കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ വെട്ടിലായി ഡിവൈഎഫ്‌ഐ. കേസിൽ ആദ്യം പൊലീസിനെ വെല്ലുവിളിച്ചു നടന്നവർ ഇപ്പോൾ ശരിക്കും കേസിൽ കുടുങ്ങിയ അവസ്ഥയിലാണ. അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ ഹുങ്കിലാണ് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ ഇവർ മർദ്ദിച്ചത്. എന്നാൽ കേസ് മുറുകിയതോടെ പൊലീസിനെ ഭീഷണിപ്പെടുത്തിയാണ് ഡിവൈഎഫ്‌ഐ നേതാക്കൾ ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്.

സംഭവത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയതോടെ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ രംഗത്തുവന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.സി. ഷൈജുവാണ് പൊലീസിനെതിരെ രംഗത്തുവന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ പ്രതികളായ ഡിവൈഎഫ്ഐ. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയതിന് പിന്നാലെയാണ് കമ്മീഷണറെ വിമർശിച്ചുകൊണ്ട് ഡിവൈഎഫ്ഐ. ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്.

സമൂഹത്തിനകത്ത് എല്ലാവർക്കും നീതി ഉറപ്പാക്കുന്ന സർക്കാരാണ് കേരളത്തിലെ സർക്കാർ. എന്നാൽ കോഴിക്കോട്ടെ കമ്മിഷണർ പ്രതികൾക്ക് സ്വാഭാവികനീതി നിഷേധിക്കുന്ന സമീപനമാണ് ഈ കേസിൽ സ്വീകരിച്ചിരിക്കുന്നത്- പി.സി. ഷൈജു ആരോപിച്ചു. പ്രതിയാണെന്ന് പൊലീസ് പറയുന്നവരിൽ ഒരാളുടെ ഭാര്യയെ പോലും പൊലീസ് അപമാനിക്കുന്ന സമീപനം ഉണ്ടായി. മറ്റ് പല നിരപരാധികളുടേയും വീട്ടിൽ പൊലീസ് കയറി. ഇത്തരത്തിൽ നിരപരാധികളെ വേട്ടയാടുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.

ഡിവൈഎഫ്ഐ. നേതാക്കളുടെ ഭാര്യമാരും കുടുംബാംഗങ്ങളും തെരുവിൽ വേട്ടയാടപ്പെടേണ്ടവരുമാണെന്ന പൊതുബോധത്തിലേക്കാണ് സിറ്റി പൊലീസ് കമ്മിഷണർ കാര്യങ്ങൾ കൊണ്ടെത്തിക്കുന്നത്. കമ്മിഷണറുടേത് വ്യക്തിപരവും രാഷ്ട്രീയപരവുമായ താത്പര്യമാണ്. ഇതിനെതിരെ യുവജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കും. ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്നും ഷൈജു പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിൽ അറസ്റ്റിലായ അഞ്ച് ഡിവൈഎഫ്ഐ. പ്രവർത്തകരേയും കസ്റ്റഡിയിൽ വിട്ടു. ഡിവൈഎഫ്ഐ. നേതാവ് അരുൺ ഉൾപ്പടെയുള്ളവരെയാണ് കസ്റ്റഡിയിൽ വിട്ടത്. ഞായാറാഴ്ച വൈകുന്നേരം വരെയാണ് കസ്റ്റഡി.

കേസിലെ ഇരകളുടെ അഭിഭാഷകയെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ കേസ് മറ്റൊരു തരത്തിലേക്ക് പോകുകയിയിരുന്നു. സുപ്രീംകോടതി അഭിഭാഷകയായ ബബിലാ ഉമ്മർഖാനാണ് കോഴിക്കോട് ജില്ലാ കോടതിയിൽ വച്ച് ഭീഷണി നേരിടേണ്ടി വന്നത്. കയ്യും കാലും വെട്ടുമെന്നായിരുന്നു ഭീഷണി. നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് ബിബില വ്യക്തമാക്കിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാർക്ക് മർദനമേറ്റ കേസിൽ സ്വകാര്യഹർജി നൽകാൻ ഇക്കഴിഞ്ഞ 13ന് കോടതിയിൽ എത്തിയതായിരുന്നു അഭിഭാഷക ബബിലാ ഉമ്മർഖാൻ.

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ചിലേക്ക് വരുമ്പോഴാണ് ഭീഷണി നേരിട്ടത്. കോടതിയിൽ എത്തിയ ആളുകളിൽ നിന്നായിരുന്നു ഭീഷണി. തൊട്ടടുത്ത ദിവസം പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോൾ പ്രതികൾ പുറത്തിറങ്ങിയാൽ തന്റെ ജീവനു ഭീഷണിയുണ്ടാകുമെന്ന് അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു. ഇതിനു പുറമേ മറ്റൊരു സ്വകാര്യ ഹർജിയും ഫയൽ ചെയ്തു.

സുരക്ഷാ ജീവനക്കാരനെ ചവിട്ടിയ ചെരുപ്പ് ആയുധമായി കണക്കാക്കി 326ാം വകുപ്പ് കൂടി ചേർക്കണമെന്നാണ് ആവശ്യം. ഒപ്പം സിസിടിവി ക്യാമറ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ മെഡിക്കൽ കോളജ് സൂപ്രണ്ട് നേരിട്ട് ഈ ദൃശ്യങ്ങൾ കോടതിയെ ഏൽപ്പിക്കണമെന്നും സ്വകാര്യ ഹർജിയിലൂടെ ആവശ്യപ്പെടുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരെ മർദിച്ച സംഭവത്തിൽ പ്രതികളായ ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ പുതിയ വകുപ്പ് കൂടി പൊലീസ് ചുമത്തിയിരുന്നു. ഐപിസി 333 ആണ് ചുമത്തിയിരിക്കുന്നത്. പൊതുസേവകരുടെ ജോലി തടസപ്പെടുത്തുകയും മർദിച്ചതിന്റെയും പേരിലാണ് പുതിയ വകുപ്പ്. പത്തുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പുതിയ വകുപ്പ് ചുമത്തിയ പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.