- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മസാല ബോണ്ടിൽ തോമസ് ഐസക്കിന് പുതിയ നോട്ടീസ് നൽകി ഇഡി
കൊച്ചി: മസാല ബോണ്ട് ഇറക്കിയതിൽ നിയമലംഘനം ആരോപിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്കിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമൻസ്. ഈ മാസം 12ന് ഹാജരാകാനാണ് നിർദ്ദേശം. കിഫ്ബി മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ടാണ് നടപടി. എന്നാൽ ഹാജരാകില്ലെന്ന് ഡോ തോമസ് ഐസക് അറിയിച്ചു. സമൻസ് ലഭിച്ചിട്ടില്ലെന്നും വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. സമൻസ് ലഭിച്ച ശേഷം തീരുമാനം എടുക്കും. ഇ ഡി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. പന്ത്രണ്ടാം തീയതി ഹാജരാകില്ലെന്ന് ടി എം തോമസ് ഐസക് പറഞ്ഞു. ഇ ഡി ബിജെപിയുടെ രാഷ്ട്രീയ ആയുധമാണ് . ഇ ഡി യെ ഭയക്കുന്നില്ലെന്നും ടി എം തോമസ് ഐസക് വിശദീകരിച്ചു.
ആദ്യ നോട്ടിസ് കോടതി നേരത്തേ തടഞ്ഞിരുന്നു. എന്നാൽ അന്വേഷണം തുടരാൻ തടസ്സമില്ലെന്നും പുതിയ നോട്ടിസ് ഇ.ഡിക്ക് അയയ്ക്കാമെന്നും ഹൈക്കോടതി പിന്നീട് വ്യക്തമാക്കിയിരുന്നു. വ്യക്തിഗത വിവരങ്ങൾ ചോദിച്ചെന്ന തോമസ് ഐസക്കിന്റെ ഹർജിയിലായിരുന്നു ആദ്യം നോട്ടിസ് അയയ്ക്കുന്നത് വിലക്കിയത്. ഇഡിയുടെ നടപടിക്കെതിരെ തോമസ് ഐസക് കോടതിയെ സമീപിച്ചെങ്കിലും കേന്ദ്ര ഏജൻസിക്ക് തുടർ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന ഹൈക്കോടതിയുടെ അറിയിപ്പിനെ തുടർന്നാണ് ഈ നടപടി.
ഇഡി തനിക്കെതിരെ തുടർച്ചയായി സമൻസുകൾ അയയ്ക്കുകയാണെന്നും അനാവശ്യ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്റെ പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളുമാണെന്നുമായിരുന്നു തോമസ് ഐസക്കിന്റെ ആദ്യ നോട്ടീസിലെ കോടതിയിലെ വാദം. ബന്ധുക്കളുടെ അടക്കം 10 വർഷത്തെ മുഴുവൻ സാമ്പത്തിക ഇടപാടിന്റെ രേഖകൾ ഹാജരാക്കണമെന്നും സമൻസിൽ അവശ്യപ്പെട്ടുവെന്നും പറഞ്ഞാണ് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് തോമസ് ഐസക്കിന് സമൻസ് അയക്കുന്നത് നിർത്തിവെക്കണമെന്നും എന്നാൽ കേസിൽ അന്വഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്നും കോടതി അറിയിക്കുകയായിരുന്നു.
2019ലാണ് കിഫ്ബി ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കി 2150 കോടി സമാഹരിക്കുന്നത്. പലിശ 9.72%. ഇന്ത്യൻ രൂപയിൽ വിദേശത്ത് ഇറക്കുന്നതാണ് മസാല ബോണ്ട്. ധനസമാഹരണം രൂപയിലായതിനാൽ വിനിമയ നിരക്കിൽ വരുന്ന വ്യത്യാസം ബാധിക്കില്ല എന്നതാണ് നേട്ടം. പലിശ നിരക്ക് കൂടുതലാണെന്നും സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്നുമുള്ള വിമർശനമാണ് പ്രതിപക്ഷം ആദ്യമുയർത്തിയത്. മറ്റ് കമ്പനികൾ ഇറക്കിയ മസാല ബോണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പലിശ കുറവാണെന്നു പറഞ്ഞു സർക്കാർ പ്രതിരോധിച്ചു.
ലാവ്ലിൻ കമ്പനിയിൽ നിക്ഷേപമുള്ള സിഡിപിക്യൂ മസാല ബോണ്ട് വാങ്ങിയതിനു പിന്നിൽ ദുരൂഹതയാരോപിച്ച് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. കനേഡിയൻ പെൻഷൻ ഫണ്ടായ സിഡിപിക്യൂ പലയിടത്തും നിക്ഷേപിച്ചിട്ടുണ്ടാകുമെന്നു പറഞ്ഞ് സർക്കാരും കിഫ്ബിയും ആരോപണം തള്ളിക്കളഞ്ഞു. മസാല ബോണ്ട് ഭരണഘടനാവിരുദ്ധമെന്ന് സിഎജി റിപ്പോർട്ടിൽ രേഖപ്പെടുത്തിയതോടെ വിവാദം ആളിക്കത്തി.
സംസ്ഥാനത്തിനു വിദേശവായ്പയെടുക്കാൻ അധികാരമില്ലെന്ന സിഎജി നിലപാടിനെ കിഫ്ബി ബോഡി കോർപറേറ്റാണ് എന്നു പറഞ്ഞാണ് സർക്കാർ പ്രതിരോധിച്ചത്. കിഫ്ബിക്കെതിരായ വിമർശനങ്ങളെ നിയമസഭയിൽ കൊണ്ടുവന്നു തള്ളുകയും ചെയ്തു. നിയമസഭ തള്ളിക്കളഞ്ഞ സിഎജി വാദങ്ങളാണ് ഇ.ഡി ഇപ്പോൾ ഉന്നയിക്കുന്നത് എന്ന് സർക്കാർ ഹൈക്കോടതിയിലും വാദിച്ചിരുന്നു.