ആലപ്പുഴ: ചേർത്തല നെടുമ്പ്രക്കാട് ഡിവൈഎഫ്‌ഐ പ്രവർത്തകന് കുത്തേറ്റു. യൂണിറ്റ് സെക്രട്ടറി അരുണിനാണ് ഇന്നലെ രാത്രി കുത്തേറ്റത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം അരുണിനെ കുത്തിയ ശേഷം അതേ ബൈക്കിൽ തന്നെ രക്ഷപ്പെടുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. വീട്ടിൽ അമ്മയോടൊപ്പം കാപ്പി കുടിച്ചു കൊണ്ടിരുന്ന അരുണിനെ വീടിന് പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. നാട്ടിൽ തന്നെയുള്ള പരിചയമുള്ള യുവാക്കളായതിനാൽ അരുൺ അവരൊടാപ്പം മുറ്റത്തേക്കിറങ്ങുകയും ചെയ്തു. റോഡിലെത്തിയതോടെ മർദ്ദിക്കുകയും കത്തിക്ക് കുത്തുകയുമായിരുന്നു.

വയറിന് മീതെ കുത്തേറ്റ അരുണിന്റെ കരച്ചിൽ കേട്ട് അകത്ത് നിന്നും ഓടിവന്ന അമ്മയൊട് അകത്തേക്ക് പോകാൻ പറഞ്ഞ അരുൺ പിന്നാലെ വീടിനുള്ളിലേക്ക് ഓടിക്കയറി. ചോരയൊലിച്ച് വീടിനുള്ളിലേക്ക് കയറിയ അരുണിനെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വയറിനു കുത്തേറ്റ അരുണിനെ ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

യുവാവിന് ലഹരി മരുന്നിന്റെ ഇടപാടുള്ളതായും  വിവരമുണ്ട്. ലഹരി ഇടപാടിനെ സംബന്ധിച്ച മുൻവൈരാഗ്യമാണ് കത്തി കുത്തിലേക്ക് എത്തിയതെന്നാണ് വിവരം. അരുണിന്റെ ആരോഗ്യനില ഗുരുതരമാണെന്നും റിപ്പോർട്ട് ഉണ്ട്. മുൻവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.

അരുണിനെ കുത്താനുപയോഗിച്ച കത്തി പൊലീസ് റോഡിൽ നിന്നും കണ്ടെത്തി. അരുണിനെ കുത്തിയതെന്ന് സംശയിക്കുന്ന ഒരാളുടെ വീടിനുനേരെ ഇന്നലെ രാത്രി ആകമണമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥയെ തുടർന്ന് പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.