- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഗോകുലം ഗോപാലനെ വിടാതെ ഇ.ഡി; വീണ്ടും ചോദ്യം ചെയ്യാന്‍ എത്തണമെന്ന് നോട്ടീസ്; നിര്‍ദേശം നല്‍കിയത് ഈമാസം 28ന് ഹാജറാകണമെന്ന്; ഇന്നലെ ചോദ്യം ചെയ്തത് ആറു മണിക്കൂര്‍; കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളില്‍ അടക്കം വിശദമായ പരിശോധന; 595കോടി രൂപയുടെ ഫെമ ചട്ടലംഘനത്തില്‍ കൂടുതല്‍ അന്വേഷണം
ഗോകുലം ഗോപാലനെ വിടാതെ ഇ.ഡി
കൊച്ചി: പ്രമുഖ വ്യവസായി ഗോകുലം ഗോപാലനെ വിടാതെ പിന്തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഗോകുലം ഗ്രൂപ്പുകളിലെ റെയ്ഡുകള്‍ക്ക് ശേഷം തുടര്‍ച്ചയായി അദ്ദേഹത്തിന് പിന്നാലെയാണ് ഇഡി. ഈ മാസം 28ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കി. വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന കേസില്‍ ഗോപാലനെ ഇന്നലെ ആറുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 28ന് എത്താന്‍ ആവശ്യപ്പെട്ടത്. ഗോപാലന്‍ നേരിട്ടോ ഗോകുലം കമ്പനിയുടെ പ്രതിനിധിയോ ഹാജരാകണമെന്നാണ് നോട്ടീസ്.
കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളിലും അദ്ദേഹത്തിന്റെ മൊഴികളിലുമുള്ള പരിശോധനയാണ് നടക്കുന്നത്. 595കോടി രൂപയുടെ ഫെമ ചട്ടലംഘനം പ്രാഥമികമായി ഇഡി കണ്ടെത്തി. എന്നാല്‍ കൂടുതല്‍ തുകയില്‍ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. വിദേശത്ത് നിന്ന് ചട്ടം ലംഘിച്ച് എത്തിയ പണം എന്ത് ആവശ്യത്തിന് ഗോകുലം ഗ്രൂപ്പ് ഇവിടെ ചിലവഴിച്ചു എന്നതിലടക്കമാണ് ഇഡി പരിശോധന. വിവാദമായ എംപുരാന്‍ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ചപ്പോഴാണ് നിര്‍മ്മാതാവിന് ഇഡി ഓഫീസില്‍ കയറി ഇറങ്ങേണ്ടി വരുന്നത്.
നേരത്തെ കോഴിക്കോട്ടും ചെന്നൈയിലുമായി ഗോപാലനെ ഏഴരമണിക്കൂറോളം ചോദ്യംചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി തിങ്കളാഴ്ച ചോദ്യംചെയ്തത്. തിങ്കളാഴ്ച ഉച്ചക്ക് 12.40ഓടെ കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്തത്. ഗോകുലം ഗ്രൂപ് ആര്‍.ബി.ഐ, ഫെമ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇ.ഡി അവകാശപ്പെടുന്നത്.
ചട്ടം ലംഘിച്ച് 592.54 കോടി വിദേശ ഫണ്ട് സ്വീകരിച്ചതായും ഇ.ഡി വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. 370.80 കോടി പണമായും 220.74 കോടി രൂപ ചെക്കായുമാണ് സ്വീകരിച്ചത്. വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറുകയുംചെയ്തു. പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുന്നതായാണ് ഇ.ഡി അധികൃതര്‍ പറയുന്നത്. മൊത്തം 1,000 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് ഗോകുലം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടന്നെന്നാണ് ഇ.ഡി ആരോപണം.
ഗോപാലന്‍ ഡയറക്ടറായ കമ്പനികള്‍ മറ്റ് സ്ഥാപനങ്ങളില്‍ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്. 2022ല്‍ ഇ.ഡി കൊച്ചി യൂനിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണമെന്നും എമ്പുരാന്‍ സിനിമ വിവാദവുമായി നടപടികള്‍ക്ക് ഒരു ബന്ധവുമില്ലെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.
സംശയം തോന്നിയതിനാല്‍ അവര്‍ ചില ചോദ്യങ്ങള്‍ ചോദിച്ചെന്നും അവര്‍ക്ക് അതിന് അധികാരമുണ്ടെന്നും ചോദിച്ചതിനെല്ലാം മറുപടി നല്‍കിയെന്നും ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയ ഗോപാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ഏത് വിഷയവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങളെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല. നോട്ടീസ് നല്‍കിയതു പ്രകാരമാണ് ഇ.ഡി ഓഫിസിലെത്തിയതെന്നും വിളിപ്പിച്ചതെന്തിനെന്നറിയില്ലെന്നും ഇ.ഡി മുമ്പാകെ ഹാജരാകാന്‍ എത്തിയപ്പോള്‍ ഗോപാലന്‍ പറഞ്ഞിരുന്നു.
സിനിമ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തത്. മറ്റ് ക്രമക്കേടുകള്‍ നടത്തിയിട്ടില്ല. ഇ.ഡി ഒന്നരക്കോടി പിടിച്ചെടുത്തെന്ന് പറയുന്നത് വ്യാജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈക്ക പ്രൊഡക്ഷനില്‍ നിന്നും നിര്‍മ്മാണ ഉത്തരവാദിത്തം ഏറ്റെടുത്തതും പണമിടപാടുകളും ഗോകുലം ഗോപാലനില്‍ നിന്നും തിരിക്കിയതായാണ് വിവരം.
ഏറെ വിവാദമായ എമ്പുരാന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ് ഗോകുലം ഗോപാലന്‍. ഈ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം നേടിയതിന് പിന്നാലെയാണ് ഗോകുലം ഓഫീസുകളില്‍ ഇഡി റെയ്ഡ് നടത്തുകയും ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുകയും ചെയ്തത്. ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തതിന് കാരണം എമ്പുരാനാണെന്ന് നേരത്തെ ആര്‍ എസ് എസ് മുഖമാസികയായ ഓര്‍ഗനൈസര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എല്‍ടിടിഇ ബന്ധവും ഗോകുലത്തിനെതിരായ നടപടിക്ക് പിന്നിലുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഓര്‍ഗൈനസറിന്റെ വെബ് എഡിഷനിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുള്ളത്.
ബ്രിട്ടീഷ് പൗരനും ശ്രീലങ്കയില്‍ ജനിച്ചതുമായ സുബാസ്‌കരന്‍ അല്ലിരാജ 2014 ല്‍ സ്ഥാപിച്ച ലൈക്ക പ്രൊഡക്ഷന്‍സ് എന്ന കമ്പനിയാണ് എമ്പുരാന്‍ നിര്‍മ്മിച്ചത്. നിരോധിത ശ്രീലങ്കന്‍ തമിഴ് തീവ്രവാദ സംഘടനയുമായും വിദേശത്തുള്ള എല്‍ടിടിഇയുമായും ജിഹാദി സംഘടനകളുമായും ലൈക്ക പ്രൊഡക്ഷന്‍സിനെ ബന്ധപ്പെടുത്തി ആരോപണങ്ങളുണ്ട്. പിന്നീട് ലൈക്ക എമ്പുരാനില്‍ നിന്ന് പിന്മാറി, ഗോകുലം ഗോപാലന്‍ പിന്നീട് അതിന്റെ നിര്‍മ്മാണം ഏറ്റെടുത്തു. ചിത്രത്തിന്റെ ധനസഹായത്തില്‍ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അധികൃതര്‍ അന്വേഷിക്കുന്നുവെന്നാണ് ഓര്‍ഗനൈസര്‍ വാര്‍ത്ത.
ഗോകുലം ഗോപാലന് ലൈക്ക പ്രൊഡക്ഷന്‍സുമായും സുബാസ്‌കരന്‍ അല്ലിരാജയുമായും ഉള്ള സാമ്പത്തിക ബന്ധങ്ങള്‍ സൂക്ഷ്മപരിശോധനയിലാണ്. ഗോകുലവുമായുള്ള സാമ്പത്തിക ഒത്തുതീര്‍പ്പിന് ശേഷം ലൈക്ക പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ, ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഒരു ധനകാര്യ സ്ഥാപനമായ ഗോകുലം ചിറ്റ് ഫണ്ടില്‍ നിന്നുള്ള രേഖകളും ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. ഗോകുലം ചിറ്റ് ഫണ്ടിനും ലൈക പ്രൊഡക്ഷന്‍സിനും തമിഴ്നാട്ടില്‍ ജിഎസ്ടി രജിസ്‌ട്രേഷനുണ്ട്, അന്വേഷണം പുരോഗമിക്കുമ്പോള്‍, പരിശോധനയിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നതായി ഓര്‍ഗനൈസര്‍ പറഞ്ഞിരുന്നു.