കൊച്ചി: ഭൂട്ടാന്‍ വാഹന കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം പുരോഗമിക്കുന്നു. സംസ്ഥാനത്ത് 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇഡി അന്വേഷണം. വ്യാജ രേഖകള്‍ ഉപയോഗിച്ച് കാര്‍ ഇറക്കുമതി ചെയ്തെന്ന് കണ്ടെത്തിയ നടന്‍ അമിത് ചക്കാലയ്ക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്.

നടന്‍ ദുല്‍ഖറിനെയും നോട്ടീസ് നല്‍കി വിളിപ്പിക്കും. വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് വാഹനമെത്തിച്ച ഇടനിലക്കാര്‍, കച്ചവടക്കാര്‍, വാഹനം വാങ്ങിയവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഭൂട്ടാന്‍ കാര്‍ കള്ളക്കടത്തിലെ കള്ളപ്പണം ഇടപാടാണ് ഇഡി പരിശോധിക്കുന്നത്.കസ്റ്റംസ് നടത്തിയ 'ഓപ്പറേഷന്‍ നുംഖോര്‍' പരിശോധനയിലാണ് സമീപകാലത്ത് ഭൂട്ടാനുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഏറ്റവും വലിയ വാഹന കള്ളക്കടത്ത് മറനീക്കിയത്.

ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ ഭൂട്ടാനില്‍ നിന്ന് കടത്തിയ വാഹനങ്ങള്‍ പല കൈമറിഞ്ഞ് കേരളത്തില്‍ എത്തിച്ച് ഉപയോഗിക്കുന്നതായി കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.നാല്‍പ്പതോളം വാഹനങ്ങളാണ് സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഇതുവരെ പിടിച്ചെടുത്തത്. 200ഓളം വാഹനങ്ങള്‍ കേരളത്തില്‍ എത്തിച്ചിട്ടുണ്ടാകാം എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ബാക്കിയുള്ളവ കണ്ടെത്താന്‍ മോട്ടോര്‍വാഹന വകുപ്പടക്കമുള്ളവരുടെ സഹായം കസ്റ്റംസ് തേടിയിട്ടുണ്ട്.

രഖകളുടെ പരിശോധന പൂര്‍ത്തിയാക്കിയ ഉടന്‍ താരങ്ങള്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കുമെന്നും നേരിട്ട് ദുല്‍ഖര്‍ അടക്കമുള്ളവരോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കുമെന്നുമാണ് ലഭിക്കുന്ന വിവരം. വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ), കള്ളപ്പണ ഇടപാടുകള്‍, ഹവാല ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ അന്വേഷണം പുരോഗമിക്കുന്നത്. ഫെമയുടെ സെക്ഷന്‍ 3, 4, 8 എന്നിവയുടെ പ്രാഥമിക ലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഇഡിയുടെ കണ്ടെത്തല്‍. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്ത ശേഷം ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

അന്വേഷണത്തിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടേത് ഉള്‍പ്പെടെ 17 സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ താരങ്ങളുടെ വീടുകളിലായിരുന്നു പരിശോധന നടന്നത്. പരിശോധനയില്‍ കേസിന് നിര്‍ണായകമായ ചില രേഖകളും സാമ്പത്തിക ഇടപാട് വിവരങ്ങളും ഇഡി പിടിച്ചെടുത്തു. റെയ്ഡിന് ശേഷം പ്രധാന രേഖകള്‍ സമാഹരിക്കുകയും താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചുവരുത്തി വിശദീകരണങ്ങള്‍ തേടുകയും ചെയ്തിരുന്നു. വ്യാജ രേഖകള്‍ വഴി കാര്‍ ഇറക്കുമതി ചെയ്‌തെന്ന് കണ്ടെത്തിയ നടന്‍ അമിത് ചക്കാലക്കല്‍ അടക്കമുള്ളവര്‍ക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. നടന്‍ ദുല്‍ഖറിനും ഉടന്‍ നോട്ടീസ് നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം.

കേസില്‍ പിഎംഎല്‍എ (കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം) ഉള്‍പ്പെടെ അട്രാക്ട് ചെയ്യുമെന്ന വിലയിരുത്തല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനുണ്ട്. ആദ്യഘട്ടത്തിലെ ചോദ്യം ചെയ്യലിനു ശേഷമായിരിക്കും തുടര്‍ നടപടികളിലേക്ക് കടക്കുക. വാഹന കൈമാറ്റവും അതുമായി ബന്ധപ്പെട്ട പണമിടപാടുകളും ഉള്‍പ്പെടെയുള്ളവയാണ് ഇഡി വിശദമായി പരിശോധിക്കുന്നത്. ഭൂട്ടാന്‍ കാര്‍ കള്ളക്കടത്തിലെ കള്ളപ്പണ ഇടപാടാണ് ഇഡി പരിശോധിക്കുന്നത്.