- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവശങ്കറിന്റെ പങ്ക് വ്യക്തമായപ്പോൾ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു; സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല; കേസിൽ ഉന്നതരുടെ പങ്ക് വ്യക്തമാക്കിയാണ് രഹസ്യമൊഴി; നിക്ഷ്പക്ഷവുമായ വിചാരണക്കായാണ് ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്; സത്യവാങ്മൂലത്തിൽ നിലപാടറിയിച്ച് ഇഡി
ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചു എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. സ്വർണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്ന് ഇഡി സുപ്രീംകോടതിയെ അറയിച്ചു. കേസിന്റെ വിചാരണ കേരളത്തിൽനിന്ന് ബെംഗളുരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഇ.ഡി സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം ഫയൽചെയ്തത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയെങ്കിലും പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
സ്വപ്‌നയുടെ രഹസ്യമൊഴി രാഷ്ട്രീയ ്‌ലക്ഷ്യത്തോടെയല്ലെന്നും ഇ ഡി വിശദീകരിച്ചു. സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി ഫയൽചെയ്തത് രാഷ്ട്രീയ താത്പര്യത്തോടെയല്ലെന്നാണ് ഇ ജി വ്യക്തമാക്കിയിരിക്കുന്നത്. ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്തെ ഡെപ്യുട്ടി ഡയറക്ടർ ദേവ് രഞ്ചൻ മിശ്രയാണ് മറുപടി സത്യവാങ്മൂലം ഫയൽചെയ്തത്. കേസിൽ ഉന്നതരുടെ പങ്ക് വ്യക്തമാക്കികൊണ്ടുള്ള രഹസ്യ മൊഴിയാണ് സ്വപ്ന സുരേഷ് നൽകിയത്. ക്രിമിനൽ നടപടി ചട്ടം 164 പ്രകാരം സ്വന്തന്ത്ര ജുഡീഷ്യൽ ഫോറത്തിന് മുമ്പാകെയാണ് രഹസ്യ മൊഴി നൽകിയത്.
ഇതിൽ നിന്നു തന്നെ മൊഴി മറ്റാരുടെയും സ്വാധീനത്താൽ അല്ല നൽകിയതെന്ന് വ്യക്തമാണെന്ന് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് എം. ശിവശങ്കർ ഉന്നയിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്. ഉന്നത വ്യക്തികൾ ഉൾപ്പെട്ട സ്വർണക്കടത്തിനെ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. ചില കാര്യങ്ങൾ മൂടിവെക്കാനും സർക്കാരിന്റെ വിശ്വാസ്യത കൂട്ടാനുമായിരുന്നു ഇത്തരം ഒരു കത്ത് ആദ്യ ഘട്ടത്തിൽ എഴുതിയത്. അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് എഴുതിയ കത്തിനെ കുറിച്ചും മറുപടി സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്. കത്തുകൾ എഴുതിയതല്ലാതെ അന്വേഷണത്തിന് ഒരു സഹകരണവും സർക്കാർ സംവിധാനങ്ങൾ ചെയ്തില്ല.
അന്വേഷണം അട്ടിമറിക്കാനും തെളിവുകൾ നശിപ്പിക്കാനും വിവിധ ശ്രമങ്ങൾ സംസ്ഥാനസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതായും ഇ.ഡി ആരോപിക്കുന്നു.സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ പി.എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തതാനും സംസ്ഥാന സർക്കാരും കേരള പൊലീസും ശ്രമിക്കുകയാണ്. എം. ശിവശങ്കറിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. വിചാരണ അട്ടിമറിച്ച് കേസിൽ ഉൾപ്പെട്ട ചില ഉന്നതരെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ഇത്തരം പ്രവർത്തങ്ങളിൽ ഏർപ്പെടുന്നത്.
കേരളത്തിൽ സ്വതന്ത്രവും നിക്ഷ്പക്ഷവുമായ വിചാരണ നടക്കുമോയെന്ന ആശങ്ക ഉള്ളതിനാലാണ് ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്. വിചാരണ മാറ്റണമെന്ന ആവശ്യത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഇ.ഡി ഫയൽചെയ്ത ട്രാൻസ്ഫർ ഹർജി നവംബർ മൂന്നിന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ഇതിന് മുന്നോടിയായാണ് ഇ.ഡി സുപ്രീം കോടതിയിൽ എം. ശിവശങ്കറിന്റെ സത്യവാങ്മൂലത്തിന് മറുപടി ഫയൽ ചെയ്തിരിക്കുന്നത്.
അതിനിടെ തന്നെ സസ്‌പെൻഡ്‌ചെയ്ത സർക്കാർ ഉത്തരവുകൾ റദ്ദാക്കി ആ കാലയളവുകൾ സർവീസിന്റെ ഭാഗമായി കണക്കാക്കണമെന്നാവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം. ശിവശങ്കർ കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. സ്വർണക്കടത്തു കേസിൽ തന്നെ സസ്‌പെൻഡ് ചെയ്തത് നിയമവിരുദ്ധമാണെന്നാണ് ഹർജിയിൽ പറയുന്നത്. സർക്കാരിന് നോട്ടീസയക്കാൻ നിർദ്ദേശിച്ച ട്രിബ്യൂണൽ, ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. ചീഫ് സെക്രട്ടറി, ജനറൽ അഡ്‌മിനിസ്ട്രേഷൻ സെക്രട്ടറി എന്നിവരോട് വിശദീകരണവും തേടിയിട്ടുണ്ട്.
2023 ജനുവരിയിലാണ് സർവീസ് അവസാനിക്കുന്നത്. അതിനുമുൻപ് 2020 ജൂലായ് 17 മുതൽ 2022 ജനുവരി ഒന്നുവരെയുള്ള സസ്‌പെൻഷൻ കാലാവധി റദ്ദാക്കി, സർവീസായി കണക്കാക്കണമെന്നാണ് ശിവശങ്കറിന്റെ ആവശ്യം. ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ സസ്‌പെൻഡ് ചെയ്തത്. മാധ്യമവിചാരണയുടെയും ബാഹ്യസമ്മർദത്തിന്റെയും തുടർച്ചയായിട്ടായിരുന്നു ഇത്. രാഷ്ട്രീയതാത്പര്യവും കാരണമായി. സർവീസിൽനിന്ന് സ്വയംവിരമിക്കാനുള്ള അപേക്ഷയും അച്ചടക്കനടപടിയുടെപേരിൽ തള്ളി.
താനുംകൂടി പങ്കാളിയായി നടത്തിയ ഗൂഢാലോചനയുടെ തുടർച്ചയായി നടന്ന സ്വർണക്കടത്തിലൂടെയാണ് സ്വപ്നയ്ക്ക് 1.05 കോടി രൂപ ലഭിച്ചതെന്നായിരുന്നു കസ്റ്റംസ് കണ്ടെത്തിയത്. എന്നാൽ, ഈ പണം ലൈഫ് മിഷൻ പദ്ധതിയുടെ ലഭിച്ച കൈക്കൂലിയായിരുന്നുവെന്നായിരുന്നു ഇ.ഡി. കണ്ടെത്തിയതെന്നും ഹർജിയിൽ പറയുന്നു.
മറുനാടന് ഡെസ്ക്