പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലപാതക കേസ് അന്വേഷിക്കുന്ന ഡിവൈഎസ്‌പിക്ക് വധഭീഷണി. നർക്കോട്ടിക്ക് ഡിവൈഎസ്‌പി അനിൽ കുമാറിനെതിരെയാണ് ഭീഷണി. വിദേശത്ത് നിന്നും ഇന്നലെ രാത്രി ഒൻപതരക്കാണ് ഭീഷണി കോളെത്തിയത്. 'ശവപ്പെട്ടി തയ്യാറാക്കി വെച്ചോളു' എന്നായിരുന്നു ഫോണിലൂടെ എത്തിയ ഭീഷണി. പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതിലാണ് ഭീഷണി.

പാലക്കാട് നിന്നും പോകുന്നതിന് മുൻപ് ശവപ്പെട്ടി തയ്യാറാക്കി വെക്കാൻ പറഞ്ഞതായി ഡിവൈഎസ്‌പി പരാതിയിൽ പറയുന്നു. സംഭവത്തിൽ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു.ശ്രീനിവാസൻ കേസിൽ മികച്ച രീതിയിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനാണ് അനിൽകുമാർ.

അതേസമയം ശ്രീനിവാസൻ കൊലപാതക കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. പിഎഫ്‌ഐ ഏരിയ പ്രസിഡന്റ് അൻസാർ, അഷറഫ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഒളിവിൽ കഴിയുകയായിരുന്നു. കേസിൽ എസ്ഡിപിഐ സംസ്ഥാന കമ്മറ്റിയംഗം അമീർ അലിയെ ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചന, പ്രതികളെ സഹായിക്കൽ, തെളിവ് നശിപ്പിക്കൽ കുറ്റത്തിനാണ് അമീർ അലിയെ അറസ്റ്റ് ചെയ്തത്.

ശ്രീനിവാസൻ കൊലപാതകത്തിന് തലേദിവസവും അതേദിവസവും പാലക്കാട് ജില്ലാ ആശുപത്രിയിൽ നടന്ന ഗൂഢാലോചനയിൽ അമീർ അലി മുഖ്യപങ്ക് വഹിച്ചതായി കണ്ടെത്തിയിരുന്നു.കേസിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി ഉൾപ്പടെ 34 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. 45 പ്രതികളാണ് കേസിലുള്ളത്.

എലപ്പുള്ളിയിൽ പോപ്പുലർഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ വർഷം ഏപ്രിൽ 16ന് ആർ എസ് എസ് നേതാവ് ശ്രീനിവാസനെ പോപ്പുലർഫ്രണ്ട് പ്രവർത്തകർ കടയിൽ കയറി വെട്ടിക്കൊന്നത്.

ആർഎസ്എസ് നേതാവ് എലപ്പുള്ളി സ്വദേശി സഞ്ജിതിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിരുന്നു സുബൈർ വധം. സുബൈർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ശ്രീനിവാസനെ കൊലപ്പെടുത്തുന്നത്. 24 മണിക്കൂറിനുള്ളിൽ പ്രതികാരം ചെയ്യണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൊലപാതകം