റ്റേഷനിലേക്ക് മാറ്റി.

അവിടെ കൂടിയവരെയെല്ലാം നോക്കി സലാം വച്ചു കൊണ്ടാണ് ഇയാൾ പൊലീസ് വാഹനത്തിലേക്ക് കയറിയത്. ലോട്ടറികൾക്ക് സമ്മാനം നൽകാതെ കബളിപ്പിക്കുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് വിനോദ് മാധ്യമങ്ങളോട് പറഞ്ഞു. ലോട്ടറി ഓഫീസ് കത്തിക്കും എന്ന് പറഞ്ഞാണ് ആക്രമണം നടത്തിയതെന്ന് ജീവനക്കാർ പറഞ്ഞു. ഇയാൾ മദ്യലഹരിയിലാണെന്ന് സംശയിക്കുന്നു.

ലോട്ടറി കച്ചവടത്തിന് പുറമേ വിശേഷ ദിവസങ്ങളിൽ വിനോദ് ഗാന്ധിജിയുടെ വേഷം കെട്ടാറുണ്ട്. ഒറ്റയാൻ സമരത്തിലൂടെ പല വിഷയങ്ങൾക്കുമെതിരേ ഇയാൾ പ്രതികരിക്കാറുണ്ട്. ഭാഗവത സപ്താഹ പരിപാടികളിൽ കുചേലന്റെ വേഷവും കെട്ടാറുണ്ട്.