കണ്ണൂർ: മാഹിയിൽ മദ്യപിച്ച് ലക്കുകെട്ട യുവതിയുടെ പരാക്രമത്തിൽ കേസെടുത്ത് പൊലീസ്.ഇന്നലെ വൈകിട്ടോടെ മാഹി പന്തക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പന്തോക്കാവിന് സമീപമാണ് മദ്യലഹരിയിൽ കാറോടിച്ച് വന്ന യുവതി ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടർ ഇടിച്ചിട്ടത്.മൂഴിക്കരയിലെ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിലാണ് യുവതിയുടെ കാറിടിച്ചത്.വടക്കുമ്പാട് കൂളിബസാറിലെ റസീനയാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുകയും ചോദ്യം ചെയ്ത നാട്ടുകാരെ കൈയേറ്റം ചെയ്യുകയും ചെയ്തത്.

ഇവരോടിച്ച കാറിടിച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് ദമ്പതികൾക്കും കുട്ടിക്കും പരിക്കേറ്റു.അപകടം നടന്നയുടനെ പരിസരവാസികൾ കൂട്ടമായി എത്തിയതോടെ യുവതി കാറിൽ നിന്നിറങ്ങുകയും പെട്ടന്നുതന്നെ അക്രമാസക്തമാകുകയുമായിരുന്നു.യുവതി മദ്യപിച്ചിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് നാട്ടുകാർ ഇവരെ ചോദ്യം ചെയ്തു.തുടർന്ന് ബൈക്ക് യാത്രക്കാരനായ പാനൂർ സ്വദേശിയുടെ മൊബൈൽ ഫോൺ യുവതി എറിഞ്ഞുടച്ചു.പരിസരത്ത് ഓടി വന്ന മറ്റു ചിലരേയും യുവതി കയ്യേറ്റം ചെയ്തു.

യുവതിയുടെ പരാക്രമം തുടർന്നതോടെ നാട്ടുകാർ പന്തക്കൽ പൊലീസിൽ വിവരമറിയിച്ചു.തുടർന്നാണ് എസ്‌ഐ.പി.പി. ജയരാജൻ, എഎസ്ഐ.എ.വി.മനോജ് കുമാർ എന്നിവരടങ്ങുന്ന പൊലീസ് സംഘമെത്തി യുവതിയെ കസ്റ്റഡിയിലെടുത്തത്.വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ റസീന മദ്യപിച്ചതായി പന്തക്കൽ പൊലീസ് പറഞ്ഞു.യുവതി ഓടിച്ചു വന്ന ബലേറൊ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവതിയുടെ കൂടെ ബന്ധുക്കളുണ്ടായിരുന്നുവെന്നാണ് വിവരം.സംഭവത്തിൽ റസീനക്കെതിരെ കേസെടുത്തതായി പന്തക്കൽ പൊലിസ് പറഞ്ഞു.മദ്യത്തോടൊപ്പം ഇവർ മയക്കുമരുന്നും ഉപയോഗിക്കാറുണ്ടോയെന്ന കാര്യവും പൊലിസ് അന്വേഷിച്ചുവരികയാണ്.സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരെയും ഇവരുടെ പരാക്രമം ചോദ്യം ചെയ്ത യുവാക്കളെയുമാണ് യുവതി കൈയേറ്റം ചെയ്തത്.യുവതിയുടെ ഒരുമണിക്കൂർ നീണ്ട വിളയാട്ടത്തെ തുടർന്ന് ഒരുമണിക്കൂറോളം ഗതാഗതം മുടങ്ങുകയും ചെയ്തു.